നോക്കിയ ലൂമിയ 920 വന്നു, സാംസങ് ഗാലക്‌സി എസ് 3 വന്നു, ആപ്പിള്‍ ഐഫോണ്‍ 5 ഉടന്‍ വരും..... സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്നുള്ള ഇത്തരം വമ്പന്‍ വാര്‍ത്തകള്‍ കേട്ട് നെടുവീര്‍പ്പിടാന്‍ മാത്രമാണ് പലപ്പോഴും സാധാരണക്കാരായ ഉപഭോക്താക്കളുടെ വിധി. ഈ ഫോണുകള്‍ക്കെല്ലാം മുപ്പതിനായിരം രൂപയ്ക്ക് മേലാണ് വില എന്നതു തന്നെ കാരണം. സ്മാര്‍ട്‌ഫോണുകളിലെ സൗകര്യങ്ങളും ഹാര്‍ഡ്‌വേര്‍ ശേഷിയും കൂട്ടുന്ന തിരക്കില്‍ വന്‍കിട കമ്പനികള്‍ ഹാന്‍ഡ്‌സെറ്റുകളുടെ വില കുറയ്ക്കുന്ന കാര്യം ആലോചിക്കുന്നു പോലുമില്ല എന്നതാണ് ദു:ഖകരമായ സത്യം.
വമ്പന്‍ കമ്പനികളുടെ ചിന്താഗതി ഇങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ കമ്പനികളുടെ കാര്യം നേരെ മറിച്ചാണ്. വില എത്രകണ്ട് കുറച്ച് സ്മാര്‍ട്‌ഫോണുകള്‍ ഇറക്കാമെന്ന മത്സരത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ കമ്പനികള്‍. മൈക്രോമാക്‌സും കാര്‍ബണുമാണ് ഇക്കാര്യത്തില്‍ മത്സരിക്കുന്ന ബ്രാന്‍ഡുകള്‍. 6990 രൂപയ്ക്ക് 'ആന്‍ഡ്രോ' എന്ന പേരിലൊരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് മൈക്രോമാക്‌സ് ആണ് മത്സരത്തിന് തുടക്കം കുറിച്ചത്. മൈക്രോമാക്‌സിന്റെ വഴി പിന്തുടര്‍ന്ന് ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ സ്മാര്‍ട്‌ഫോണ്‍ മോഡലുകളിറക്കി. 7000-10000 രൂപ റേഞ്ചിലായിരുന്നു ഇവയുടെയൊക്കെ വില.
ഇപ്പോഴിതാ കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്‌ഫോണ്‍ ഇറക്കിക്കൊണ്ട് മൈക്രോമാക്‌സ് വീണ്ടും ചലനം സൃഷ്ടിക്കുന്നു.
നിഞ്ജ 4 എ87 (Ninja 4 A87) എന്നു പേരിട്ടിരിക്കുന്ന പുതിയ ഫോണിന് 6049 രൂപയാണ് വില. നാലിഞ്ച് സ്‌ക്രീന്‍ എന്നതാണ് നിഞ്ജയുടെ ആകര്‍ഷണം. വലിയ കമ്പനികളുടെ പതിനായിരം രൂപയ്ക്ക് താഴെ വിലയുള്ള സ്മാര്‍ട്‌ഫോണുകള്‍ക്കെല്ലാം മൂന്നിഞ്ച് സ്‌ക്രീനേ ഉള്ളൂ എന്നോര്‍ക്കണം. സാംസങ് ഗാലക്‌സി വൈ (മൂന്നിഞ്ച്- വില 7090 രൂപ), എച്ച്.ടി.സി. എക്‌സ്‌പ്ലോറര്‍ (3.2 ഇഞ്ച്- വില 8599 രൂപ), എല്‍.ജി. ഒപ്ടിമസ് (3.2 ഇഞ്ച്- വില 8299 രൂപ) എന്നിവ ഉദാഹരണം.
ഈ സാഹചര്യത്തിലാണ് 6049 രൂപയ്ക്ക് നാലിഞ്ച് സ്മാര്‍ട്‌ഫോണ്‍ ശ്രദ്ധേയമാകുന്നത്. സ്‌ക്രീന്‍വലിപ്പത്തില്‍ മാത്രമൊതുങ്ങുന്നില്ല മൈക്രോമാക്‌സ് നിഞ്ജയുടെ പെരുമ. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലാണ് ആ ത്രീജി ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഗിഗാഹെര്‍ട്‌സ് സി.പി.യു., 100 എം.ബി. സ്‌റ്റോറേജ്, രണ്ട് മെഗാപിക്‌സല്‍ ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, അസിസ്റ്റഡ് ജി.പി.എസ്. എന്നിവയും നിഞ്ജയുടെ സവിശേഷതകളാകുന്നു.
കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനിന്റെ റിസല്യൂഷന്‍ 480 ഃ 800 പിക്‌സല്‍സ്. 1400 എം.എ.എച്ച് ലി-അയണ്‍ ബാറ്ററിയാണ് ഫോണിലുള്ളത്. തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ സംസാരസമയവും 175 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബെയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. ഈ മാസം അവസാനത്തോടു കൂടി മൈക്രോമാക്‌സ് നിജ്ഞ വില്പനയ്‌ക്കെത്തും.
മൈക്രോമാക്‌സ് പുത്തനൊരു സ്മാര്‍ട്‌ഫോണ്‍ മോഡലിറക്കിയാല്‍ കാര്‍ബണ്‍ കമ്പനിക്ക് നോക്കിയിരിക്കാന്‍ പറ്റുമോ? അവരുമിറക്കി പുതിയൊരു സ്മാര്‍ട്‌ഫോണ്‍. പേര്
കാര്‍ബൊണ്‍ എ18 (Karbonn A18). മൈക്രോമാക്‌സ് നിഞ്ജയെക്കാള്‍ വില അല്‍പ്പം കൂടുതലാണിതിന് - 9790 രൂപ. പക്ഷേ അധികം മുടക്കുന്ന തുകയ്ക്ക് അനുസൃതമായി സ്‌പെസിഫിക്കേഷനുകളും വര്‍ധിക്കുന്നുണ്ട് എന്നത് പറയാതെവയ്യ.
ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് കാര്‍ബൊണ്‍ എ 18 പ്രവര്‍ത്തിക്കുന്നത്. 4.3 ഇഞ്ച് മള്‍ട്ടിടച്ച് കപാസിറ്റീവ് ഐ.പി.എസ്. സ്‌ക്രീനാണ് ഇതിനുള്ളത്. സാംസങ് എസ് 2 വിന്റെ അതേ സ്‌ക്രീന്‍ സൈസ്. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, നാല് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ട്, അസിസ്റ്റഡ് ജി.പി.എസ്., ബ്ലൂടുത്ത്, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നിവയും ഈ ഫോണിലുണ്ട്.
എല്‍.ഇ.ഡി. ഫ്ലാഷ്, ഓട്ടോഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍ എന്നിവയോടുകൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോകോളിങിനായി 1.3 മെഗാപികസല്‍ ഫ്രണ്ട് ക്യാമറയും എ 18ലുണ്ട്. തുടര്‍ച്ചയായ അഞ്ചുമണിക്കൂര്‍ സംസാരസമയം ഉറപ്പുതരുന്ന 1500 എം.എ.എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.