വര സ്വയം പൂര്‍ത്തിയാക്കുന്ന വൈറ്റ്‌ബോര്‍ഡിന്റെ ആദ്യരൂപവുമായി മൈക്രോസോഫ്റ്റ്
Posted on: 05 Mar 2013
-സ്വന്തം ലേഖകന്‍
വൈറ്റ്‌ബോര്‍ഡില്‍ നിങ്ങളൊരു ചിത്രം വരയ്ക്കാന്‍ തുടങ്ങുന്നു. വരച്ചുതുടങ്ങുമ്പോള്‍ തന്നെ, നിങ്ങളുടെ മനസിലിരുപ്പ് മനസിലാക്കി ബോര്‍ഡ് സ്വയം ആ ചിത്രം പൂര്‍ത്തിയാക്കുന്നു. എന്ത് സൗകര്യമായിരിക്കുമല്ലേ; ക്ലാസെടുക്കാനും വിഷയങ്ങള്‍ അവതരിപ്പിക്കാനുമൊക്കെ.
മൈക്രോസോഫ്റ്റിന്റെ പരീക്ഷണശാലയിലെ ഒരു മുന്നേറ്റം ശരിക്കും പ്രവര്‍ത്തിപഥത്തിലെത്തിയാല്‍, അധികകാലം കഴിയും മുമ്പ് ഇത്തരം വൈറ്റ്‌ബോര്‍ഡുകള്‍ രംഗത്തെത്തും. 'സ്‌കെച്ച്ഇന്‍സൈറ്റ്' (SketchInsight) എന്ന പേരില്‍ ഇത്തരമൊരു വൈറ്റ്‌ബോര്‍ഡിന്റെ പ്രാഥമികരൂപം ഉണ്ടാക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്.
ഈയാഴ്ച നടക്കുന്ന 'ടെക്‌ഫെസ്റ്റ്' (Techfest) സമ്മേളനത്തില്‍ 'സ്‌കെച്ച്ഇന്‍സൈറ്റി'ന്റെ ആദ്യപ്രദര്‍ശനം നടക്കും. യുസര്‍ ഇന്റര്‍ഫേസ് വിദഗ്ധ ഡോ. ബോങ്ഷിന്‍ ലീ ആണ് അവതരണം നടത്തുക. 2006 ലാണ് ഡോ.ലീ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്. ഇന്ററാക്ടീവ് ഡിസ്‌പ്ലെ സങ്കേതങ്ങളിലാണ് അവര്‍ സ്‌പെഷലൈസ് ചെയ്യുന്നത്.
എങ്ങനെയാണ് സ്‌കെച്ച്ഇന്‍സൈറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിക്കുന്ന ഒരു വീഡിയോ യൂട്യൂബില്‍ മൈക്രോസോഫ്റ്റ് റിസര്‍ച്ച് കഴിഞ്ഞ ദിവസം പോസ്റ്റുചെയ്തിട്ടുണ്ട്. മള്‍ട്ടിടച്ച് സങ്കേതം പോലെ യൂസര്‍ക്ക് ഇടപഴകാന്‍ കഴിയുന്ന വിദ്യയാണ് സ്‌കെച്ച്ഇന്‍സൈറ്റ്. 'റീയല്‍ ടൈം സ്‌കെച്ചിങ്' സാധ്യമാകുന്ന ഒന്നാണിതെന്ന് വീഡിയോ പറയുന്നു.
മുന്‍കൂറായി ലോഡ് ചെയ്ത ഡേറ്റയുടെ സഹായത്തോടെ ഒരു യൂസര്‍ക്ക് എങ്ങനെ വൈറ്റ്‌ബോര്‍ഡില്‍ ഇന്ററാക്ടീവ് ചാര്‍ട്ടുകളും ഭൂപടങ്ങളും മറ്റ് ചിത്രങ്ങളും സൃഷ്ടിക്കാനാകുമെന്ന് ഡോ. ലീ യുട്യൂബ് വീഡിയോയില്‍ കാട്ടിത്തരുന്നു.
നിലവില്‍ അവതരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറുകള്‍ തന്നെ, പുതിയ സങ്കേതവുമായി കൂട്ടിയിണക്കാന്‍ കഴിയുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശ്വാസം. കമ്പനിയുടെ പവര്‍പോയന്റ് അവതരണങ്ങള്‍ ഭാവിയില്‍ സ്‌കെച്ച്ഇന്‍സൈറ്റിന്റെ കൂടി സഹായത്തോടെ നടത്താനായേക്കും.
വലിയ സ്‌ക്രീനുകളുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിന്റെ പരീക്ഷണശാലയില്‍ നടക്കുന്ന ഗവേഷണങ്ങളില്‍ ഒന്നുമാത്രമാണിത്. ഭാവിയില്‍ ഇത്തരം സങ്കേതങ്ങള്‍ക്ക് ജോലിസ്ഥലത്തും വീട്ടിലും പ്രമുഖസ്ഥാനം ലഭിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
ഭീമമായ തോതില്‍ ഡേറ്റ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ കമ്പ്യൂട്ടറുകള്‍ വളരുന്നതോടെ, അവ കൂടുതലായി സ്വന്തംനിലയ്ക്കും പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് വളരണം - മൈക്രോസോഫ്റ്റ് റിസര്‍ച്ചിന്റെ വക്താവ് പറഞ്ഞു.