ഇന്ത്യന്‍ മൊബൈല്‍ കമ്പനികളില്‍ മൈക്രോമാക്‌സിനാണിപ്പോള്‍ നല്ല കാലം. മൈക്രോമാക്‌സ് അവതരിപ്പിക്കുന്ന മോഡലുകളെല്ലാം നന്നായി വിറ്റുപോകുന്നു. 1991 ല്‍ ഗുഡ്ഗാവ് ആസ്ഥാനമായി ആരംഭിച്ച തുടങ്ങിയ കമ്പനിയുടെ വിറ്റുവരവ് 368 കോടിരൂപയിലെത്തി നില്‍ക്കുകയാണിപ്പോള്‍.
മൂവായിരം രൂപയ്ക്ക് ഡ്യുവല്‍-സിം ഫോണുകള്‍ വില്പനയ്‌ക്കെത്തിച്ചു കൊണ്ടായിരുന്നു മിക്ക ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുടെയും പോലെ മൈക്രോമാക്‌സിന്റെയും തുടക്കം. ആന്‍ഡ്രോയ്ഡ് യുഗത്തിന്റെ വരവോടെ കമ്പനി വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് മോഡലുകളിറക്കാന്‍ തുടങ്ങി. അതു നന്നായി സ്വീകരിക്കപ്പെട്ടു. 2010 ആഗസ്തിന് അവതരിപ്പിക്കപ്പെട്ട കാന്‍വാസ് സീരീസ് സ്മാര്‍ട്‌ഫോണുകളാണ് മൈക്രോമാക്‌സിന്റെ വന്‍വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
വന്‍കിട കമ്പനികളുടെ വിലകൂടിയ സ്മാര്‍ട്‌ഫോണുകളോട് കിടപിടിക്കുന്നവയായി കാന്‍വാസ് സീരീസിലെ മോഡലുകളെല്ലാം. വില പതിനായിരം രൂപ റേഞ്ചില്‍ കൂടാതിരിക്കാനും മൈക്രോമാക്‌സ് ശ്രദ്ധിച്ചു. അതോടെ ചെറുപ്പക്കാരായ സ്മാര്‍ട്‌ഫോണ്‍ പ്രേമികളുടെ ശ്രദ്ധ കാന്‍വാസ് നിരയിലേക്ക് തിരിഞ്ഞു.
ഇതുവരെയായി 10 ലക്ഷം കാന്‍വാസ് ഫോണുകള്‍ വിറ്റഴിഞ്ഞുവെന്നാണ് മൈക്രോമാക്‌സ് അവകാശപ്പെടുന്നത്. കാന്‍വാസ് എച്ച്.ഡി. എന്ന മോഡലാണ് ഇവയില്‍ ഏറ്റവും ജനപ്രിയം. കഴിഞ്ഞ വാലന്റൈന്‍ ദിനത്തില്‍ മാത്രം 9000 കാന്‍വാസ് എച്ച്.ഡി. ഫോണുകള്‍ രാജ്യമൊട്ടാകെ വിറ്റുപോയിരുന്നു. കാന്‍വാസ് എച്ച്.ഡി.യുടെ വിജയത്തിന് പിന്നാലെ കാന്‍വാസ് സീരീസില്‍ തന്നെ പല പുതിയ മോഡലുകളും കമ്പനി വിപണിയിലെത്തിച്ചു. ഈ ശ്രേണിയിലെ ഏറ്റവും പുതിയ കടന്നുവരവാണ് കാന്‍വാസ് മ്യൂസിക് എ 88 ( Micromax Canvas Music A88 ) സ്മാര്‍ട്‌ഫോണ്‍.
പേര് സൂചിപ്പിക്കുന്നതുപോലെ സംഗീതപ്രിയരെ ആര്‍കര്‍ഷിക്കുന്ന തരത്തിലാണ് ഫോണിന്റെ നിര്‍മിതി. മൈക്രോമാക്‌സിന്റെ ഓണ്‍ലൈന്‍ കണ്ടന്റ് സ്‌റ്റോറായ എംലൈവില്‍ നിന്ന് മൂന്ന് ലക്ഷം പാട്ടുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ എ 88 ല്‍ അവസരമുണ്ട്. ലോകപ്രശസ്ത ഓഡിയോ ഇലക്‌ട്രോണിക്‌സ് കമ്പനിയായ ജെ.ബി.എല്ലിന്റെ ടെമ്പോ ഹെഡ്‌ഫോണും സൗജന്യമായി ഫോണിനൊപ്പം ലഭിക്കും.
ഒരു ഗിഗാഹെര്‍ട്‌സ് മീഡിയാടെക്ക് ഡ്യുവല്‍-കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 512 എം.ബി. റാമാണുള്ളത്. 480 ത 854 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ 4.5 ഇഞ്ച് സ്‌ക്രീനാണിതില്‍. കാന്‍വാസ് സീരീസില്‍ ആദ്യമായാണ് 4.5 ഇഞ്ച് വലിപ്പമുള്ളൊരു മോഡല്‍ വരുന്നത്. മറ്റെല്ലാ കാന്‍വാസ് ഫോണുകളും അഞ്ചിഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ളവയായിരുന്നു.
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിക് എ 88 ല്‍ ഡ്യുവല്‍ എല്‍.ഇ.ഡി. ഫ്ലാഷോടുകൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, വി.ജി.എ. ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. നാല് ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാനാകും.
വൈഫൈ, ബ്ലൂടൂത്ത് 4.0, ത്രി-ജി എന്നീ കണക്ടിവിറ്റി സങ്കേതങ്ങളുള്ള എ88 ല്‍ 1800 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ്, വെളുപ്പ് എന്നീ രണ്ടുനിറങ്ങളിലായി എത്തുന്ന ഫോണിന് 8500 രൂപയാണ് വില.