ചൊവ്വയില്‍ ജീവന്‍ നിലനിന്നതിന് ഒരു തെളിവ് കൂടി

Posted on: 13 Mar 2013




ചൊവ്വാഗ്രഹത്തില്‍ പ്രാചീനകാലത്ത് സൂക്ഷ്മരൂപത്തിലെങ്കിലും ജീവന്‍ നിലനിന്നിരുന്നു എന്നതിന് തെളിവ് കൂടി നാസക്ക് ലഭിച്ചു. ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റി നടത്തിയ ശിലാപരിശോധനയിലാണ് പുതിയ തെളിവ് കിട്ടിയത്.

ഫിബ്രവരി രണ്ടാംവാരത്തില്‍ ക്യൂരിയോസിറ്റി ചൊവ്വാപ്രതലത്തിലെ ഒരു പാറ തുറന്ന് പൊടി ശേഖരിച്ചിരുന്നു. ക്യൂരിയോസിറ്റിയിലെ ചെറുലാബുകളില്‍ ആ പാറപ്പൊടി പരിശോധിച്ചപ്പോള്‍, അതില്‍ കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യമുള്ളതായി കണ്ടു. ഇത് വളരെ നിര്‍ണായകമായി ഗവേഷകര്‍ കരുതുന്നു.

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചില പ്രദേശങ്ങളിലെങ്കിലും ജീവന് അനുകൂലമായി സാഹചര്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യമെന്ന് നാസ ഗവേഷകര്‍ പറയുന്നു.

ഒരുകാലത്ത് ശുദ്ധജലം അവിടെ ഉണ്ടായിരുന്നതിന്റെ വ്യക്തമായ സൂചനയാണ് കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യം. തീര്‍ച്ചയായും ജീവന് അനുകൂലമായ സാഹചര്യമാണ് അതുവഴി നിലനിന്നിരിക്കുക.

ക്യൂരിയോസിറ്റി പര്യവേക്ഷണം നടത്തുന്നത് ചൊവ്വയിലെ ഗ്രഹമധ്യമേഖലയിലെ ഗേല്‍ താഴ്‌വരയിലാണ്. അവിടെ നിന്ന് തുറന്നെടുത്ത പാറപ്പൊടി ക്യൂരിയോസിറ്റിയിലെ രണ്ട് ലാബുകളില്‍ -സാം, ചെമിന്‍ എന്നിവയില്‍ - പരിശോധിച്ചു.

പാറപ്പൊടിയില്‍ 20-30 ശതമാനം 'സ്‌മേക്‌റ്റൈറ്റ്' (smectite) എന്ന വിഭാഗത്തില്‍ പെടുന്ന കളിമണ്ണ് ധാതുക്കളാണെന്ന് പരിശോധയില്‍ തെളിഞ്ഞു. അതേസമയം, കാര്യമായ ലവണ സാന്നിധ്യം അതില്‍ കണ്ടുമില്ല. ഇതിനര്‍ഥം, ശുദ്ധജലം സുലഭമായിരുന്ന ഒരു പരിസ്ഥിതിയിലാണ് ആ പാറ രൂപപ്പെട്ടത് എന്നാണ്.

ഒരു പ്രചീന തടാകത്തിന്റെ അടിത്തട്ടിലാണ് ക്യൂരിയോസിറ്റി ഇപ്പോള്‍ പര്യവേക്ഷണം നടത്തുന്നതെന്നും ഗവേഷകര്‍ കരുതുന്നു.

സള്‍ഫര്‍, നൈട്രജന്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, കാര്‍ബണ്‍ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും പരിശോധനയില്‍ കണ്ടു. ഇവയില്‍ മിക്കതും ജീവന്റെ രാസഘടകങ്ങളാണെന്നോര്‍ക്കുക.

ഒപ്പം, ഓക്‌സീകരിക്കപ്പെട്ട അവസ്ഥയിലുള്ള രാസസംയുക്തങ്ങളുടെ നിരയും ക്യൂരിയോസിറ്റി തിരിച്ചറിഞ്ഞു. ഇലക്ട്രോണുകളുടെ പരസ്പര കൈമാറ്റത്തിന് വഴിയൊരുക്കുന്ന സാഹചര്യം പണ്ട് ഉണ്ടായിരുന്നു എന്നതിന് തെളിവാണത്. ഗേല്‍ താഴ്‌വരയില്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനമാകാം ഒരുകാലത്ത് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

അടുത്തയിടെ ക്യൂരിയോസിറ്റിയിലെ മുഖ്യകമ്പ്യൂട്ടറിനെ സോഫ്റ്റ്‌വേര്‍ തകരാര്‍ പിടികൂടിയിരുന്നു. അതിനാല്‍ ക്യൂരിയോസിറ്റിക്ക് റിസര്‍വ് കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കേണ്ടി വന്നു.
TAGS:
mars rover  |  curiosity  |  mars  |  science  |  solar system  |  nasa  |  space exploration 


Stories in this Section