മൈക്രോസോഫ്ടിനെ സംബന്ധിച്ച് ബിങ് ഒരു ബാധ്യതയാണോ, കഴിയുന്നതും വേഗം ആര്‍ക്കെങ്കിലും അത് വില്‍ക്കുകയാണോ മൈക്രോസോഫ്ടിന് നല്ലത്. സെര്‍ച്ച് രംഗത്ത് ഗൂഗിളിനോട് മത്സരിച്ച് കുറഞ്ഞ കാലംകൊണ്ട് മികച്ച മുന്നേറ്റം നടത്തിയ ബിങിനെ മൈക്രോസോഫ്ട് കൈയൊഴിയണം എന്ന് പറയുന്നത് തന്നെ എത്ര അസംബന്ധം അല്ലേ. എന്നാല്‍, അങ്ങനെ കരുതുന്നവരുമുണ്ട്!
റോയിട്ടേഴ്‌സിന്റെ കോളമിസ്റ്റ് റോബര്‍ട്ട് സൈറാന്‍ ഈ അഭിപ്രായം വച്ചുപുലര്‍ത്തുന്നയാളാണ്. ഏതാനും ദിവസം മുമ്പ് സൈറാന്‍ പ്രസിദ്ധീകരിച്ച
ലഘുലേഖനം, പറ്റിയ ആരെയെങ്കിലും കണ്ടെത്തി ബിങിനെ മൈക്രോസോഫ്ട് കൈയൊഴിയണം എന്ന് വാദിക്കുന്നു. ടെക് രംഗത്ത് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഈ അഭിപ്രായ പ്രകടനം.
എന്നാല്‍, ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുന്ന സൈറാന് തന്റേതായ ന്യായങ്ങളുണ്ട് മുന്നോട്ട് വെയ്ക്കാന്‍. അല്ലാതെ അദ്ദേഹം വെറുതെ പറയുകയല്ല. പുള്ളിക്കാരന്റെ അഭിപ്രായത്തില്‍ മൈക്രോസോഫ്ടിനെ സംബന്ധിച്ച് പണം ചോരുന്ന ഒരു വഴിയാണ് ബിങ്. അതുകൊണ്ടു തന്നെ അത് കമ്പനിക്ക് അലോസരമുണ്ടാക്കുകയും ചെയ്യുന്നു.
കോടിക്കണക്കിന് ഡോളറാണ് ബിങിനായി മൈക്രോസോഫ്ട് ഒഴുക്കുന്നത്. അതുപ്രകാരമുള്ള ലാഭം കിട്ടുന്നില്ലെന്ന് മാത്രമല്ല, ബിങ് ഉള്‍പ്പെടുന്ന മൈക്രോസോഫ്ടിന്റെ ഓണ്‍ലൈന്‍ സര്‍വീസസ് വിഭാഗത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായ നഷ്ടം 260 കോടി ഡോളറാണെന്ന കാര്യം സൈറാന്‍ ചൂണ്ടിക്കാട്ടുന്നു.
'കോംസ്‌കോര്‍' (ഇീാടരീൃല) പോലുള്ള നിരീക്ഷണ കമ്പനികളുടെ കണക്കു പ്രകാരം സെര്‍ച്ച് രംഗത്ത് ബിങിന്റെ വിപണിവിഹിതം ഉയരുന്നുണ്ട്. എങ്കിലും, ഇപ്പോഴും വിപണിയില്‍ 30 ശതമാനത്തില്‍ താഴെയാണ് ബിങിന്റെ പങ്ക്. അതേസമയം മുഖ്യപ്രതിയോഗിയായ ഗൂഗിളിന്റെ നിയന്ത്രണത്തിലാണ് 60 ശതമാനത്തിലേറെ സെര്‍ച്ചും.
ഈ പശ്ചാത്തലത്തില്‍ അധികം ബാധ്യതയാകാതെ കഴിയുന്നതും വേഗം മൈക്രോസോഫ്ട് ആരെയെങ്കിലും കണ്ടെത്തി ബിങിനെ ഒഴിവാക്കണമെന്ന് സൈറാന്‍ പറയുന്നു. മൈക്രോസോഫ്ടിന്റെ ഓഹരിയുടമകള്‍ക്കും ഇത്തരമൊരു നീക്കം ഗുണകരമാകുമെന്ന് അദ്ദേഹം കരുതുന്നു.
മൈക്രോസോഫ്ടിനെക്കാളും ബിങിന് പറ്റിയ ഇടം ഫെയ്‌സ്ബുക്കോ ആപ്പിളോ ആയിരിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. ഫെയ്‌സ്ബുക്കാണെങ്കില്‍ ഇപ്പോള്‍ തന്നെ ബിങുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ്.
ഇത് സൈറാന്റെ അഭിപ്രായം. വ്യത്യസ്ത അഭിപ്രായമുള്ളവരുമുണ്ട്.
'കമ്പ്യൂട്ടര്‍വേള്‍ഡി'ലെ പ്രെസ്റ്റണ്‍ ഗ്രാല്ല ഈ വാദങ്ങള്‍ അംഗീകരിക്കുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 260 കോടി നഷ്ടം വരുത്തിയത് ബിങ് അല്ലെന്ന് അദ്ദേഹം പറയുന്നു. മൈക്രോസോഫ്ടിന്റെ ഓണ്‍ലൈന്‍ വിഭാഗത്തിലുള്ള എല്ലാ സര്‍വീസുകളും കൂടി വരുത്തിവെച്ച നഷ്ടമാണത്.
മൈക്രോസോഫ്ടിന്റെ ഭാവിയെ സംബന്ധിച്ച് ബിങ് കേന്ദ്രബിന്ദുവാകുമെന്നാണ് ഗ്രാല്ല അഭിപ്രായപ്പെടുന്നത്, പ്രത്യേകിച്ചും മൊബൈല്‍ പോലുള്ള മേഖലയില്‍. മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ സംരംഭം വിജയിക്കണമെങ്കില്‍ ഓണ്‍ലൈന്‍ സെര്‍ച്ച് വഴിയുള്ള പരസ്യങ്ങളുടെ വിപണനം കൂടിയേ തീരൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.