കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് ചൊവ്വാ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റിയെ 'സേഫ് മോഡി'ലാക്കിയതായി നാസ അധികൃതര്‍ അറിയിച്ചു. ക്യൂരിയോസിറ്റിയുടെ കമ്പ്യൂട്ടറിലെ ഫയലുകള്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഈ നടപടി.
ചൊവ്വാപ്രതലത്തില്‍ ജീവന്റെ സാന്നിധ്യം തേടുന്ന റോബോട്ടിക് വാഹനമാണ് ക്യൂരിയോസിറ്റി. പാറ തുരന്നുള്ള വിശകലനം ക്യൂരിയോസിറ്റി തുടരുന്നതിനിടെയാണ് ഈ പ്രശ്‌നം. മനുഷ്യനിര്‍മിതമായ ഒരു വാഹനം അന്യഗ്രഹത്തില്‍ പാറ തുരന്ന് പരിശോധിക്കുന്നത് ആദ്യമായാണ്.
ക്യൂരിയോസിറ്റിയുടെ ഫ് ളാഷ് മെമ്മറിയിലുള്ള ഫയലുകള്‍ തകരാറിലായതിന്റെ കാരണം എന്താകാമെന്ന് നാസ എന്‍ജിനിയര്‍മാര്‍ പരിശോധിച്ചു വരികയാണ്. കഴിഞ്ഞയാഴ്ചയാണ് ക്യൂരിയോസിറ്റിക്ക് കമ്പ്യൂട്ടര്‍ തകരാറുണ്ടായത്. കോസ്മിക് കിരണങ്ങളേറ്റാകാം കമ്പ്യൂട്ടര്‍ ഫയലുകള്‍ തകരാറിലായതെന്ന് കരുതുന്നു.
മുഖ്യകമ്പ്യൂട്ടറില്‍ തകരാറുണ്ടായതിനെ തുടര്‍ന്ന്, ബാക്ക്-അപ് കമ്പ്യൂട്ടര്‍ റികോണ്‍ഫിഗര്‍ ചെയ്ത് പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കും വരെ ക്യൂരിയോസിറ്റിക്ക് പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്.
ആ പ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടത്തിലാണ് തങ്ങളെന്ന്, ക്യൂരിയോസിറ്റി പ്രൊജക്ട് മാനേജര്‍ റിച്ചാര്‍ഡ് കുക്ക് ഒരു അഭിമുഖത്തില്‍ അറിയിച്ചു. പുനര്‍ കോണ്‍ഫിഗരേഷന്‍ പൂര്‍ത്തിയാക്കാനും കാര്യങ്ങള്‍ പഴയപടി ആക്കാനും ഒരാഴ്ചയോളം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വായില്‍ പാറ തുരന്നുള്ള പരിശോധന തുടരുന്ന വേളയിലുണ്ടായ തകരാര്‍ നിരാശാജനകമാണ്. കഴിഞ്ഞ മാസമാണ് ക്യൂരിയോസിറ്റി അതിന്റെ
റോബോട്ടിക് കരമുപയോഗിച്ച് പാറ തുരന്നത്. വാഹനത്തിലുള്ള ലാബില്‍ അതിന്റെ വിശകലനം തുടരുകയാണ്.
ക്യൂരിയോസിറ്റിയുടെ മുഖ്യകമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുംമുമ്പ്, സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റുകള്‍ പരിശോധിക്കാനാണ് ഇതുവരെ ബാക്ക്-അപ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നത്.
ചൊവ്വാപ്രതലത്തിലിറങ്ങാന്‍ ആവശ്യമായ സോഫ്റ്റ്‌വേര്‍ മാത്രമാണ് വിക്ഷേപണ വേളയില്‍ ക്യൂരിയോസിറ്റിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നത്. ചൊവ്വായിലിറങ്ങിയ ശേഷം വിദൂര നിയന്ത്രണ സംവിധാനം വഴി സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയാണ് നാസ അവലംബിച്ചത്.