വിന്‍ഡോസ് ഒഎസ് ഇനി ആം ചിപ്പുകള്‍ക്കും

Posted on: 11 Feb 2012


-സ്വന്തം ലേഖകന്‍




മൊബൈല്‍ യുഗത്തിലേക്കാണ് ലോകം ചുവടുവെച്ചിരിക്കുന്നത്. സ്വാഭാവികമായും പുതിയ കാലത്ത് പിടിച്ചുനില്‍ക്കാന്‍ കടുംപിടിത്തങ്ങള്‍ പലതും ഉപേക്ഷിക്കേണ്ടി വരുമെന്ന് മൈക്രോസോഫ്ടിനും ബോധ്യമുണ്ട്. ആം (ARM) ചിപ്പ്‌സെറ്റുകളിലും പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം രൂപപ്പെടുത്താനുള്ള നീക്കം ഇതിന് തെളിവാണ്.

ആം രൂപകല്‍പ്പന ചെയ്യുന്ന ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് 8 ഒഎസിന്റെ വകഭേദം (Windows on ARM - WOA) സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍, മൈക്രോസോഫ്ട് വിന്‍ഡോസ് പ്രസിഡന്റ് സ്റ്റീവന്‍ സിനോഫ്‌സ്‌കി ഒരു ബ്ലോഗിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ഡെക്‌സ്‌ടോപ്പ് കമ്പ്യൂറുകള്‍ക്ക് മാത്രമല്ല, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ക്കൂടി ഉപയോഗിക്കാന്‍ പാകത്തിലാണ് മൈക്രോസോഫ്ട് അതിന്റെ വിന്‍ഡോസ് 8 രൂപപ്പെടുത്തിയിട്ടുള്ളത്. കീബോര്‍ഡിനും ടച്ച്‌സ്‌ക്രീനിനും വഴങ്ങുന്ന ഇരട്ട ഇന്റര്‍ഫേസോടെയാണ് വിന്‍ഡോസ് 8 ന്റെ വരവ്.

വളര്‍ന്നു വരുന്ന മൊബൈല്‍ വിപണിയില്‍ മുഖ്യസ്ഥാനം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കുണ്ട്. ടാബ്‌ലറ്റുകളിലും മൊബൈല്‍ ഫോണുകളിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ആം രൂപകല്‍പ്പന ചെയ്ത ചിപ്പുകളാണ്. കേംബ്രിഡ്ജ് കേന്ദ്രമായുള്ള ആം ഹോള്‍ഡിങ്‌സ് (ARM Holdings) ലൈസന്‍സ് നല്‍കുന്ന ചിപ്പ് ഡിസൈനുകള്‍ ഉപയോഗിച്ച് ലോകത്താകമാനം ഇതുവരെ 20 ബില്യണ്‍ ചിപ്പുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

എന്നുവെച്ചാല്‍, ആം ചിപ്പുകളെ അവഗണിച്ചുകൊണ്ട് വിന്‍ഡോസ് 8 ന് പ്രചാരം നേടാനാകില്ല എന്നര്‍ഥം. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് മൈക്രോസോഫ്ടിന്റെ പുതിയ ചുവടുവെപ്പ്. ആം ചിപ്പുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഉപകരണങ്ങളുടെ സാധ്യതകൂടി പ്രയോജനപ്പെടുത്താന്‍ WOA സഹായിക്കുമെന്നാണ് മൈക്രോസോഫ്ടിന്റെ കണക്കുകൂട്ടല്‍.

വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കത്തക്ക വിധമാണ് വിന്‍ഡോസ് 8 രൂപപ്പെടുത്തുന്നത്; വീട്ടിലും ഓഫീസിലും ആളുകളുടെ പോക്കറ്റുകളിലുമൊക്കെ സ്ഥാനം പിടിക്കുന്ന ഉപകരണങ്ങള്‍ക്ക് യോജിക്കും വിധം.

പരമ്പരാഗതമായി ഇന്റല്‍ ചിപ്പുകള്‍ക്ക് യോജിക്കും വിധമാണ് വിന്‍ഡോസ് രൂപപ്പെടുത്താറ്. ആം ചിപ്പുകള്‍ ഇന്റലിന്റേതില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടാണ്, ആം ചിപ്പിനുവേണ്ടി വിന്‍ഡോസിന്റെ വ്യത്യസ്ത വകഭേദം ആവശ്യമായി വന്നിരിക്കുന്നത്.

വിന്‍ഡോസിന്റെ വ്യത്യസ്ത വകഭേദമെന്ന് പറയുമ്പോള്‍ അതത്ര ലളിതമായ സംഗതിയല്ല. മൈക്രോസോഫ്ടിന് അത് ശരിക്കും വെല്ലുവിളിയാണെന്ന് ടെക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്യുമെന്റ്‌സ്, സ്‌പ്രെഡ്ഷീറ്റുകള്‍, ശബ്ദം, വീഡിയോ മുതലായ ഫയലുകള്‍ വിന്‍ഡോസിന്റെ വ്യത്യസ്ത വകഭേദങ്ങളില്‍ ഒരേസമയം പ്രവര്‍ത്തിക്കുമെങ്കിലും, വിന്‍ഡോസിന്റെ ഇതര വകഭേദങ്ങള്‍ക്കായി തയ്യാറാക്കപ്പെടുന്ന ആപ്ലിക്കേഷനുകള്‍ WOA വേര്‍ഷനില്‍ ഓടില്ല എന്നതാണ് വെല്ലുവിളി - മാര്‍ക്കറ്റിങ് കമ്പനിയായ ഡേവിഡ് മര്‍ഫി ഗ്രൂപ്പിലെ ക്രിസ് ഗ്രീന്‍ ബിബിസിയോട് പറഞ്ഞു.

ഉദാഹരണത്തിന് വിന്‍ഡോസ് 8 ഡെസ്‌ക് ടോപ്പും (ഇന്റല്‍ ചിപ്പ്), വിന്‍ഡോസ് 8 ടാബ്‌ലറ്റും (ആം അധിഷ്ഠിത ചിപ്പ്) വാങ്ങുന്ന ഒരു ഉപഭോക്താവിന്റെ കാര്യം ആലോചിച്ചു നോക്കൂ. ഒരേ ഓപ്പറേറ്റിങ് സിസ്റ്റമാണെങ്കിലും, രണ്ട് ഉപകരണങ്ങളിലും ഒരേ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് വന്നാല്‍!

മാത്രമല്ല, ആം ചിപ്പുകള്‍ക്ക് വേണ്ടി വിന്‍ഡോസ് രൂപകല്‍പ്പന ചെയ്യുകയെന്നതും വെല്ലുവിളിയാണെന്ന് സിനോഫ്‌സ്‌കി സമ്മതിക്കുന്നു. ആം ഡിസൈനുകള്‍ ലൈസന്‍സ് ചെയ്ത് കിട്ടുന്ന ഉത്പാദകര്‍, ഫീച്ചറുകളും മറ്റും തീരുമാനിക്കാന്‍ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കാറ്-സിനോഫ്‌സ്‌കി ചൂണ്ടിക്കാട്ടുന്നു. ആം ലൈസന്‍സ് നല്‍കിയുണ്ടാക്കുന്ന ചിപ്പുകളുടെ വൈവിധ്യം വളരെ കൂടുതലാകയാല്‍, ചിപ്പ് ഉത്പാദകരുമായി ശക്തമായ സഹകരണം മൈക്രോസോഫ്ടിന് ആവശ്യമായി വരും.

ഊര്‍ജോപയോഗവും പ്രകടനവും തമ്മിലുള്ള ബന്ധത്തില്‍ ആം ചിപ്പുകള്‍ പുലര്‍ത്തുന്ന മികവാണ് മൊബൈല്‍ ഉപകരണങ്ങള്‍ക്ക് ആ ചിപ്പുകളെ പ്രിയങ്കരമാക്കിയത്. മൊബൈല്‍ ഉപകരണങ്ങളുടെ ലോകത്ത് ചുവടുറപ്പിക്കാന്‍ ആം ചിപ്പുകള്‍ തന്നെയാണ് ശരിയായ മാര്‍ഗമെന്ന് മൈക്രോസോഫ്ട് മനസിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കമ്പനി തയ്യാറായിരിക്കുന്നതെന്ന് ക്രിസ് ഗ്രീന്‍ ചൂണ്ടിക്കാട്ടുന്നു. (ചിത്രം കടപ്പാട് : മൈക്രോസോഫ്ട്)
TAGS:
microsoft  |  windows os  |  arm-designed chips  |  woa  |  windows 8  |  operating system 


Stories in this Section