ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ഫോണായ
നെക്‌സസ് 4 ( Nexus 4 ) ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി; 25,999 രൂപയാണ് വില.
ഇ-കൊമേഴ്‌സ് സൈറ്റായ ഫ് ളിപ്പ്കാര്‍ട്ട് ( Flipkart ) നെക്‌സസ് 4 ന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ്, എല്‍ജിയും ഗൂഗിളും ചേര്‍ന്ന് ആ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
'ഗൂഗിളുമായി ചേര്‍ന്ന് നെക്‌സസ് 4 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ എല്‍ജി ഇലക്ട്രോണിക്‌സിന് സന്തോഷമുണ്ട്'' - എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സൂന്‍ നോണ്‍ അറിയിച്ചു.
16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള നെക്‌സസ് 4 പതിപ്പിന്റെ വിവരങ്ങള്‍ മാത്രമാണ് എല്‍ജി പ്രഖ്യാപിച്ചത്. അതിലും വിലകുറവുള്ള 8 ജിബി പതിപ്പിന്റെ ഒരു വിവരവും സൂചിപ്പിച്ചിട്ടില്ല. 8 ജിബി മോഡല്‍ ഇന്ത്യയിലെത്താന്‍ സാധ്യതയില്ലെന്നാണ് സൂചന.
720പി റിസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് സ്‌ക്രീനാണ് നെക്‌സസ് 4 നുള്ളത്. ക്വാഡ്‌കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഫോണിന് 2 ജിബി റാം ഉണ്ട്. മുഖ്യക്യാമറ 8 എംപിയും മുന്‍ക്യാമറ 1.3 എംപിയുമാണ്. നെക്‌സസ് 4 ല്‍ മൈക്രോ എസ്.ഡി.കാര്‍ഡ് സൗകര്യമില്ല. മാത്രമല്ല, ബാറ്ററി മാറ്റിവെയ്ക്കാനും സാധിക്കില്ല.
നെക്‌സസ് ഫോണിന്റെ യഥാര്‍ഥ മേന്‍മ അതിന്റെ സോഫ്റ്റ്‌വേറിലാണ് കുടികൊള്ളുന്നത്. ആന്‍ഡ്രോയ്ഡിന്റെ കലര്‍പ്പില്ലാത്ത വേര്‍ഷനാണ് ഇതിലുള്ളത്. മാത്രമല്ല, ആന്‍ഡ്രോയ്ഡ് എപ്പോള്‍ ഗൂഗിള്‍ അപ്‌ഡേറ്റ് ചെയ്താലും ഉടനത് നെകക്‌സിനും ലഭ്യമാകും.
ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനുകള്‍ രംഗത്തെത്തിയാല്‍ മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ ആ അപ്‌ഡേറ്റ് എത്താന്‍ മാസങ്ങളെടുക്കുമെന്നോര്‍ക്കുക.