സാംസങിന്റെ ഗാലക്‌സി നോട്ട് 2, സോണിയുടെ എക്‌സ്പീരിയ സെഡ്, അസ്യൂസിന്റെ ഫോണ്‍പാഡ്... അഞ്ച് ഇഞ്ചില്‍ കൂടുതല്‍ സ്‌ക്രീന്‍ വലിപ്പമുളള ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ വമ്പന്‍ കമ്പനികളെല്ലാം കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്. സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് ഫാബ്‌ലറ്റുകളിലേക്ക് ഇന്ത്യന്‍ ഉപരിമധ്യവര്‍ഗം ഉയര്‍ച്ച നേടുന്നത് കണ്ടറിഞ്ഞാണീ നീക്കം. 2012 ല്‍ പത്ത് ലക്ഷം ഫാബ്‌ലറ്റ് മോഡലുകള്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 2013 ല്‍ രാജ്യത്തെ ഫാബ്‌ലറ്റ് വില്പന 80 ലക്ഷം കടക്കുമെന്ന് അമേരിക്കന്‍ റിസര്‍ച്ച് സ്ഥാപനമായ സ്ട്രാറ്റജി അനലറ്റിക്‌സ് പ്രവചിക്കുന്നു.
ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്‌ഫോണിന്റെയും സൗകര്യങ്ങള്‍ സമ്മാനിക്കുന്ന ഹൈബ്രിഡ് ഗാഡ്ജറ്റിനെയാണ് ഫാബ്‌ലറ്റ് എന്നു വിളിക്കുന്നത്. സാംസങിന്റെ ഗാലക്‌സി നോട്ട്, ഗാലക്‌സി എസ് 4 എന്നീ ഫാബ്‌ലറ്റുകളാണ് ഇന്ത്യയില്‍ കാര്യമായി വിറ്റുപോകുന്നത്. സോണിയുടെ എക്‌സ്പീരിയ സെഡ്, മൈക്രോമാക്‌സിന്റെ കാന്‍വാസ് 110 എന്നീ മോഡലുകള്‍ക്കും സ്വീകാര്യതയേറുന്നുണ്ട്. സാംസങ് നോട്ടിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ നോട്ട് 2, എക്‌സ്പീരിയ സെഡിന്റെ പുതുവെര്‍ഷന്‍ സെഡ് അള്‍ട്ര എന്നിവ ഈ ശ്രേണിയിലേക്കുളള പുതിയ കടന്നുവരവുകളാണ്.
മൊബൈല്‍ വിപണിയിലെ പുതുചലനങ്ങള്‍ കണ്ടറിഞ്ഞാവാം എല്‍.ജി. തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ കഴിഞ്ഞദിവസം ഇന്ത്യയില്‍ അവതരിപ്പിച്ചു. എല്‍.ജി. ഒപ്ടിമസ് ജി പ്രോ ( LG Optimus G Pro ) എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ലക്ഷണമൊത്തൊരു ഫാബ്‌ലറ്റാണ്. ഫിബ്രവരിയില്‍ സ്‌പെയിനില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് എല്‍.ജി. ഈ ഫോണ്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ദക്ഷിണകൊറിയ, ഹോങ്കോങ്, അമേരിക്കന്‍ വിപണിയിലും ഒപ്ടിമസ് ജി പ്രോ എത്തി. അവിടെ നിന്നെല്ലാം മികച്ച പ്രതികരണം ലഭിച്ചതിനുശേഷമാണ് ഏഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍ വിപണിയായ ഇന്ത്യയിലേക്ക് ഫോണ്‍ എത്തുന്നത്.
എല്‍.ജി. കമ്പനിയുടെ ആദ്യ ഫുള്‍ എച്ച്.ഡി. സ്മാര്‍ട്‌ഫോണാണ് ഒപ്ടിമസ് ജി പ്രോ. 1920 X1080 പിക്‌സല്‍ റിസൊല്യൂഷനോടു കൂടിയ 5.5 ഇഞ്ച് 1080പി. ഡിസ്‌പ്ലേ, 1.7 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗന്‍ 600 പ്രൊസസര്‍ , രണ്ട് ജി.ബി. ഡി.ഡി.ആര്‍. റാം, 32 ജി.ബി. സ്‌റ്റോറേജ്... ഒപ്ടിമസ് ജി പ്രോയുടെ സ്‌പെസിഫിക്കേഷന്‍ ആരെയും ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ വെര്‍ഷന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ടിമസ് ജി പ്രോയില്‍ 13 മെഗാപിക്‌സല്‍ ക്യാമറയും വീഡിയോകോളിങിനായി 2.1 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. രണ്ടു ക്യാമറകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ച് കൊണ്ട് വീഡിയോ ദൃശ്യങ്ങളെടുക്കാവുന്ന ഡ്യുവല്‍ റെക്കോഡിങ്, 360 ഡിഗ്രി പനോരമ ദൃശ്യങ്ങളെടുക്കാവുന്ന വി.ആര്‍. പനോരമ എന്നീ സംവിധാനങ്ങളും ഫോണിന്റെ സവിശേഷതകളാണ്.
ടി.വി., എ.സി.,സെറ്റ്‌ടോപ് ബോ്ക്‌സ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ റിമോട്ടായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഇന്‍ഫ്രാറെഡ് സെന്‍സറും ഇതിലുണ്ട്. ടി.വി. ഓണ്‍ ചെയ്യാനും എ.സിയുടെ തണുപ്പുകൂട്ടാനുമെല്ലാം ഫോണ്‍ മതിയെന്നര്‍ഥം. മികച്ച ശബ്ദസുഖം ഉറപ്പുതരുന്ന ക്വാഡ്ബീറ്റ് ഇയര്‍ഫോണുകളും ജി പ്രോയ്‌ക്കൊപ്പം ലഭിക്കും.
കാഴ്ചയിലും രൂപഭംഗിയിലും സാംസങ് ഗാലക്‌സി എസ് ത്രീയോടാണ് ഈ ഫോണിന് ഏറെ സാദൃശ്യം. ഭാരം 160 ഗ്രാം. 3140 എം.എച്ച് ലി-പോ ബാറ്ററിയാണ് ഫോണിലുപയോഗിച്ചിരിക്കുന്നത്. 42,500 രൂപയാണ് എല്‍.ജി. ഒപ്ടിമസ് ജി പ്രോയുടെ ഇന്ത്യയിലെ വില.
''ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഇന്ത്യയിലെ പതിനഞ്ചുലക്ഷം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഫാബ്‌ലറ്റിലേക്ക് മാറും. ഈ സാധ്യത ഉപയോഗപ്പെടുത്തുക എന്ന നീക്കത്തോടെയാണ് ഒപ്ടിമസ് ജി പ്രോ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. നിലവില്‍ അഞ്ചു ശതമാനമാണ് ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ എല്‍.ജി.യുടെ പങ്കാളിത്തം. 2014 ആകുമ്പോഴേക്കും ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയുടെ പത്തുശതമാനം സ്വന്തമാക്കുകയെന്നതാണ് എല്‍.ജി.യുടെ ലക്ഷ്യം''- എല്‍.ജി. ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുണ്‍ ക്വോണ്‍ പറയുന്നു. ഇന്ത്യന്‍ വിപണിയിലെ മാര്‍ക്കറ്റിങ് പരിപാടികള്‍ക്കായി ഈ വര്‍ഷം കമ്പനി 80 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും സുണ്‍ വ്യക്തമാക്കി.