ലണ്ടന്‍: ആയാസരഹിതമായി ഉത്പാദിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന 'മേസര്‍' കിരണങ്ങള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. വൈദ്യശാസ്ത്രത്തില്‍മുതല്‍ ജ്യോതിശാസ്ത്രത്തില്‍ വരെ ഉപയോഗപ്പെടുത്താവുന്ന ഈ സാങ്കേതിക വിദ്യ വെകാതെ ലേസറിനെ പിന്തള്ളുമെന്നാണ് കരുതുന്നത്.
ഒരേ ആവൃത്തിയുള്ള ദൃശ്യപ്രകാശത്തിന്റെ പുഞ്ജമാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലേസര്‍. ഒരു ബിന്ദുവിലേക്ക് സമ്മേളിക്കുമ്പോള്‍ അത്യധികം ഊര്‍ജം കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് അതിന്റെ സവിശേഷത. എത്ര ദൂരം സഞ്ചരിച്ചാലും വളരെക്കുറച്ചുമാത്രമേ അവ പരക്കുകയുള്ളൂ. ചോരചിന്താത്ത ശസ്ത്രക്രിയയ്ക്കും ഇരുമ്പു തകിടുകള്‍ കൃത്യതയോടെ മുറിക്കാനും വെല്‍ഡു ചെയ്യാനും വൈദ്യുതാലങ്കാരത്തിനുമെല്ലാം ഈ കിരണങ്ങളെ ഉപയോഗപ്പെടുത്താനാവുന്നത് ഈ സവിശേഷതകള്‍ കാരണമാണ്.
ഏറെക്കുറെ ലേസറിനു സമാനമാണ് മേസറും. ലേസറിന്റെ തരംഗങ്ങള്‍ ദൃശ്യ മേഖലയിലാണെങ്കില്‍ മേസറിന്‍േറത് കണ്ണുകൊണ്ടു കാണാനാവത്ത മൈക്രോ വേവ് മേഖലയിലാണെന്നു മാത്രം. ലേസര്‍ കണ്ടുപിടിക്കുന്നതിനു മുമ്പു തന്നെ മേസര്‍ കണ്ടുപിടിച്ചിരുന്നു. മേസറുണ്ടാക്കാനുള്ള ആദ്യ ഉപകരണം 1953-ല്‍ നിര്‍മിക്കുകയും ചെയ്തു. പക്ഷേ മേസറിന്റെ സൃഷ്ടിക്ക് ശക്തിയേറിയ കാന്തിക മേഖല വേണമായിരുന്നു. ചുടു കുറയ്ക്കാന്‍ ശീതീകരണ സംവിധാനവും വേണം. ഈ ചെലവു കാരണം മേസര്‍ വിസ്മൃതിയിലേക്കു നീങ്ങി. ലേസര്‍ പ്രചാരം നേടുകയും ചെയ്തു.
അന്തരീക്ഷ ഊഷ്മാവില്‍ത്തന്നെ മേസര്‍ നിര്‍മിക്കാനുള്ള വിദ്യയാണ് ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ശക്തിയേറിയ കാന്തിക മേഖലയും വേണ്ട. ഇന്ന് ലേസര്‍കൊണ്ടു ചെയ്യുന്ന മിക്ക ജോലികളും അദൃശ്യമായ മേസര്‍കൊണ്ടു ചെയ്യാനാവും. ദൃശ്യപ്രകാശമായ ലേസറിന് മനുഷ്യ ശരീരത്തിലൂടെ തുളച്ചു കയറാന്‍ കഴിയില്ല. എന്നാല്‍ മേസറിന് അതു പറ്റും. അതുകൊണ്ടു തന്നെ സ്‌കാനറുകളില്‍ ഫലപ്രദമായി അതുപയോഗിക്കാന്‍ കഴിയും. രോഗ നിര്‍ണയ മേഖലയില്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ (എന്‍.പി.എല്‍)യും യു.കെ.യില്‍ ലണ്ടന്‍ ഇംപീരിയില്‍ കോളേജിലെയും ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍.
നേച്ചര്‍ മാഗസിനാണ് പുതിയ ഗവേഷണ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
മൈക്രോവേവ് ആംപ്ലിഫൈഡ് ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് മേസര്‍. ലൈറ്റ് ആംപ്ലിഫൈഡ് ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍ എന്നതിന്റെ ചുരുക്കമാണ്
ലേസര്‍.