ഫ് ളാഷ്ബാക്ക് ട്രോജനെതിരെ ആപ്പിളിന്റെ മറുമരുന്നെത്തി

Posted on: 13 Apr 2012


-സ്വന്തം ലേഖകന്‍




മാക് കമ്പ്യൂട്ടറുകളെ ബാധിച്ച ദുഷ്ടപ്രോഗ്രാം നീക്കംചെയ്യാനുള്ള ജാവ അപ്‌ഡേറ്റ് ആപ്പിള്‍ പുറത്തിറക്കി. ഫ് ളാഷ്ബാക്ക് ട്രോജന്‍ എന്ന വൈറസാണ് വിവിധ രാജ്യങ്ങളില്‍ ആറുലക്ഷത്തോളം മകിന്റോഷ് കമ്പ്യൂട്ടറുകളെ ബാധിച്ചത്.

ആ ദുഷ്ടപ്രോഗ്രാമിന്റെ (malware) ഏറ്റവും പൊതുവായ വകഭേദത്തെ മാക് കമ്പ്യൂട്ടറുകളില്‍ നിന്ന് നീക്കംചെയ്യാനുള്ളതാണ് പുതിയ അപ്‌ഡേറ്റ്. മാക് കമ്പ്യൂട്ടറുകള്‍ നേരിടുന്ന വൈറസ് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് തങ്ങളെന്ന് രണ്ടുദിവസംമുമ്പ് ആപ്പിള്‍ പറഞ്ഞിരുന്നു.

ഫ് ളാഷ്ബാക്ക് ട്രോജന്‍ സ്ഥിതിചെയ്യുന്ന വെബ്ബ്‌സൈറ്റ് ഒരാള്‍ സന്ദര്‍ശിക്കുന്നതോടെ കമ്പ്യൂട്ടറില്‍ ആ ദുഷ്ടപ്രോഗ്രാം സ്ഥാപിക്കപ്പെടും. ദുഷ്ടബുദ്ധികളായ ഹാക്കര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ വരുതിയിലാക്കാന്‍ അത് അവസരമൊരുക്കും. പാസ്‌വേഡുകളും അക്കൗണ്ട് വിവരങ്ങളും ബ്രൗസര്‍ വഴി ചോര്‍ത്തുകയാണ് വൈറസ് നിര്‍മിച്ചവരുടെ ഉദ്ദേശമെന്ന് കരുതുന്നു.

മാക് കമ്പ്യൂട്ടറുകളില്‍ ജാവ പ്രോഗ്രാമിങ് ഭാഷയിലെ ചില പഴുതുകള്‍ മുതലെടുത്ത് വൈറസ് പടരുന്നകാര്യം ഒരാഴ്ച്ച മുമ്പാണ് ലോകമറിഞ്ഞത്. BackDoor.Flashback എന്ന് നാമകരണംചെയ്ത ഫ് ളാഷ്ബാക്ക് ട്രോജന്‍, അഞ്ചരലക്ഷത്തിലേറെ മാക് കമ്പ്യൂട്ടറുകളില്‍ ബാധിച്ചതായി ഡോ.വെബ്ബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു. 'മാക് ഒഎസ് എക്‌സ്' (Mac OS X) പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്.

ആപ്പിള്‍ ഇപ്പോള്‍ പുറത്തിറക്കിയ വൈറസ് ബഹിഷ്‌ക്കരണ കോഡ്, മാക് ഒഎസ് എക്‌സ് 10.6, 10.7 ('Snow Leopard', 'Lion') എന്നീ പ്ലാറ്റ്‌ഫോമുകളുള്ള കമ്പ്യൂട്ടറുകളിലെ ജാവ പ്രോഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക.

മാക് ഒഎസിന്റെ പഴയ പതിപ്പുകളുപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍, അതിലെ വെബ്ബ് ബ്രൗസര്‍ പ്രിഫറന്‍സുകളിലെ ജാവ പ്രവര്‍ത്തനരഹിതമാക്കി പ്രശ്‌നം പരിഹരിക്കാനാണ് ആപ്പിള്‍ നല്‍കുന്ന ഉപദേശം.

ട്രോജന്‍ബാധയുടെ കാര്യത്തില്‍ ആപ്പിളില്‍നിന്നുണ്ടായ തണുത്ത പ്രതികരണം പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഒരാഴ്ച്ച മുമ്പ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്യത്തെക്കുറിച്ച് ആപ്പിള്‍ പ്രതികരിക്കുന്നത് രണ്ടുദിവസം മുമ്പായിരുന്നു. ആപ്പിളിന് മുമ്പുതന്നെ ഒട്ടേറെ ഓണ്‍ലൈന്‍ സുരക്ഷാസ്ഥാപനങ്ങള്‍ ഫ് ളാഷ്ബാക്ക് ട്രോജനെ നേരിടാനുള്ള അപ്‌ഡേറ്റുകള്‍ പുറത്തിറക്കുകയുണ്ടായി.


Stories in this Section