എല്‍.ജി.യുടെ ഹിറ്റ്‌ഫോണ്‍ ഇന്ത്യയില്‍

Posted on: 21 Nov 2010


-പി.എസ്.രാകേഷ്‌





എല്‍.ജി.ഓപ്ടിമസ് വണ്‍-അവതരിപ്പിച്ച് വെറും 40 ദിവസം കൊണ്ട് പത്തുലക്ഷം ഹാന്‍സെറ്റുകള്‍ വിറ്റഴിഞ്ഞ എല്‍.ജി.യുടെ ഹിറ്റ്‌ഫോണ്‍. അത് ഇന്ത്യയിലും വില്‍പ്പനെയ്‌ക്കെത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് വില വെറും 13,500 രൂപ മാത്രം.

17000 രൂപയില്‍ താഴെ വിലയുള്ള എന്‍ട്രിലെവല്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ മത്സരരംഗത്ത് മറ്റ് ബ്രാന്‍ഡുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഓപ്ടിമസ് വണിന്റെ കടന്നു വരവ്. ഇന്ത്യയില്‍ അടുത്തിടെ ഇറങ്ങിയ സ്മാര്‍ട്‌ഫോണുകളെല്ലാം എന്‍ട്രിലെവല്‍ വിഭാഗത്തില്‍ പെടുന്നവയാണ്. സാംസങിന്റെ ഗാലക്‌സി സീരയസിലെ ചില മോഡലുകളും എച്ച്.ടി.സി.യുടെ വൈല്‍ഡ്ഫയറുമെല്ലാം ഉദാഹരണം.

കാഴ്ചയിലും കരുത്തിലുമെല്ലാം ഒന്നാംനിര മോഡലുകളോടു കിടപിടിക്കുന്നതാണ് ഒപ്ടിമസിന്റെ നിര്‍മിതി. വില കുറയ്ക്കാന്‍ വേണ്ടി ആന്‍ഡ്രോയിഡ് ഫോണുകളുടെ ഡിസ്‌പ്ലേ മികവില്‍ വെള്ളം ചേര്‍ക്കുകയാണ് മിക്ക കമ്പനികളുടെയും പതിവ്. എന്നാല്‍ ഇക്കാര്യത്തിലും ഒപ്ടിമസ് നിലവാരം പുലര്‍ത്തുന്നു. വിലകൂടിയ ആന്‍ഡ്രോയ്ഡ് ഫോണുകളായ എച്ച്.ടി.സി. ഡിസൈറിനൊപ്പമോ സാംസങ് ഗാലക്‌സി എസിനൊപ്പമോ എത്തില്ലെങ്കിലും, ഒപ്ടിമസിന്റെ 3.2 കപ്പാസിറ്റീവ് സ്‌ക്രീന്‍ ശരാശരിയിലും ഉയര്‍ന്ന മികവ് പുലര്‍ത്തുന്നു. 3.2 ഇഞ്ച് വിസ്താരമുള്ള 320 ഗുണം 480 റിസൊല്യൂഷന്‍ ഡിസ്‌പ്ലെയാണ് ഫോണിന്റേത്.

ആന്‍ഡ്രോയിഡിന്റെ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ പതിപ്പായ 2.2 അഥവാ 'ഫ്രോയോ' ഉപയോഗിക്കുന്നതിനാല്‍, ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് അപ്ലിക്കേഷനുകള്‍ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഓപ്ടിമസില്‍ കഴിയും. മാത്രമല്ല, അപ്ലിക്കേഷനുകള്‍ ഡാറ്റകാര്‍ഡില്‍ സേവ്‌ചെയ്ത് പ്രവര്‍ത്തിപ്പിക്കാനുള്ള ബില്‍ട്ട്ഇന്‍ വയര്‍ലെസ് ടെറ്ററിങ് സൗകര്യവും ഫോണിലുണ്ട്. ഇന്റേണല്‍ മെമ്മറിയെക്കുറിച്ചുള്ള വേവലാതി ഒരു പരിധിവരെ ഒഴിവാക്കാമെന്ന് സാരം. 32 ജിബി വരെ കാര്‍ഡ് വരെ പിന്തുണയ്ക്കുന്ന എസ്ഡി കാര്‍ഡ് സ്ലോട്ടാണ് ഫോണിലുള്ളത്.

വെബ്ബ്രൗസിങിനിടെ ഫ്ലഷ് എസ്.ഡബ്ലു.എഫ്. ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഫ്രോയോ സൗകര്യമൊരുക്കുന്നുണ്ടെങ്കിലും ഈ ഫോണ്‍ ഫ്‌ളാഷ് സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അതുകൊണ്ട് പ്രയോജനമില്ല. ആന്‍ഡ്രോയിഡ് പ്രവര്‍ത്തിപ്പിക്കാനായി പ്രത്യേകം തയ്യാറാക്കിയ എല്‍.ജി. ഹോം യൂസര്‍ഇന്‍ര്‍ഫേസാണ് ഈ ഫോണിലുള്ളത്. ഹോംസ്‌ക്രീനില്‍തന്നെ പ്രധാനപ്പെട്ട ഐക്കണുകള്‍ മുഴുവന്‍ ക്രമീകരിക്കാന്‍ ഇതുവഴി സാധിക്കും. .



ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍ ഒപ്ടിമസ് അല്പം പുറകിലാണെന്ന കാര്യം പറയാതെവയ്യ. 600 മെഗാഹെര്‍ട്‌സ് പ്രൊസസറുമാണ് ഇതിലുള്ളത്. 170 എംബി ഇന്റേണല്‍ മെമ്മറിയും.

മൂന്ന് മെഗാപിക്‌സല്‍ ക്യാമറയാണ് ഒപ്ടിമസ് വണ്ണിലുള്ളത്. ശരാശരി നിലവാരം പുലര്‍ത്തുന്ന ക്യാമറയ്ക്ക് ഫ്‌ളാഷ്ഇല്ലാത്തത് പോരായ്മ തന്നെ. ബില്‍ട്ട് ഇന്‍ ആക്‌സിലറോമീറ്റര്‍, ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് ആക്‌സസസ്, ഡിജിറ്റല്‍ കോമ്പസ്, ജി.പി.എസ്. റിസീവര്‍ തുടങ്ങി സ്മാര്‍ട്‌ഫോണ്‍ സൗകര്യങ്ങളെല്ലാം ഈ േഫാണിലുമുണ്ട്. ജി.പി.ആര്‍.എസില്‍ എട്ടുമണിക്കൂറും ത്രീജിയില്‍ ഏഴുമണിക്കൂറുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്. എന്നും രാത്രി ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടിവരും എന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്.

TAGS:
lg optimus one  |  lg  |  android phones 


Stories in this Section