ചൊവ്വയില്‍ പാറ തുരന്ന് ക്യൂരിയോസിറ്റി ചരിത്രം സൃഷ്ടിച്ചു

Posted on: 10 Feb 2013



ക്യൂരിയോസിറ്റി പാറ തുറന്നപ്പോള്‍



ചൊവ്വാഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നോ എന്നറിയാന്‍, ഗ്രഹോപരിതലത്തില്‍ പാറ തുരന്നുള്ള പരീക്ഷണം നാസയുടെ റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റി ആരംഭിച്ചു.

അതിനായി ലക്ഷ്യസ്ഥാനത്തെ ശിലാപ്രതലം രണ്ടു സെന്റീമീറ്റര്‍ ആഴത്തില്‍ തുരന്ന് സാമ്പിള്‍ ശേഖരിക്കാന്‍ ക്യൂരിയോസിറ്റിക്ക് കഴിഞ്ഞു. വാഹനത്തിലെ ചെറു പരീക്ഷണശാലയില്‍ ആ പാറപ്പൊടി വരുംദിവസങ്ങളില്‍ പരിശോധിക്കും. ആദ്യമായാണ് ക്യൂരിയോസിറ്റി പാറ തുരക്കുന്നത്.

ക്യൂരിയോസിറ്റിക്ക് പാറ തുരന്ന് സാമ്പിളെടുക്കാന്‍ സാധിച്ചത് വലിയ മുന്നേറ്റമായി നാസ വിലയിരുത്തുന്നു. ഗ്രഹാന്തര പര്യവേക്ഷണങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ്, ഒരു അന്യഗ്രഹത്തിലെ ശില ഇത്തരത്തില്‍ പരിശോധിക്കാന്‍ സാധിക്കുന്നത്.

'കഴിഞ്ഞ ആഗസ്തില്‍ ക്യൂരിയോസിറ്റി വാഹനം ചൊവ്വായിലിറങ്ങിയ ശേഷം ഏറ്റവും വലിയ നാഴികക്കല്ലാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയെ സംബന്ധിച്ച് അഭിമാനാര്‍ഹമായ മറ്റൊരു ദിനമാണിത്'- ക്യൂരിയോസിറ്റി ദൗത്യത്തിന്റെ മുഖ്യഗവേഷകന്‍ പ്രൊഫ.ജോണ്‍ ഗ്രോട്ടിസിന്‍ഗര്‍ പറഞ്ഞു.

ചൊവ്വായുടെ ഗ്രഹമധ്യരേഖാപ്രദേശത്തെ ഗെയ്ല്‍ ക്രാറ്ററിലാണ് ക്യൂരിയോസിറ്റി പര്യവേക്ഷണം തുടരുന്നത്. ദൗത്യത്തിലെ ഏറ്റവും പ്രധാന കര്‍ത്തവ്യമാണ് പാറ തുരന്ന് സാമ്പിളെടുത്ത് പരിശോധിക്കുക എന്നത്.

ക്യൂരിയോസിറ്റി വാഹനം ചൊവ്വാപ്രതലത്തില്‍ - ചിത്രകാരന്റെ ഭാവന



ഏതെങ്കിലും കാലത്ത് ജീവന്റെ നിലനില്‍പ്പിന് അനുകൂല സാഹചര്യം ചൊവ്വായിലുണ്ടായിരുന്നോ എന്നറിയുകയാണ് ക്യൂരിയോസിറ്റിയുടെ ദൗത്യം. അവിടുത്തെ പാറകളുടെ ഉള്ളടക്കം വിശകലനം ചെയ്താല്‍ ഇതു സംബന്ധിച്ച സുപ്രധാന സൂചനകള്‍ ലഭിക്കുമെന്ന് ശാസ്ത്രലോകം കരുതുന്നു.

ക്യൂരിയോസിറ്റിയുടെ 2.2 മീറ്റര്‍ നീളമുള്ള റോബോട്ടിക് കരത്തിന്റെ അറ്റത്താണ് പാറ തുറക്കാനുള്ള ഉപകരണം സ്ഥിതിചെയ്യുന്നത്. അതുപയോഗിക്കാന്‍ നാസ എന്‍ജിനിയര്‍മാര്‍ ആറുമാസം കാത്തു.

പാറതുരക്കലിന്റെ ഭാഗമായുണ്ടായ പൊടി, ക്യൂരിയോസിറ്റിയിലെ 'ചെമിന്‍, സാം ലാബുകളി'ല്‍ പരിശോധിക്കും. പാറയുടെ രാസഉള്ളടക്കവും ധാതുഘടകങ്ങളുമേതെന്ന് കൃത്യമായി മനസിലാക്കാന്‍ അതുവഴി സാധിക്കും.

ചൊവ്വാ പ്രതലത്തില്‍ വെള്ളമൊഴുകിയതിന്റെ തെളിവ് ഇതിനകം ക്യൂരിയോസിറ്റി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ പുതിയ പരിശോധന വഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.
TAGS:
mars  |  solar system  |  nasa  |  mars rover  |  curiosity  |  space exploration  |  science 


Stories in this Section