ആഗോള ഓണ്‍ലൈന്‍ ഭൂപടത്തില്‍ സ്‌കൈപ്പിനുള്ള സ്ഥാനം അനിര്‍വചനീയമാണ്. എന്നുവെച്ചാല്‍ പരസ്പരം കണ്ടുകൊണ്ടും കാണാതെയും സംസാരിക്കാന്‍ ലോകരെ പഠിപ്പിച്ച യാഹൂ മെസഞ്ചറിനോടും പിന്നീടുവന്ന സാക്ഷാല്‍ ജിടോക്കിനോടും ഇല്ലാത്ത ഒരു മമത ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് സ്‌കൈപ്പിനോടുണ്ട്. അമേരിക്കയിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെയുള്ള കോര്‍പ്പറേറ്റ് ഓഫീസുകളിലെ തിരക്കില്‍ ജോലിചെയ്യുന്ന കൊച്ചു മകള്‍ക്കും കേരളത്തിലെ നാട്ടുമ്പുറത്തെ വീട്ടില്‍ കുത്തിയിരിക്കുന്ന അമ്മൂമ്മക്കും സ്‌കൈപ്പ് അത്രയേറെ ഉപകാരിയാണ്.
ജന്മനാ വലിയ തറവാട്ടുമഹിമയൊന്നും അവകാശപ്പെടാനില്ലാത്ത സ്‌കൈപ്പ് കംപ്യൂട്ടര്‍ യുഗത്തിലെ പഴക്കം ചെന്ന തറവാട്ടില്‍ എത്തിപ്പെട്ടിരിക്കുന്നു ഒടുവില്‍-മൈക്രോസോഫ്റ്റില്‍. 850 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് സ്‌കൈപ്പ് സ്വന്തമാക്കിയത്, അതും സ്‌കൈപ്പിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്ന സാക്ഷാല്‍ ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും കടത്തിവെട്ടിക്കൊണ്ട്.
ഈസ്റ്റോണിയയിലെ മൂന്ന് സോഫ്റ്റ്‌വേര്‍ ഡെവലപ്പര്‍മാര്‍ ചേര്‍ന്ന് രൂപം കൊടുത്ത സ്‌കൈപ്പ് എട്ടുവര്‍ഷത്തെ ചരിത്രത്തിനുള്ളില്‍ പല ഭാവമാറ്റങ്ങള്‍ക്കും വിധേയമായി. 2003 ല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൈപ്പിന്റെ ഓഹരികള്‍ 2006 ലാണ് ഊബേ എന്ന ഈകോമേഴ്‌സ് കമ്പനി വാങ്ങിയത്. മൂന്നു വര്‍ഷം കഴിഞ്ഞ് നല്ല ലാഭത്തിന് എഴുപതു ശതമാനം ഷെയറുകള്‍ വിറ്റു. കഴിഞ്ഞ ആഗസ്തില്‍ വീണ്ടും ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറായതോടെയാണ് മൈക്രോസോഫ്റ്റ് സ്‌കൈപ്പിനെ സ്വന്തമാക്കാനുള്ള നീക്കം ആരംഭിച്ചത്.
കംപ്യൂട്ടറില്‍ നിന്നും കംപ്യൂട്ടറിലേക്കും താരതമ്യേന ചില്ലറ കാശു കൊടുത്ത് ടെലഫോണുകളിലേക്കും വിളിക്കാന്‍ ഏതാണ്ട് 70 കോടി പേരാണ് ഇന്ന് സ്‌കൈപ്പ് ഉപയോഗിക്കുന്നത്. ആ കമ്പനിയെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക കൊടുത്ത് സ്വന്തമാക്കണമെങ്കില്‍ മൈക്രോസോഫ്റ്റ് എന്തെങ്കിലുമൊക്കെ മുന്നില്‍ കണ്ടിട്ടുണ്ടാകുമെന്നുറപ്പ്. വീഡിയോ കോണ്‍ഫറന്‍സിന്റെ ഭാവി ഇനി മൈക്രോസോഫ്റ്റായിരിക്കും നിശ്ചയിക്കുക എന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് ബാല്‍മര്‍ പറഞ്ഞത്.
മൈക്രോസോഫ്റ്റില്‍ സ്‌കൈപ്പ് പ്രത്യേക വിഭാഗമായായിരിക്കും പ്രവര്‍ത്തിച്ചു തുടങ്ങുക. ബാല്‍മറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സ്‌കൈപ്പിന്റെ നിലവിലുള്ള മേധാവി ടോണി ബേറ്റ്‌സ് തന്നെ തുടര്‍ന്നും കാര്യങ്ങള്‍ നോക്കും. വിന്‍ഡോസിന്റെ എട്ടാം പതിപ്പിനൊപ്പം സ്‌കൈപ്പ് നല്‍കാണ് പദ്ധിതിയെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
എംഎസ്എന്‍ എന്ന തങ്ങളുടെ പാരമ്പര്യസ്വത്തായ മെസഞ്ചറിനനെ വളര്‍ത്തി വലുതാക്കാന്‍ മൈക്രോസോഫ്റ്റ് പലതവണ ശ്രമിച്ചു പരാജയപ്പെട്ടതാണ്. യാഹൂ മെസഞ്ചറിന്റെ ജനപ്രിയതയായിരുന്നു അവര്‍ നേരിട്ട ഏറ്റവും വലിയ തലവേദന. കംപ്യൂട്ടറില്‍ നിന്ന് കംപ്യൂട്ടറിലേക്കുള്ള നേരിട്ടു കണ്ടുള്ള സംസാരത്തിന് നിരവധി പേര്‍ യാഹൂവിനെ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളാണെങ്കില്‍ ജിമെയിലിനൊപ്പം തന്നെയാണ് വീഡിയോ കോളിംഗ് ഒരുക്കിയത്. ഈ സാഹചര്യത്തില്‍ വിന്‍ഡോസില്‍ നിന്ന് നേരിട്ടുതന്നെ ഇന്റര്‍നെറ്റ് ടെലഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തി മാര്‍ക്കറ്റ് പിടിക്കാനാകും മൈക്രോസോഫ്റ്റ് ശ്രമിക്കുക.
മറ്റൊരു സാധ്യതകൂടി മൈക്രോസോഫ്ടിന് സ്‌കൈപ്പിന്റെ പിന്തുണ വഴി തുറുന്നു കിട്ടുമെന്ന് ചില നിരീക്ഷകര്‍ കരുതുന്നു. അത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്താണ്. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ കമ്പനിയായ നോക്കിയയും മൈക്രോസോഫ്റ്റുമായി, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് യോജിച്ചു പ്രവര്‍ത്തിക്കാന്‍ അടുത്തയിടെയാണ് കരാറുണ്ടാക്കിയത്. വീഡിയോകോള്‍ പോലുള്ള ഭാവി സാധ്യതകളുടെ കാര്യത്തില്‍, മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമിന് ഭാവിയില്‍ കരുത്തു പകരുക ഒരുപക്ഷേ, സ്‌കൈപ്പായിരിക്കാം. സ്‌കൈപ്പിന്റെ 70 കോടി യൂസര്‍ അടിത്തറ ചില്ലറ കാര്യമല്ലല്ലോ!