കാന്‍വാസ് എ 116 എച്ച്ഡി : മൈക്രോമാക്‌സിന്റെ ഫാബ്‌ലറ്റ്

Posted on: 18 Feb 2013


-സി.കെ.സന്തോഷ്‌





സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മൈക്രോമാക്‌സ് ചരിത്രം സൃഷ്ടിക്കുകയാണ്. തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ മൈക്രോമാക്‌സ് എ-116 എച്ച്.ഡി കാന്‍വാസിലൂടെ. കമ്പനിയുടെ വെബ്‌സൈറ്റിലൂടെയുള്ള ആദ്യ വില്‍പ്പനയില്‍ 24 മണിക്കൂറിനുള്ളില്‍ 9000 ഫോണുകളാണ് വില്‍ക്കപ്പെട്ടതതെന്നാണ് മൈക്രോമാക്‌സ് അവകാശപ്പെടുന്നു. റീട്ടെയില്‍ വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ഈ ഫോണിനുള്ള ബുക്കിങ്ങ് ഇപ്പോഴും വെബ്‌സൈറ്റ് വഴി നടന്നു വരികയാണ്. മിനുട്ടില്‍ ശരാശരി 25 ഫോണുകളാണ് വില്‍ക്കപ്പെടുന്നത്.

അഞ്ചിഞ്ച് സ്‌ക്രീനോടു കൂടിയ എ-116 കാന്‍വാസ് എച്ച്. ഡി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചര്‍ച്ചാവിഷയമായി കഴിഞ്ഞിരുന്നു. ഏറ്റവും മികച്ച സ്‌പെസിഫിക്കേഷനോടു കൂടിയ ഫോണ്‍ 15,000 രൂപയില്‍ താഴെ ലഭിക്കാന്‍ പോകുന്നു എന്നതു തന്നെയാണ് കാരണം. കാന്‍വാസ് സീരീസില്‍ നേരത്തെ മൈക്രോമാക്‌സ് പുറത്തിറക്കിയ രണ്ടു ഫോണുകളും (എ-100, എ-110) വിപണയില്‍ ഹിറ്റായിരുന്നു. ഹൈഡെഫിനിഷന്‍ സ്‌കീനോടു കൂടി വരുന്ന മൂന്നാമന്‍ ഒട്ടും മോശമാകില്ലെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. അത് ശരിവെക്കുന്നതുമായി ഇതിന്റെ വില്‍പ്പന റിക്കോര്‍ഡ്.

വലന്റൈന്‍ ദിനമായ ഫെബ്രവരി 14 ന് അര്‍ധരാത്രി മുതലാണ് സ്‌നാപ്പ്ഡീല്‍ വെബ്‌സൈറ്റ് വഴി കാന്‍വാസ് എച്ച് ഡിയുടെ വില്‍പ്പന ആരംഭിച്ചത്. വില 13,990 രൂപ. ആദ്യ 15 മിനുട്ടിനുള്ളില്‍ 500 ഫോണുകള്‍ വിറ്റഴിഞ്ഞു. കാലത്ത് ഒന്‍പത് മണിക്ക് വീണ്ടും ഒരു 300 എണ്ണം. അടുത്ത 1200 എണ്ണം വിറ്റഴിക്കപ്പെട്ടത് വെറും 45 മിനുട്ടിനുള്ളിലാണ്. അതോടെ സ്‌റ്റോക്ക് തീര്‍ന്നു. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ഫോണുകള്‍ 21 ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്.

ഒരുപക്ഷേ, ഇന്ത്യയില്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ എ-119 കാന്‍വാസ് എച്ച്ഡി ആയേക്കും. അതേ സമയം ഈ ഫോണ്‍ എന്നു മുതല്‍ റീട്ടെയില്‍ കടകളില്‍ ലഭിക്കുമെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കുന്നില്ല. ഓണ്‍ലൈന്‍ വഴി തന്നെ പരമാവധി വില്‍പ്പന നടത്താനാണ് മൈക്രോമാക്‌സ് ഉദ്ദേശിക്കുന്നത്.

ഇനി എന്താണ് ഇതിനെ ഇത്രയും ഹിറ്റാക്കാന്‍ കാര്യമെന്നു നോക്കാം. ഫാബ്‌ലറ്റുകള്‍ക്ക് പ്രിയമേറുന്ന കാലത്ത് മൈക്രോമാക്‌സും കാന്‍വാസ് എച്ച്ഡിയിലൂടെ തങ്ങളുടെ ആദ്യ ഫാബ്‌ലറ്റുമായി രംഗത്തെത്തുകയാണ്. ഹൈഡെഫിനിഷനോടു കൂടിയ അഞ്ചിഞ്ച് (1280 x 720 പിക്‌സലോടെയുള്ള) ഐപിഎസ് സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം (4.1.2 ജെല്ലിബീന്‍.) 1.2 ഗിഗാഹെഡ്‌സ് ക്വാഡ്-കോര്‍ പ്രൊസസര്‍, 1 ജിബി റാം എന്നിവയൊക്കെ ഇവനെ കരുത്തനാക്കുന്നു. ഈ സ്‌പെസിഫിക്കേഷനോടു കൂടിയ സാംസങ്ങിന്റെയോ സോണിയുടേയോ എച്ച്.ടി.സിയുടേയോ ഒരു ഫോണ്‍ സ്വന്തമാക്കണമെങ്കില്‍ 25,000 രൂപയ്ക്കു മുകളില്‍ വരുമെന്നുറപ്പ്. അപ്പോള്‍ ഏകദേശം പകുതി വിലയ്ക്ക് അത്തരത്തില്‍ ഒരു ഫോണ്‍ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് മിക്കവരും.

രണ്ട് സിം ഉപയോഗിക്കാവുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ പിന്നിലെ ക്യാമറ 8 എംപിയാണ്. മുന്‍വശത്തേത്ത് 2 എംപിയും. ലെഡ് ഫ്ലാഷ് ഉണ്ട്. 4 ജിബി ഇന്റേണല്‍ മെമ്മറിയുണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്നത് 1.77 ജിബി മാത്രം. മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാം. അഞ്ച് മണിക്കൂര്‍ ടോക്ക് ടൈം തരുന്ന 2000 mAh ബാറ്ററിയും ഉണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇളക്കമുണ്ടാക്കാന്‍ ഇനിയെന്തു വേണം.

സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി ഗ്രാന്റ്ിനായിരിക്കും കാന്‍വാസ് എച്ച്ഡി ഏറ്റവും വലിയ വെല്ലുവിളിയാകുക. 800 x 480 പിക്‌സലും ഡ്യുവല്‍ കോര്‍ പ്രൊസസറും മാത്രമുള്ള ഇതിന്റെ വില 21,500 രൂപയാണ്. അതേസമയം മൈക്രോമാക്‌സിന്റെ ഈ വെല്ലുവിളി നേരിടാന്‍ മറ്റ് ഇന്ത്യന്‍ കമ്പനികള്‍ അണിയറയില്‍ ഒരുക്കം തുടങ്ങി എന്ന സന്തോഷവാര്‍ത്തയുമുണ്ട്. 10,000 രൂപയ്ക്ക് മികച്ച ഫാബ്‌ലറ്റുകള്‍ ലഭിക്കുന്ന കാലം വിദൂരമല്ലെന്നര്‍ഥം.

cksantosh1@gmail.com


Stories in this Section