ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ സുരക്ഷാ പിഴവ്; വൈറസ്ബാധ സൂക്ഷിക്കുക

Posted on: 18 Sep 2012




ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ (ഐ.ഇ) ഇതുവരെ അറിയാത്ത ഒരു പിഴവ് കണ്ടെത്തിയതായും, ലോകമാകെ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളില്‍ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്നും മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. അതിനാല്‍ ആ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഒരു സുരക്ഷാ സോഫ്ട്‌വേര്‍ അടിയന്തരമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചു.

ഐ.ഇ.ബ്രൗസര്‍ ഉപയോഗിച്ച് ദുഷ്ടപ്രോഗ്രാമുള്ള വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍, ബ്രൗസറിലെ പിഴവ് മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ക്ക് കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലാക്കാന്‍ സാധിക്കും.

ബ്രൗസറിലെ പിഴവ് പൂര്‍ണമായി മാറ്റാന്‍ സമയമെടുക്കുമെന്നും, അതിനാല്‍ ഇടക്കാല മുന്‍കരുതലെന്ന നിലയ്ക്ക് ഒരു സുരക്ഷാ സോഫ്ട്‌വേര്‍ ഇന്‍സ്റ്റോള്‍ ചെയ്യാനുമാണ് മൈക്രോസോഫ്റ്റ് തിങ്കളാഴ്ച കസ്റ്റമര്‍മാരെ അറിയിച്ചത്. പിഴവ് പൂര്‍ണമായി മാറ്റാന്‍ എത്ര സമയമെടുക്കുമെന്ന് കമ്പനി പറഞ്ഞില്ല. ഒരാഴ്ച കൊണ്ട് കാര്യങ്ങള്‍ ശരിക്കാനാകുമെന്ന് സുരക്ഷാഗവേഷകര്‍ കരുതുന്നു.

'എന്‍ഹാന്‍സ്ഡ് മിറ്റിഗേഷന്‍ എക്‌സ്‌പെരിയന്‍സ് ടൂള്‍കിറ്റ്' അഥവാ 'എമെറ്റ്' (Enhanced Mitigation Experience Toolkit - EMET) എന്ന സുരക്ഷാ സോഫ്ട്‌വേറാണ് ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കസ്റ്റമര്‍മാരോട് മൈക്രോസോഫ്റ്റ് നിര്‍ദേശിച്ചത്. blogs.technet.com/b/msrc/ എന്ന വെബ്‌സൈറ്റിലെത്തിയാല്‍ വിശദാംശങ്ങള്‍ ലഭിക്കും.

'സ്റ്റാറ്റ്കൗണ്ടര്‍' പുറത്തിറക്കിയ കണക്കുപ്രകാരം ആഗോള ബ്രൗസര്‍ വിപണിയില്‍ രണ്ടാംസ്ഥാനമാണ് മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുള്ളത്. 33 ശതമാനം പേര്‍ എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നു. ഒന്നാംസ്ഥാനത്ത് ഗൂഗിളിന്റെ ക്രോം ബ്രൗസറാണ്, വിപണി വിഹിതം 34 ശതമാനം.


Stories in this Section