ബ്ലാക്ക്‌ബെറിക്കൊരു ആഫ്രിക്കന്‍ പ്രതിയോഗി

Posted on: 30 May 2010


-പി.എസ്.രാകേഷ്‌



കമ്പനികളുടെ എണ്ണപ്പെരുപ്പം കൊണ്ട് ശ്വാസം വിടാനാകാതെ വീര്‍പ്പുമുട്ടുകയാണ് ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വിപണി. ആഴ്ചതോറും പുതിയ കമ്പനികള്‍ രംഗത്തുവരുന്നു. അവരൊക്കെ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. വെല്ലുവിളി തിരിച്ചറിഞ്ഞ നോക്കിയ അടക്കമുള്ള വന്‍ കമ്പനികളാകട്ടെ വില കുറഞ്ഞ പുതിയ ഫോണുകള്‍ മത്സരിച്ചിറക്കിക്കൊണ്ട് കച്ചവടം കൊഴുപ്പിക്കുന്നു. ഇതിനിടയിലാണ് മൈ-ഫോണ്‍ എന്ന ആഫ്രിക്കന്‍ കമ്പനിയുടെ രംഗപ്രവേശം.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പതിനഞ്ചോളം രാജ്യങ്ങളില്‍ വിറ്റഴിക്കപ്പെടുന്ന മൈ-ഫോണ്‍ അവിടങ്ങളിലെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകളിലൊന്നാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ആളുകള്‍ക്കെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൈ-ഫോണ്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ മൈ-ഫോണ്‍ വിശദമായ വിപണിപഠനങ്ങള്‍ക്കുശേഷം കഴിഞ്ഞയാഴ്ച മൂന്നു മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കി. നോക്കിയയും സാംസങുമൊന്നുമല്ല ബ്ലാക്ക്‌ബെറിയാണ് തങ്ങളുടെ എതിരാളികളെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മൈ-ഫോണ്‍ പുതുഫോണുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. കമ്പനിയുടെ പരസ്യങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ബ്ലാക്ക്‌ബെറിയുടെ അതേ രൂപത്തിലുള്ള ഫോണുകളാണ് മൂന്നും. ബ്ലാക്ക്‌ബെറിയുടെ വില ഇരുപതിനായിരത്തിനു മുകളിലേക്കാണെങ്കില്‍ 2500 മുതല്‍ 4000 രൂപ വരെയാണ് മൈ-ഫോണ്‍ മോഡലുകളുടെ വില. ബ്ലാക്ക്‌ബെറിയിലുളള സൗകര്യങ്ങളും സംവിധാനങ്ങളുമൊന്നും കാര്യമായില്ലെങ്കിലും കാഴ്ചയില്‍ മൈ-ഫോണ്‍ ഒരുപടി മുന്നില്‍ നില്‍ക്കുമെന്നുറപ്പ്. അതുകൊണ്ടാകും ബ്ലാക്ക്‌ബെറിയോടു തന്നെ യുദ്ധം പ്രഖ്യാപിക്കാന്‍ ഈ ആഫ്രിക്കന്‍ കമ്പനി തയ്യാറായത്്.

മൈ-ഫോണ്‍ ഇന്ത്യക്കാര്‍ക്കായി അവതരിപ്പിച്ച മൂന്ന് മോഡലുകള്‍ പരിചയപ്പെടാം.


മൈ-ക്യു പ്ലസ് (Mi-Q+) : ഇതൊരു ബേസിക് മോഡലാണെന്ന് കമ്പനി തന്നെ പറയുന്നു. മൂന്നെണ്ണത്തില്‍ ഏറ്റവും വിലക്കുറവും ഇതിനു തന്നെ, 2500 രൂപ. ജി.പി.ആര്‍.എസ്., വാപ്പ് (വയര്‍ലെസ് അപ്ലിക്കേഷന്‍ പ്രോട്ടോകോള്‍), എം.എം.എസ്., എഫ്.എം. റേഡിയോ, ടോര്‍ച്ച് എന്നിവ ഈ ഫോണിലുണ്ട്. എളുപ്പത്തിലുള്ള മെസേജ് ടൈപ്പിങിനായി കമ്പ്യൂട്ടര്‍ മാതൃകയിലുള്ള ക്യൂവെര്‍ട്ടി കീപാഡാണ് മൈ-ക്യൂ പ്ലസിലുള്ളത്.


മൈ-ക്യൂ വണ്‍ (Mi-Q1) : ഡ്യുവല്‍ സിം, ക്യുവെര്‍ട്ടി കീപാഡ്. ജി.പി.ആര്‍.എസ്., വാപ്പ്, എം.എം.എസ്. എന്നിവയ്‌ക്കൊപ്പം എം.പി ത്രി, വീഡിയോ ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വീഡിയോ പ്ലെയറും ക്യു വണ്ണിലുണ്ട്. ഒരു ജി.ബി. കാര്‍ഡ് വരെ സപ്പോര്‍ട്ട് ചെയ്യുന്ന മോഡലാണിത്്. വില 3,399 രുപ.


മൈ-ക്യു ഫൈവ് (Mi-Q5) : മൂന്നു മോഡലുകളില്‍ ഏറ്റവും വിലക്കൂടുതല്‍ ക്യൂ വണ്ണിനാണ്, 3,999 രുപ. ആദ്യത്തെ രണ്ടു മോഡലുകളിലുമുള്ള എല്ലാ സൗകര്യങ്ങളും ഇതിലുമുണ്ട്്. ഒപ്പം ബ്ലൂടൂത്തും ജാവയും. അതിവേഗ ഇന്റര്‍നെറ്റും എളുപ്പത്തിലുള്ള ഫേസ്ബുക്ക് ആക്‌സസുമാണ് ജാവ അപ്ലിക്കേഷന്‍ കൊണ്ടുള്ള ഗുണങ്ങള്‍. അനലോഗ് മോഡില്‍ സംപ്രേക്ഷണം ചെയ്യുന്ന ടി.വി. പരിപാടികള്‍ കാണാനും ഈ ഫോണില്‍ സൗകര്യങ്ങളുണ്ട്. നമ്മുടെ നാട്ടിലെ ദൂരദര്‍ശനും ഡി.ഡി. മെട്രോയുമൊക്കെ കാശു ചെലവില്ലാതെ മൊബൈലില്‍ കാണാമെന്നര്‍ഥം.

മൂന്നു മോഡലുകളും നിലവില്‍ ഹോം ഷോപ്പ് 18 നെറ്റ്‌വര്‍ക്കിലൂെടയും ആദിത്യബിര്‍ല ഷോപ്പുകളിലൂെടയും മാത്രമാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. എന്നാല്‍, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എല്ലാ മൊബൈല്‍കടകളിലും ഈ ഫോണുകളെത്തുമെന്ന് പ്രതീക്ഷിക്കാം.



TAGS:


Stories in this Section