ലോക്‌സഭാ തിരഞ്ഞെടുപ്പിനെ 'ഫെയ്‌സ്ബുക്ക്' പ്രചാരണം സ്വാധീനിക്കും - പഠനം
Posted on: 13 Apr 2013
-പ്രത്യേക ലേഖകന്‍
ദേശീയതലത്തില്‍ വന്‍ സ്വാധീന മണ്ഡലങ്ങളുടെ എണ്ണം 160; കേരളത്തില്‍ 10
കേരളത്തിലെ ഫെയ്‌സ്ബുക്ക് 'വന്‍സ്വാധീന'മണ്ഡലങ്ങള്‍ - തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍
കേരളത്തിലെ ഫെയ്‌സ്ബുക്ക് സ്വാധീനമില്ലാത്ത മണ്ഡലങ്ങള്‍ - മാവേലിക്കര, വടകര, ആലത്തൂര്‍, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങല്‍, വയനാട്, പൊന്നാനി, ഇടുക്കി
ന്യൂഡല്‍ഹി: സൗഹൃദക്കൂട്ടായ്മകള്‍ വഴിയുള്ള അഭിപ്രായപ്രകടനങ്ങളും അഭിപ്രായരൂപവത്കരണവും കൂടിക്കൊണ്ടിരിക്കെ, രാജ്യത്തെ 160 ലോക്‌സഭാ മണ്ഡലങ്ങളില്‍ 'ഫെയ്‌സ്ബുക്ക്' ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്ന് പഠനറിപ്പോര്‍ട്ട്. മൊത്തം വോട്ടര്‍മാരുടെ പത്തു ശതമാനത്തിലധികം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുള്ള ഈ വിഭാഗത്തില്‍ കേരളത്തിലെ പത്ത് മണ്ഡലങ്ങളാണുള്ളത്. സംസ്ഥാനത്തെ ഒമ്പത് മണ്ഡലങ്ങളില്‍ ഫെയ്‌സ്ബുക്ക് പ്രചാരണം തിരഞ്ഞെടുപ്പിനെ തീരെ ബാധിക്കില്ലെങ്കിലും ഒരു മണ്ഡലത്തില്‍ അത് ഇടത്തരം സ്വാധീനം ചെലുത്താനിടയുണ്ട്.
മുംബൈ ആസ്ഥാനമായ ഐ.ആര്‍.ഐ.എസ്. നോളജ് ഫൗണ്ടേഷന്‍, ഇന്‍ര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലെ വിലയിരുത്തലാണിത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുള്ളത് കേരളത്തിലാണ്. ഫെയ്‌സ്ബുക്കില്‍ സജീവമായിട്ടുള്ള വിദേശ ഇന്ത്യക്കാരില്‍ കൂടുതലും മലയാളികളാണ്. കഴിഞ്ഞമാസമാണ് പഠനം നടത്തിയത്.
മൊത്തം വോട്ടര്‍മാരുടെ എണ്ണത്തിന്റെ പത്തുശതമാനത്തിലധികമോ 2009-ലെ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലോ പേര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന മണ്ഡലങ്ങളാണ് 'വന്‍സ്വാധീന' മണ്ഡലങ്ങള്‍ (മൊത്തം 160 എണ്ണം). വോട്ടര്‍മാരുടെ അഞ്ചു ശതമാനത്തില്‍ കൂടുതല്‍പേര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന 67 മണ്ഡലങ്ങള്‍ 'ഇടത്തരം സ്വാധീന'മണ്ഡലങ്ങളുടെ വിഭാഗത്തിലാണ്. ഫെയ്‌സ്ബുക്ക് ഉപയോഗം അഞ്ചുശതമാനത്തില്‍ താഴെയുള്ള മണ്ഡലങ്ങളെ 'സ്വാധീനം കുറഞ്ഞ' മണ്ഡലങ്ങളെന്നും (60 എണ്ണം), 'സ്വാധീനം തീരെയില്ലാത്ത' മണ്ഡലങ്ങളെന്നും (256 എണ്ണം) തിരിച്ചിട്ടുണ്ട്.
2009-ല്‍ രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണം 72 കോടിയായിരുന്നു. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ അത് 80 കോടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരില്‍ കൂടുതലും 25 വയസ്സില്‍ താഴെയുള്ളവരാണ്. ഇക്കൂട്ടത്തില്‍ നല്ലൊരുശതമാനം സൗഹൃദക്കൂട്ടായ്മകളില്‍ സജീവമാണ്.
2012 ഡിസംബറിലെ കണക്കനുസരിച്ച് സൗഹൃദകൂട്ടായ്മ ഉപയോഗിക്കുന്നവര്‍ 6.2 കോടിയാണ്. ഈ ജൂണ്‍ ആകുമ്പോള്‍ ഇക്കൂട്ടരുടെ എണ്ണം 6.6 കോടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ 8 കോടി ആളുകളെങ്കിലും സൗഹൃദക്കൂട്ടായ്മയില്‍ സജീവമാകും. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 'ഈമെയിലും തുടര്‍ന്ന് ഫെയ്‌സ്ബുക്കുമാണ് മുന്നില്‍.
ഇന്ത്യയിലെ എട്ടു വന്‍നഗരങ്ങള്‍ക്കു പുറമെ മറ്റ് ഇടത്തരം, ചെറുനഗരങ്ങളിലും സൗഹൃദ കൂട്ടായ്മകള്‍ വ്യാപിക്കുകയാണ്. അഞ്ചുലക്ഷത്തില്‍ കുറവ് ജനവാസമുള്ള നഗരങ്ങളിലാണ് മൂന്നിലൊന്ന് സൗഹൃദ കൂട്ടായ്മക്കാര്‍. രണ്ടുലക്ഷത്തില്‍ കുറവ് ആളുകളുള്ള പട്ടണങ്ങളിലാണ് സൗഹൃദകൂട്ടായ്മയയിലെ 25 ശതമാനം അംഗങ്ങളുമുള്ളത്.
അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലും പിന്നീട് ഡല്‍ഹിയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ നടന്ന പ്രക്ഷോഭത്തിലും ഫെയ്‌സ്ബുക്കും മറ്റും വഴിയുള്ള പ്രചാരണം വലിയ പങ്കാണ് വഹിച്ചത്. പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അനുകൂലമായും എതിരായും ഗൗരവമേറിയതും തമാശകലര്‍ന്നതുമായ പ്രചാരണങ്ങള്‍ ഇപ്പോള്‍ത്തന്നെ സൗഹൃദക്കൂട്ടായ്മകളില്‍ സജീവമാണ്.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സൗഹൃദക്കൂട്ടായ്മകളിലൂടെയുള്ള പ്രചാരണം ശക്തമാണ്. ഈ പശ്ചാത്തലമെല്ലാം കണക്കിലെടുത്താണ് ഇന്ത്യയില്‍ പഠനം നടത്തിയത്.
ഏറ്റവും ദോഷം കോണ്‍ഗ്രസ്സിന്
* കോണ്‍ഗ്രസ്സിന്റെ 75-ഉം ബി.ജെ.പി.യുടെ 44-ഉം മണ്ഡലങ്ങളില്‍ ഫെയ്‌സ്ബുക്കിന് ''വന്‍സാധ്വീനം.
* ഫെയ്‌സ്ബുക്ക് വഴിയുള്ള പ്രചാരണം വരുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ദോഷകരമായി ബാധിക്കാന്‍ സാധ്യത കോണ്‍ഗ്രസ്സിനെയാണെന്ന് 'ഐറിസി'ന്റെയും ഐ.എം.എ.ഐ.യുടെയും പഠനം.
* കോണ്‍ഗ്രസ്സിന് കഴിഞ്ഞപ്രാവശ്യം ലഭിച്ച മൊത്തം 206 സീറ്റില്‍ 75 എണ്ണം വന്‍സാധ്വീന മണ്ഡലങ്ങളിലും 28 എണ്ണം ഇടത്തരം മണ്ഡലത്തിലും ഉള്‍പ്പെടുന്നു. 27 എണ്ണത്തില്‍ കുറഞ്ഞ സ്വാധീനമേയുള്ളൂ. 76 എണ്ണത്തില്‍ തീരെ സ്വാധീനമില്ല.
* ബി.ജെ.പി.യുടെ 116 സീറ്റില്‍ 44 എണ്ണം വന്‍സ്വാധീന വിഭാഗത്തിലും 18 എണ്ണം ഇടത്തരത്തിലുമാണ്. 11 എണ്ണം സ്വാധീനം കുറഞ്ഞ മണ്ഡലങ്ങള്‍. 43 എണ്ണത്തില്‍ സ്വാധീനം തീരെയില്ല.
* സി.പി.എമ്മിന്റെ ആകെയുള്ള 16 മണ്ഡലങ്ങളില്‍ 11 എണ്ണത്തില്‍ ഫെയ്‌സ്ബുക്ക് സ്വാധീനം തീരെയില്ല. രണ്ടെണ്ണം വന്‍സ്വാധീന വിഭാഗത്തിലും മൂന്നെണ്ണം ഇടത്തരം വിഭാഗത്തിലുമാണ്.
* സി.പി.ഐ.യുടെ നാലു സീറ്റിലും ഫെയ്‌സ്ബുക്ക് സ്വാധീനമില്ല.