വെബ്ബിന് പകരം, മനുഷ്യശരീരത്തിന്റെ മെഡിക്കല്‍ ദൃശ്യങ്ങള്‍ ഇന്‍ഡെക്‌സ് ചെയ്യാന്‍ സഹായിക്കുന്ന പുതിയൊരു സെര്‍ച്ച് സങ്കേതം മൈക്രോസോഫ്ട് ഗവേഷകര്‍ വികസിപ്പിച്ചു. സി.ടി.സ്‌കാനില്‍ നിന്ന് അവയവങ്ങളും മറ്റ് ഘടനകളും കണ്ടെത്താന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നതാണ് പുതിയ സങ്കേതം. മെഡിക്കല്‍ രംഗത്തുപയോഗിക്കുന്ന ത്രിമാനദൃശ്യവത്ക്കരണ സങ്കേതം മികവോടെ ഉപയോഗിക്കാന്‍ അവസരമൊരുക്കുക വഴി ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഇത് സഹായിക്കും.
ശരീരഭാഗങ്ങളെ ഒട്ടേറെ പാളികളാക്കി എക്‌സ്‌റേ ഉപയോഗിച്ച് ദൃശ്യവത്ക്കരിച്ച് ത്രിമാനരൂപത്തില്‍ സമ്മേളിപ്പിക്കുകയാണ് സി.ടി.സ്‌കാനുകളില്‍ ചെയ്യുക. രോഗനിര്‍ണയത്തിന്, പ്രത്യേകിച്ചും ശരീരത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍, ഇത് ശക്തിമത്തായ മാര്‍ഗം തന്നെയാണ്. എന്നാല്‍, ഈ ത്രിമാന ദൃശ്യങ്ങള്‍ക്കുള്ളില്‍ നിന്ന് ആവശ്യമായ ഭാഗങ്ങള്‍ കണ്ടെത്തുകയെന്നത് ശ്രമകരമാണ് -മൈക്രോസോഫ്ട് റിസേര്‍ച്ച് കേംബ്രിഡ്ജിലെ അന്റോണിയോ ക്രിമിനിസി പറയുന്നു.
'പരിശീലനം ലഭിച്ച വിദഗ്ധര്‍ക്ക് പോലും, സി.ടി.സ്‌കാനില്‍ നിന്ന് ആവശ്യമായ സ്ഥാനങ്ങള്‍ തിരിച്ചറിയുക ബുദ്ധിമുട്ടാണ്'-ക്രിമിനിസി ചൂണ്ടിക്കാട്ടുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കി, ശരീരത്തിനുള്ളിലെ ഏത് അവയവും ലക്ഷ്യസ്ഥാനവും വേഗത്തില്‍ മനസിലാക്കാന്‍ തങ്ങള്‍ രൂപംനല്‍കിയ സങ്കേതം സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
സ്‌കാനില്‍ ക്രിമിനിസിയും സംഘവും രൂപംനല്‍കിയ സോഫ്ട്‌വേര്‍ ലോഡ് ചെയ്താല്‍, സ്‌കാന്‍ ഡേറ്റ മുഴുവന്‍ ആ പ്രോഗ്രാം ഇന്‍ഡക്‌സ് ചെയ്യുകയും അവയവങ്ങളുടെ പട്ടിക സ്‌ക്രീനിന് വശത്ത് രേഖപ്പെടുത്തുകയും ചെയ്യും. ആ പട്ടികയിലോരോന്നും 'ശരീരത്തിനുള്ളിലേക്കു'ള്ള ഹൈപ്പര്‍ലിങ്കുകളായി മാറും. പട്ടികയില്‍ 'ഹൃദയം' എന്ന വാക്കില്‍ ക്ലിക്ക് ചെയ്താല്‍, സി.ടി.സ്‌കാനിലെ ഹൃദയത്തിലേക്ക് നേരിട്ടെത്താം. അല്ലാതെ ത്രിമാനദൃശ്യത്തിനകത്ത് ഹൃദയമെവിടെയെന്ന് നോക്കി പരതി ബുദ്ധിമുട്ടേണ്ട ആവശ്യം വരുന്നില്ല.
ആവശ്യമുള്ള അവയവം കണ്ടെത്തിക്കഴിഞ്ഞാല്‍, അതിന്റെ ദ്വിമാന, ത്രിമാനദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പരിശോധിക്കാന്‍ പുതിയ സോഫ്ട്‌വേര്‍ സഹായിക്കും. ദൃശ്യങ്ങള്‍ കാണുന്ന പ്രതലം ടച്ച്‌സ്‌ക്രീന്‍ പോലെ പ്രവര്‍ത്തിക്കും. വിരല്‍കൊണ്ട് ആ ദൃശ്യങ്ങള്‍ നാവിഗേറ്റ് ചെയ്യാം. ഒരേ രോഗിയുടെ തന്നെ മറ്റൊരു സി.ടി.സ്‌കാന്‍ ആദ്യത്തേതുമായി യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനും പുതിയ സോഫ്ട്‌വേര്‍ സഹായിക്കും.
സ്‌കാനിലെ ഇരുട്ടും വെളിച്ചവുമടങ്ങിയ പാറ്റേണുകള്‍ ഉപയോഗിച്ചാണ് ക്രിമിനിസിയുടെ സോഫ്ട്‌വേര്‍ പ്രവര്‍ത്തിക്കുന്നത്. വിദഗ്ധര്‍ അവയവങ്ങള്‍ രേഖപ്പെടുത്തി നല്‍കിയ നൂറുകണക്കിന് സി.ടി.സ്‌കാനുകളുടെ സഹായത്തോടെ രൂപപ്പെടുത്തിയ ഗണിതസമീകരണം (ആല്‍ഗരിതം) ആണ് ഈ സോഫ്ട്‌വേറിന്റെ അടിസ്ഥാനം. ബ്രിട്ടിനില്‍ കേംബ്രിഡ്ജിലെ ആഡന്‍ബ്രൂക്‌സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെയാണ് സോഫ്ട്‌വേര്‍ രൂപപ്പെടുത്തിയത്.
ആംഗ്യങ്ങളുടെയും ശബ്ദങ്ങളുടെയും സഹായത്തോടെ കമ്പ്യൂട്ടറുകള്‍ക്ക് നിര്‍ദ്ദേശം നാല്‍കാന്‍ കഴിയുന്ന 'കൈനെക്റ്റ് കണ്‍ട്രോള്‍' (Kinect controller) കൂടി ഈ പുതിയ സംവിധാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ചുകൊണ്ട് ഗെയിംപാഡുകളുടെയോ മറ്റു ഉപകരണങ്ങളുടെയോ സഹായമില്ലാതെ വെറും ശരീരഭാഗങ്ങളുടെ ചലനങ്ങള്‍കൊണ്ടും ശബ്ദങ്ങള്‍കൊണ്ടും മാത്രം കളികളിലേര്‍പ്പെടാന്‍ സാധ്യമാവുന്ന മൈക്രോസോഫ്ടിന്റെ പുത്തന്‍ സങ്കേതമാണ് കൈനറ്റ് (Xbox 360 വീഡിയോ ഗെയിം പ്ലാറ്റ്‌ഫോമുകള്‍ക്കായി വികസിപ്പിച്ചതാണ് ഇത്).
മേല്‍പ്പറഞ്ഞ ശ്രമം വിജയിച്ചാല്‍ ശസ്ത്രക്രിയാവേളയില്‍, ഡോക്ടര്‍മാര്‍ക്ക് മൗസും കീബോര്‍ഡുകളും തൊടാതെ ആഗ്യത്തിലൂടെയും ശബ്ദത്തിലൂടെയും കമ്പ്യൂട്ടറിന് നിര്‍ദ്ദേശം നല്‍കി ശരീരഭാഗത്തെപ്പറ്റിയും സര്‍ജറി ആവശ്യമുള്ള ഭാഗത്തെപ്പറ്റിയുമുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ കഴിയും. ചികിത്സാരംഗത്ത് പുതിയ സങ്കേതം കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കെന്‍ജി സുസുകി പറഞ്ഞു.