
കുത്തകവത്ക്കരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനമേറ്റിട്ടുള്ള കമ്പനിയാണ് മൈക്രോസോഫ്ട്. ആ കമ്പനിയിപ്പോള്‍ അതേ പേരില്‍ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിനെതിരെ യൂറോപ്യന്‍ കമ്മീഷനെ സമീപിച്ചിരിക്കുന്നു. 'കടുവയെ കിടുവ പിടിച്ചു' എന്ന പ്രയോഗം ശരിക്കും അന്വര്‍ഥമാകുന്ന സംഭവം.
സെര്‍ച്ചിന്റെ കാര്യത്തില്‍ എതിരാളികളെ തലയുയര്‍ത്താന്‍ അനുവദിക്കാതെ, വിപണിയില്‍ മത്സരം അസാധ്യമാക്കുന്ന നിലപാടാണ് ഗൂഗിളിന്റേതെന്നാണ് പരാതി.
മൈക്രോസോഫ്ട്
ബിംഗിന് വെബ്ബ് ഉള്ളടക്കം ഇന്‍ഡെക്‌സ് ചെയ്യാനുള്ള സാധ്യത പരിമിതപ്പെടുത്തുക പോലുള്ള നടപടികളാണ് ഗൂഗിളിനെതിരെ മൈക്രോസോഫ്ട് ആരോപിക്കുന്നത്. എന്നാല്‍, ഈ നീക്കത്തില്‍ തെല്ലും അത്ഭുതമില്ലെന്നും ഇത് സംബന്ധിച്ച വസ്തുതകള്‍ സന്തോഷത്തോടെ തങ്ങള്‍ വിശദീകരിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
ഗൂഗിളിന്റെ നടപടികള്‍ മൂലം തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മൈക്രോസോഫ്ടിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ കൗണ്‍സലുമായ ബ്രാഡ് സ്മിത്ത് വിശദമായിത്തന്നെ ഒരു
ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട്. സെര്‍ച്ചിലും അതുമായി ബന്ധപ്പെട്ട പരസ്യത്തിലും ആധിപത്യം നിലനില്‍ത്താന്‍ ഗൂഗിള്‍ നടത്തുന്ന ശ്രമങ്ങള്‍, എങ്ങനെ യൂറോപ്യന്‍ ഉപയോക്താക്കള്‍ക്ക് ദോഷമായി ഭവിക്കുന്നു എന്ന കാര്യത്തിനാണ് തങ്ങള്‍ പരാതിയില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം ബ്ലോഗില്‍ പറയുന്നു.
സെര്‍ച്ച് വിപണി തങ്ങളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്താന്‍ ഗൂഗിള്‍ നടത്തുന്ന അഞ്ച് 'കുതന്ത്രങ്ങളെ'പ്പറ്റി ബ്ലോഗ് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ-
1. ഗൂഗിളിന്റെ അധീനതയിലുള്ള യൂടൂബിലെ ഉള്ളടക്കം ഇന്‍ഡെക്‌സ് ചെയ്യുന്നതില്‍ നിന്ന് ബിംഗിനെ സാങ്കേതിമായി തടയുന്നു.
2. മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് മൊബൈല്‍ ഫോണുകളില്‍ യൂടൂബ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.
3. പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ കോപ്പികളുടെ ലഭ്യത നിയന്ത്രിക്കുന്നു.
4. മറ്റുള്ളവരുടെ ബിസിനസ് സാധ്യതകള്‍ പരിമിതപ്പെടുത്താന്‍ അഡൈ്വര്‍ടൈസിങ് കാമ്പയിനുകളിലൂടെ സ്വരൂപിച്ച വിവരങ്ങള്‍ ഗൂഗിള്‍ തെറ്റായി ഉപയോഗിക്കുന്നു.
5. പ്രമുഖ വെബ്‌സൈറ്റുകളുടെ പേജുകളില്‍ ഗൂഗിളിന്റെ തന്നെ സെര്‍ച്ച് ബോക്‌സുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധം ചെലുത്തുന്നു.
ഗൂഗിളിന്റെ മത്സര-വിരുദ്ധ നടപടികളെക്കുറിച്ച്, മൈക്രോസോഫ്ടിന്റെ ഷോപ്പിങ് സൈറ്റായ 'സിയാവോ' ഉള്‍പ്പടെയുള്ള ഇന്റര്‍നെറ്റ് കമ്പനികള്‍ നല്‍കിയ പരാതിയിന്‍മേല്‍, കഴിഞ്ഞ നവംബറില്‍ യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. മൈക്രോസോഫ്ട് നല്‍കിയ പുതിയ പരാതി കമ്മീഷന്‍ സ്വീകരിച്ചാല്‍, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം തന്നെയാണ് അതിനും വേണ്ടിവരിക.
ഇപ്പോഴത്തെ പരാതി സ്വീകരിക്കപ്പെട്ടാല്‍ മൈക്രോസോഫ്ടിന് രണ്ട് കാര്യങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്റെ മുന്നില്‍ തെളിയിക്കേണ്ടി വരും. ഒരു പ്രത്യേക വിപണിയില്‍ (സെര്‍ച്ച് വിപണിയില്‍) ഗൂഗിള്‍ ബലമായി ആധിപത്യം പുലര്‍ത്തുന്നു എന്നതാണ് അതിലൊന്ന്. തങ്ങള്‍ക്കുള്ള മേല്‍ക്കൈ മറ്റുള്ളവരുടെ വളര്‍ച്ച തടയാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്നു എന്നതാണ് തെളിയിക്കേണ്ടി വരുന്ന രണ്ടാമത്തെ സംഗതി.
അന്വേഷണവുമായി തങ്ങള്‍ സഹകരിക്കുമെന്ന് ഗൂഗിള്‍ പ്രസ്താവന വഴി വ്യക്തമാക്കി കഴിഞ്ഞു. മൈക്രോസോഫ്ടിന്റെ ബിംഗ് സെര്‍ച്ച് എഞ്ചിന്‍ തങ്ങളുടെ സെര്‍ച്ച് ഫലങ്ങള്‍ കോപ്പിയടിക്കുന്നതായി കഴിഞ്ഞ ഫിബ്രവരി ആദ്യം
ഗൂഗിള്‍ ആരോപിച്ചിരുന്നു.
മത്സര വിരുദ്ധ നടപടികള്‍ ഗൂഗിള്‍ സ്വീകരിച്ചുവെന്ന് കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കടുത്ത പിഴയാകും നല്‍കേണ്ടി വരിക. ആഗോള വരുമാനത്തിന്റെ പത്ത് ശതമാനം വരെ പിഴയായി ഈടാക്കാന്‍ യൂറോപ്യന്‍ കമ്മീഷന് അധികാരമുണ്ട്.
ഇപ്പോള്‍ ഗൂഗിളിനെതിരെ മൈക്രസോഫ്ട് എന്താണോ പരാതിപ്പെട്ടിട്ടുള്ളത്, അതേ രീതിയിലുള്ള പരാതി മുമ്പ് നേരിടേണ്ടി വന്നിട്ടുള്ള കമ്പനിയാണ് മൈക്രോസോഫ്ട്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമായി വിന്‍ഡോസ് മീഡിയ പ്ലെയര്‍ നല്‍കുക വഴി മൈക്രോസോഫ്ട് നീതീകരിക്കാനാകാത്ത മേല്‍കൈ വിപണിയില്‍ നേടുന്നതായി 2003 ല്‍ യൂറോപ്യന്‍ കമ്മീഷന്‍ കണ്ടെത്തുകയുണ്ടായി.
അതിന്റെ പിഴയായി 3810 ലക്ഷം പൗണ്ടാണ് അന്ന് മൈക്രോസോഫ്ടിന് ഒടുക്കേണ്ടി വന്നത്. കമ്മീഷന്റെ വിധിയില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കാത്തതിന് 2006 ല്‍ 1940 ലക്ഷം പൗണ്ട് കൂടി കമ്പനിക്ക് പിഴ നല്‍കേണ്ടി വന്നു.
യൂറോപ്യന്‍ കമ്മീഷന്‍ ഏറ്റവുമധികം പിഴയിട്ടിട്ടുള്ളത് ഇന്റല്‍ കമ്പനിക്കെതിരെയാണ്. 2009 ല്‍ 9480 ലക്ഷം പൗണ്ടാണ് ഇന്റലിനിട്ട പിഴ. കമ്പ്യൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി, എതിരാളികളെ കടത്തിവെട്ടി തങ്ങളുടെ ഉത്പന്നം കൂടുതല്‍ ചെലവാക്കാന്‍ ഇന്റല്‍ ശ്രമിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അത്.