|
ക്യൂരിയോസിറ്റി ചൊവ്വാപ്രതലത്തില്‍ നിന്ന് പരിശോധനയ്ക്ക് മണ്ണെടുത്ത അടയാളം. വാഹനത്തിലെ 'മാര്‍സ് ഹാന്‍ഡ് ലെന്‍സ് ഇമേജര്‍' ആണ് ഈ ദൃശ്യമെടുത്തത്
|
ചൊവ്വാപ്രതലത്തില്‍ കാര്‍ബണിന്റെ സാന്നിധ്യം ഉള്ളതായി സൂചന. നാസയുടെ ക്യൂരിയോസിറ്റി വാഹനം നടത്തിയ പരിശോധനയിലാണ് ഈ വിവരം ലഭിച്ചത്.
ജീവന്റെ നിലനില്‍പ്പിന് അനുകൂല സാഹചര്യമോ രാസഘടകങ്ങളോ ചൊവ്വാപ്രതലത്തിലുണ്ടോ എന്നന്വേഷിക്കുകയാണ് ക്യൂരിയോസിറ്റി വാഹനത്തിന്റെ ദൗത്യം. അതിനുള്ള പരിശോധനയ്ക്കിടെയാണ്, ജീവന്റെ അടിസ്ഥാനഘടകങ്ങളിലൊന്നായ കാര്‍ബണിന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചത്.
ഭൂമിയില്‍ ജീവന്റെ ഉത്ഭവത്തിന് കാരണമായ ഘടകങ്ങളിലൊന്ന് കാര്‍ബണിന്റെ സാന്നിധ്യമാണ്. എന്നാല്‍, ആ മൂലകം അതേ റോളാണോ ചൊവ്വായില്‍ വഹിക്കുന്നതെന്ന് വ്യക്തമല്ല.
'എവിടെയെങ്കിലും കാര്‍ബണ്‍ ഉണ്ടെന്ന സംഗതിക്ക് ജീവനുമായി ബന്ധമുണ്ടാകണമെന്നില്ല. ജീവനനുകൂലമായ സാഹചര്യം വേണമെന്നുമില്ല'-ക്യൂരിയോസിറ്റി ദൗത്യത്തിന് നേതൃത്വം നല്‍കുന്ന കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജോണ്‍ ഗ്രോറ്റ്‌സിംഗര്‍ അറിയിച്ചു.
|
|
ക്യൂരിയോസിറ്റി വാഹനം ചൊവ്വാപ്രതലത്തില്‍ - ചിത്രകാരന്റെ ഭാവന |
ഓര്‍ഗാനിക് മൂലകമായ കാര്‍ബണ്‍ ഉണ്ടെങ്കിലും, വെള്ളമില്ലെങ്കില്‍ കാര്യമല്ല. വാസയോഗ്യമായ ഒരു പരിസ്ഥിതി ഉണ്ടാകില്ല - ഗ്രേറ്റ്‌സിംഗര്‍ പറഞ്ഞു. ഇനി, കാര്‍ബണും ജലവും ഉണ്ടെന്ന് തന്നെയിരിക്കട്ടെ. എങ്കില്‍പ്പോലും സള്‍ഫര്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, നൈട്രജന്‍ തുടങ്ങിയ മൂലകങ്ങളുടെയും സാന്നിധ്യം, ജീവന്റെ ആവിര്‍ഭാവത്തിന് കൂടിയേ തീരൂ.
നാസയുടെ ക്യൂരിയോസിറ്റി വാഹനം
കഴിഞ്ഞ ആഗസ്തിലാണ് ചൊവ്വയുടെ ഗ്രഹമധ്യരേഖയ്ക്ക് സമീപമുള്ള താഴ്‌വരയില്‍ ഇറങ്ങിയത്. ആ താഴ്‌വരയില്‍ ഒരുകാലത്ത് വെള്ളമുണ്ടായിരുന്നതായി
ക്യൂരിയോസിറ്റി ഇതിനകം സ്ഥിരീകരിച്ചു.
ചൊവ്വാപ്രതലത്തിലെ കാര്‍ബണ്‍ സാന്നിധ്യം എങ്ങനെ വന്നവെന്ന് ഗവേഷകര്‍ക്ക് നിശ്ചയമില്ല. ധൂമകേതുക്കള്‍ വഴിയോ, ക്ഷുദ്രഗ്രഹങ്ങളിലൂടെയോ എത്തിയതാണോ, അതോ ചൊവ്വായില്‍ തന്നെ എന്നെങ്കിലും ജൈവപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടായതാണോ എന്ന് അറിയില്ല.
ഏതായാലും, ജീവന്റെ ഉത്ഭവത്തിന് കാരണമായ രാസവസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നിന്റെ സാന്നിധ്യത്തെക്കുറിച്ച് ചൊവ്വായില്‍ നിന്ന് സൂചന ലഭിച്ചു എന്നതാണ് ഇതിന്റെ പ്രധാന്യം.