കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ധൂമകേതുക്കള്‍ വന്‍ പ്രഹരശേഷിയോടെ ഭൂമിയില്‍ പതിച്ചപ്പോഴാകാം ജീവന്റെ അടിസ്ഥാന രാസഘടകങ്ങള്‍ ഇവിടെ രൂപപ്പെട്ടതെന്ന് പുതിയൊരു പഠനം പറയുന്നു. ഭൂമിയില്‍ ജീവന്റെ ഉത്ഭവം ധൂമകേതുക്കള്‍ വഴിയാണെന്ന വാദത്തിന് അടിവരയിടുന്ന കണ്ടെത്തലാണിത്.
ഭൂപ്രതലത്തില്‍ വന്‍ശക്തിയോടെയുള്ള ധൂമകേതുക്കളുടെ പതനമാകാം ജീവന്റെ ഉത്ഭവത്തിന് വഴിതെളിച്ചതത്രേ. യു.എസില്‍ ലോറന്‍സ് ലിവര്‍മോള്‍ നാഷണല്‍ ലബോറട്ടറിയിലെ ഗവേഷകന്‍ നിര്‍ ഗോള്‍ഡ്മാനും ഐസക് ടാംബ്ലിനും നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാപഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജലം, അമോണിയ, മെഥനോള്‍, കാര്‍ബണ്‍ഡയോക്‌സയിഡ് തുടങ്ങിയ ലളിതമായ സംയുക്തങ്ങള്‍ ധൂമകേതുക്കളിലുണ്ട്. ഭൂപ്രതലത്തില്‍ ധൂമകേതുക്കള്‍ പതിക്കുമ്പോള്‍, ആ പതനസ്ഥലത്ത് ഭീമമായ തോതില്‍ മര്‍ദ്ദവും ഊഷ്മാവും രൂപപ്പെടും. അത്തരമൊരു തീവ്രമായ അവസ്ഥ, രാസപ്രവര്‍ത്തനങ്ങള്‍ക്ക് തിരികൊളുത്തുകയും സങ്കീര്‍ണ കാര്‍ബണിക സംയുക്തങ്ങള്‍ രൂപപ്പെടാനുള്ള അവസരമാവുകയും ചെയ്യും.
പ്രോട്ടീനുകളുടെ ഘടകങ്ങളും, ഡി.എന്‍.എ., ആര്‍.എന്‍.എ.തുടങ്ങിയവയുടെ ന്യൂക്ലിയോ ബേസുകളും ഇങ്ങനെ രൂപപ്പെടുന്നതില്‍ ഉള്‍പ്പെടാം -
'ദി ജേര്‍ണല്‍ ഓഫി ഫിസിക്കല്‍ കെമിസ്ട്രി എ' യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ധൂമകേതുക്കളും ക്ഷുദ്രഗ്രഹങ്ങളും തുടര്‍ച്ചയായി പതിച്ചിരുന്ന സമയമുണ്ട്. വന്‍തോതില്‍ കാര്‍ബണിക സംയുക്തങ്ങള്‍ അതുവഴി ഭൂമിയിലെത്തി. 'പ്രതിവര്‍ഷം 10 ലക്ഷംകോടി കിലോഗ്രാം കാര്‍ബണിക സയുക്തങ്ങള്‍ വരെ ഇത്തരത്തില്‍ ഭൂമിയില്‍ എത്തപ്പെട്ടിട്ടുണ്ടാകാം' -
ലോറന്‍സ് ലിവര്‍മോള്‍ നാഷണല്‍ ലബോറട്ടറി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗോള്‍ഡ്മാന്‍ അറിയിച്ചു.
1.6 കിലോമീറ്റര്‍ മുതല്‍ 56 കിലോമീറ്റര്‍ വരെ വിസ്താരമുള്ള ധൂമകേതുക്കള്‍ ഭൂമിയില്‍ പതിച്ചിട്ടുണ്ട്. ഭൗമാന്തരീക്ഷത്തിലൂടെ ധൂമകേതു കടന്നുവരുമ്പോള്‍, അതിന്റെ ബാഹ്യഭാഗം വന്‍തോതില്‍ ചൂടാകുമെങ്കിലും, ആന്തരഭാഗം തണുത്തു തന്നെയിരിക്കും. ഉന്നതവേഗത്തില്‍ ധൂമകേതു ഭൂമിയില്‍ പതിക്കുമ്പോള്‍ പൊടുന്നനെയുള്ള ആഘാതത്താല്‍ പതനസ്ഥാനത്ത് ഊഷ്മാവും മര്‍ദ്ദവും ഉന്നതനിലയിലെത്തും.
ഒരു ഇടത്തരം പതത്തില്‍ തന്നെ, ആഘാതസ്ഥാനത്തെ മര്‍ദം 3.6 ലക്ഷം അറ്റ്‌മോസ്ഫിയറും, താപനില 4600 ഫാരന്‍ഹെയ്റ്റും ആകുന്നതായി പഠനത്തില്‍ കണ്ടു. വലിപ്പംകൂടിയ ധൂമകേതുക്കള്‍ പതിക്കുമ്പോള്‍ മര്‍ദ്ദം ആറുലക്ഷം അറ്റ്‌മോസ്ഫിയറും താപനില 8180 ഫാരന്‍ഹെയ്റ്റും ആകുന്നതായി കമ്പ്യൂട്ടര്‍ മാതൃകാപഠനം വ്യക്തമാക്കി.
ധൂമകേതുക്കളിലെ രാസസംയുക്തങ്ങള്‍ ചേര്‍ന്ന് പുതിയ രാസപ്രവര്‍ത്തനം നടക്കാന്‍, ഇത്തരം തീവ്രമായ സാഹചര്യങ്ങളില്‍ രാസഉത്‌പ്രേരകങ്ങളുടെ സാന്നിധ്യമോ, ആള്‍ട്രാവയലറ്റ് കിരണങ്ങളോ പോലുള്ള പ്രത്യേക സംഗതികളോ ആവശ്യമില്ലെന്ന് ഗവേഷകര്‍ കണ്ടു. പതനവേളയിലുണ്ടാകുന്ന താപഗതിക സാഹചര്യങ്ങളില്‍ ലളിതമായ സംയുക്തങ്ങള്‍ പ്രവര്‍ത്തിച്ച് സങ്കീര്‍ണ കാര്‍ബണിക സംയുക്തങ്ങള്‍ രൂപപ്പെടുന്നതായി പഠനം വ്യക്തമാക്കി.
പ്രോട്ടീന്‍ ഘടകങ്ങളും ന്യൂക്ലിക് ആസിഡുകളുടെ ഘടകങ്ങളും ഇത്തരത്തില്‍ രൂപപ്പെടാമെന്നും, ഇത് ഭൂമിയില്‍ സ്വാഭാവികമായും ജീവന്റെ ഉത്ഭവത്തിന് വഴിതെളിച്ചിരിക്കാമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
എന്നുവെച്ചാല്‍ അന്യലോകത്തുനിന്ന് ജീവന്റെ രാസഘടകങ്ങള്‍ ധൂമകേതുക്കള്‍ വഴി ഭൂമിയിലെത്തുകയല്ല ചെയ്തത്. പകരം, ധൂമകേതുക്കളുടെ പതനവേളയിലെ തീവ്രസാഹചര്യത്തില്‍ ജീവന്റെ ചേരുവകള്‍ ഭൂമിയില്‍ തന്നെ ഉടലെടുക്കുകയായിരുന്നു എന്നുസാരം.