സ്വതന്ത്ര സോഫ്ട്‌വേര്‍ വിഭാഗത്തിലെ
ലിബ്ര ഓഫീസിന്റെ പുതിയ പതിപ്പ് രംഗത്തെത്തി. ബിസിനസ് ആവശ്യക്കാര്‍ക്കുള്ള സൗകര്യങ്ങളാണ് ലിബ്ര ഓഫീസ് 3.4 പതിപ്പിലുള്ളത്. മൈക്രോസോഫ്ടിന്റെ ഓഫീസ് സോഫ്ട്‌വേര്‍ പാക്കേജിന് പകരമായി രംഗത്തുള്ള സോഫ്ട്‌വേറാണ് ലിബ്ര ഓഫീസ്. വിന്‍ഡോസ്, ലിനക്‌സ്, മാക് തുടങ്ങി മിക്ക ഒഎസുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ലിബ്ര ഓഫീസ് പാക്കേജ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
എം.എസ്. വേഡിന് ബദലായി ഉപയോഗിക്കാവുന്ന റൈറ്റര്‍, എക്‌സലിന് ബദലായുള്ള കാല്‍ക്, പവര്‍പോയന്റിന് പകരമുള്ള ഇംപ്രസ് തുടങ്ങി എം.എസ്. ഓഫീസ് പാക്കേജില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലിബ്രെ ഓഫീസിലുണ്ട്. മാത്രമല്ല മാത്തമാറ്റിക്കല്‍ ഫോര്‍മുലകള്‍ ഉണ്ടാക്കാനും എഡിറ്റ് ചെയ്യാനുമുള്ള 'മാത്‌സ്', കോറല്‍ ഡ്രോയുടെ സവിശേഷതയോടു കൂടിയ വെക്റ്റര്‍, ഗ്രാഫിക് എഡിറ്ററായ 'ഡ്രോ' എന്നീ ആപ്ലിക്കേഷനുകളും ലിബ്ര ഓഫീസില്‍ ലഭ്യമാണ്.
മെനുവിന്റെയും മറ്റും കാര്യത്തിലും ഉപയോഗരീതിയിലും എം.എസ്. ഓഫീസിനോട് സാമ്യം പുലര്‍ത്തുന്നതിനാല്‍ ഈ പാക്കേജിലേക്ക് മാറുമ്പോള്‍ കാര്യമായ ബുദ്ധിമുട്ട് ഉപഭോക്താക്കള്‍ക്ക് ഉണ്ടാവില്ല. എം.എസ്. ഓഫീസ് പോലെ വളരെയധികം 'യൂസര്‍ ഫ്രണ്ട്‌ലി'യാണ് ഇത്. ആദ്യപതിപ്പായ 3.3 യുടെ പേരായ്മകള്‍ ഒഴിവാക്കി, കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 3.4 പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്്. എം.എസ്. ഓഫീസ് ഫയലുകള്‍ ലിബ്ര ഓഫീസില്‍ തുറക്കാന്‍ സാധിക്കും എന്നതും ശ്രദ്ധേയമാണ്.

എം.എസ്. ഓഫീസിലേതുപോലെ ഫോണ്ടുകളുടെ പ്രിവ്യൂ കാണാനുള്ള സൗകര്യം, ആകര്‍ഷകമായ മെനു (യൂണിറ്റി സപ്പോര്‍ട്ട്), എസ്.വി.ജി ഫയലുകളെ ഇംപോര്‍ട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം, ലോട്ടസ് വേര്‍ഡ് പ്രോ സോഫ്ട്‌വേര്‍ ഫയലുകള്‍ തുറക്കാനുള്ള സൗകര്യം, മുപ്പതോളം ഭാഷകളില്‍ ഉപയോഗിക്കാം-എന്നിങ്ങനെ ഒട്ടനവധി സവിശേഷതകള്‍ അടങ്ങിയതാണ് പുതിയ പതിപ്പ്.
സ്വതന്ത്ര ഒ.എസ്. വിഭാഗത്തില്‍പ്പെടുന്ന പ്രശസ്തമായ
ഉബുണ്ടു തങ്ങളുടെ ഏറ്റവും പുതിയ പതിപ്പില്‍ ലിബ്ര ഓഫീസ് ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇവര്‍ ഓപ്പണ്‍ ഓഫീസ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ മറ്റു
ലിനക്‌സ് ഒ.എസുകളായ openSUSE, ഫെഡോറ (Fedora), റെഡ് ഹാറ്റ(RedHat) തുടങ്ങിയവയെല്ലാം
ലിബ്ര ഓഫീസാണ് അവരുടെ പുതിയ പതിപ്പുകളില്‍ ഉള്‍പ്പെടുത്തുന്നത്.