സ്മാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ 'മെലിയാന്‍' അവസരമൊരുക്കിക്കൊണ്ട്, ലോകത്തെ ഏറ്റവും കനംകുറഞ്ഞ എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലെ വികസിപ്പിച്ചതായി എല്‍.ജി.അറിയിച്ചു. 2.2 മില്ലിമീറ്റര്‍ മാത്രം കനമുള്ള ഡിസ്‌പ്ലെയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി എല്‍.ജി.രൂപപ്പെടുത്തിയിരിക്കുന്നത്.
തങ്ങള്‍ വികസിപ്പിച്ച 5.2 ഇഞ്ച് വലിപ്പവും 2.2 മില്ലിമീറ്റര്‍ കനവുമുള്ള ഡിസ്‌പ്ലെ പാനലിന്റെ റിസല്യൂഷന്‍ 1080 X 1920 പിക്‌സലുകളാണെന്ന് എല്‍.ജി.കമ്പനി അറിയിച്ചു. നിലവില്‍ വിപണിയിലുള്ള ഫുള്‍ എച്ച്ഡി ഫോണ്‍ പാനലുകളെക്കാള്‍ മിഴിവേറിയതാണ് പുതിയ പാനലെന്നും കമ്പനി അവകാശപ്പെട്ടു.
പുതിയ ഡിസ്‌പ്ലെ പാനല്‍ എപ്പോള്‍ വിപണിയില്‍ ലഭ്യമാകുമെന്ന് എല്‍.ജി.വ്യക്തമാക്കിയിട്ടില്ല.
സ്വന്തംനിലയ്ക്ക് വികസിപ്പിച്ചെടുത്ത 'അഡ്വാന്‍സ്ഡ് വണ്‍-ഗ്ലാസ് സൊല്യൂഷന്‍' ( Advanced One-Glass Solution þ OGS ) എന്ന സാങ്കേതികവിദ്യയാണ്, പുതിയ ഡിസ്‌പ്ലെ നിര്‍മിക്കാന്‍ ഉപയോഗിച്ചതെന്ന് എല്‍.ജി.അറിയിച്ചു. കവര്‍ഗ്ലാസിന്റെ കീഴ്ഭാഗത്ത് ടച്ച്‌സ്‌ക്രീന്‍ പാളി നേരിട്ട് സ്ഥാപിച്ച് അവയെ പരസ്പരം ഘടിപ്പിക്കുകയാണ് ഈ സാങ്കേതത്തില്‍ ചെയ്യുന്നത്.
പ്രത്യേകമായി ഒരു ടച്ച്‌സ്‌ക്രീന്‍ പാളിയുടെ ആവശ്യം ഇതുവഴി ഇല്ലാതാകുന്നു. മാത്രമല്ല, കൂടുതല്‍ തിളക്കത്തോടെ ഡിസ്‌പ്ലെ കാണാനും ഇത് സഹായിക്കുന്നു. ലളിതമായ രീതിയില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഈ ഡിസ്‌പ്ലെ നിര്‍മിക്കാനും സാധിക്കും.
ഡിസ്‌പ്ലേ, ബാറ്ററി, ക്യാമറ - ഈ മൂന്ന് ഘടകങ്ങളാണ് ഒരു സ്മാര്‍ട്ട്‌ഫോണിന്റെ കനം നിശ്ചയിക്കുന്നത്. കനവും ഭാരവും കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളാണ് ഉപയോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുന്നത്. അതിനാല്‍ , കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കാന്‍ എല്ലാ കമ്പനികളും ശ്രമിച്ചുവരികയാണ്.