മാകിനും ഭീഷണി; ആറുലക്ഷം ആപ്പിള്‍ കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചു

Posted on: 06 Apr 2012


-സ്വന്തം ലേഖകന്‍



'കടുവയെ കിടുവ പിടിച്ചു' എന്നതുപോലെയായി കാര്യം. വൈറസിന് പിടിക്കാന്‍ പറ്റാത്തതാണ് നിങ്ങളുടെ മാക് എന്ന അഹങ്കാരം ഇനി വേണ്ട. വിവിധ രാജ്യങ്ങളിലായി ഏതാണ്ട് ആറുലക്ഷത്തോളം മാക് കമ്പ്യൂട്ടറുകളെ 'ഫ് ളാഷ്ബാക്ക് ട്രോജന്‍' എന്ന വൈറസ് ബാധിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടറുകള്‍ കെണിയില്‍പെട്ടത്.



മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഒഎസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെ മാത്രമേ വന്‍തോതില്‍ വൈറസ് ബാധിക്കൂ എന്നാണ് പൊതുവെയുള്ള ധാരണ. ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകളും വൈറസ് മുക്തമല്ലെന്ന് പുതിയ സംഭവം വ്യക്തമാക്കുന്നു.

മാക് കമ്പ്യൂട്ടറുകളില്‍ വൈറസ് പടരുന്ന കാര്യം ആദ്യം കണ്ടെത്തിയത് ഫിന്‍ലന്‍ഡ് കേന്ദ്രമായുള്ള കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ എഫ്-സെക്യൂര്‍ (F-Secure) ആണ്. റഷ്യന്‍ ആന്റി-വൈറസ് സ്ഥാപനമായ ഡോ.വെബ്ബ് (Dr.Web), മാക് വൈറസ്ബാധയുടെ വ്യാപ്തി നിര്‍ണയിച്ചു.

BackDoor.Flashback
എന്ന് നാമകരണംചെയ്ത ഫ് ളാഷ്ബാക്ക് ട്രോജന്‍, അഞ്ചരലക്ഷത്തിലേറെ മാക് കമ്പ്യൂട്ടറുകളില്‍ ബാധിച്ചതായി ഡോ.വെബ്ബ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. 'മാക് ഒഎസ് എക്‌സ്' (Mac OS X) പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്.

വിവിധ രാജ്യങ്ങളിലെ വൈറസ്ബാധയുടെ തോത്-ഡോ.വെബ്ബ് പുറത്തുവിട്ടത്‌


'മാക് ഒഎസ് എക്‌സിന് സൈബര്‍ഭീഷണിയില്ലെന്ന ചില വിദഗ്ധരുടെ വാദം ഒരിക്കല്‍ക്കൂടി നിരാകരിക്കുന്നതാണിത്'-ഡോ.വെബ്ബ് എഴുതി. റിപ്പോര്‍ട്ട് പ്രകാരം 56.6 ശതമാനം വൈറസ്ബാധ അമേരിക്കയിലാണ് ഉണ്ടായത്, 19.8 ശതമാനം ക്യാനഡയിലും. ബ്രിട്ടന്‍ (12.8 ശതമാനം), ഓസ്‌ട്രേലിയ (6.1 ശതമാനം) എന്നിവിടങ്ങളിലും ആക്രമണം നടന്നു. മറ്റ് രാജ്യങ്ങളില്‍ ആക്രമണമുണ്ടായ മാക് കമ്പ്യൂട്ടറുകളുടെ ശതമാനം ഒന്നില്‍ താഴെയാണ്.

ഡോ.വെബ്ബിന്റെ റിപ്പോര്‍ട്ട് പ്രകാരം മാക് കമ്പ്യൂട്ടറുകളെ ബാധിച്ചിരിക്കുന്നത് BackDoor.Flashback.39 എന്ന ട്രോജന്‍ വകഭേദമാണ്. ഫ് ളാഷ്ബാക്ക് ട്രോജന്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് 2011 സപ്തംബറിലായിരുന്നു. അഡോബി ഫ് ളാഷ് ഇന്‍സ്റ്റോളര്‍ എന്ന വ്യാജേന കമ്പ്യൂട്ടറുകളില്‍ വ്യാപിക്കുകയാണ് അത് ആദ്യം ചെയ്തത്. എന്നാലിപ്പോള്‍ മാക് കമ്പ്യൂട്ടറുകളില്‍ ജാവ പ്രോഗ്രാമിങ് ഭാഷയിലെ ചില പഴുതുകള്‍ മുതലെടുത്താണത് പടരുന്നത്.

ഡോ.വെബ്ബ് പറയുന്നത് മാക് കമ്പ്യൂട്ടറുകളില്‍ 2012 ഫിബ്രവരിയില്‍ തന്നെ വൈറസ് പടരാന്‍ തുടങ്ങിയെന്നാണ്. ഏപ്രില്‍ മൂന്നിന് 'Java for OS X' എന്നൊരു സുരക്ഷാ അപ്‌ഡേറ്റ് ആപ്പിള്‍ പുറത്തിറക്കി. അതാണ് സുരക്ഷാകമ്പനികളെയും മാധ്യമങ്ങളെയും ജാഗ്രതപ്പെടുത്തിയതെന്ന് കരുതുന്നു.

നിങ്ങളുടെ മാകിനെ വൈറസ് ബാധിച്ചതായി സംശയമുണ്ടോ. എങ്കില്‍, വൈറസിനെ എങ്ങനെ ഉന്‍മൂലനം ചെയ്യാമെന്ന കാര്യം സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ എഫ്-സെക്യൂര്‍ പുറത്തുവിട്ടിട്ടുണ്ട്.

TAGS:
macintosh computers  |  apple  |  flashback trojan  |  f-secure  |  dr.web  |  computer virus  |  online security 


Stories in this Section