കഴിഞ്ഞവര്‍ഷം ഒടുവില്‍ അവതരിപ്പിക്കപ്പെട്ട വിന്‍ഡോസ് 8 ഓപ്പറ്റേിങ് സിസ്റ്റത്തിന്റെ ഏറ്റവും വലിയ മികവ് അത് പരമ്പരാഗത പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റിലും ഒരേപോലെ ഉപയോഗിക്കാം എന്നതാണ്. വിന്‍ഡോസ് എട്ടിലോടുന്ന ടാബ്‌ലറ്റുകളിറക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണിപ്പോള്‍.
പുതിയ ഒ.എസിന്റെ വരവോടെ ലാപ്‌ടോപ്പും ടാബ്‌ലറ്റും കൂടിച്ചേരുന്ന സങ്കരയിനം ഗാഡ്ജറ്റ് നിര്‍മിക്കുന്നതിനെക്കുറിച്ചും കമ്പനികള്‍ ആലോചിച്ചുതുടങ്ങി. ടാബ്‌ലറ്റിനൊപ്പം കീബോര്‍ഡ് കൂടി നല്‍കുന്നതായിരുന്നു ആലോചനയുടെ ആദ്യഫലം.
സര്‍ഫേസ് എന്ന പേരില്‍ കീബോര്‍ഡുള്‍പ്പെടുന്ന ടാബ്‌ലറ്റ് ഇറക്കിക്കൊണ്ട് മൈക്രോസോഫ്റ്റ് ആ ട്രെന്‍ഡിന് തുടക്കമിട്ടു. പിന്നീട് പല കമ്പനികളും കീബോര്‍ഡ് സഹിതമുള്ള ടാബ്‌ലറ്റിറക്കി. ആവശ്യം വരുകയാണെങ്കില്‍ ടാബ്‌ലറ്റില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നിടത്തെല്ലാം കീബോര്‍ഡ് കൊണ്ടുനടക്കണമെന്നതായിരുന്നു ഇതിന്റെ അസൗകര്യം.
ഇപ്പോഴിതാ ചൈനീസ് കമ്പനിയായ ലെനോവോ ആ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് പുതിയൊരു ഗാഡ്ജറ്റ് ഇറക്കിയിരിക്കുന്നു.
ഐഡിയാപാഡ് യോഗ 13 (Lenovo IdeaPad Yoga 13) എന്നു പേരിട്ടിരിക്കുന്ന ഈ ആള്‍ട്രാബുക്ക് ആളൊരു യോഗാഭ്യാസിയാണ്. ലാപ്‌ടോപ്പായും ടാബ്‌ലറ്റായുമൊക്കെ ഉപയോഗിക്കാം ഇതിനെ. സ്‌ക്രീന്‍ പുറത്തേക്ക് മടക്കിയാല്‍ സംഭവം ടാബ്‌ലറ്റായി മാറുമെന്നതുതന്നെ കാരണം.
270 ഡിഗ്രി വരെ മടക്കാവുന്ന ഈ ഗാഡ്ജറ്റിന്റെ സ്‌ക്രീന്‍ നാല് വ്യത്യസ്ത രീതിയില്‍ ഉപയോഗിക്കാമെന്ന് ലെനോവോ പറയുന്നു. അതിന്റെ ചിത്രങ്ങളും കമ്പനി വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാധാരണ രീതിയിലുള്ള ലാപ്‌ടോപ്പ് മോഡ്, സ്‌ക്രീന്‍ പുറത്തേക്ക് പകുതി തുറന്നുകൊണ്ടുള്ള സ്റ്റാന്‍ഡ് മോഡ്, കൂടാരം പോലെ നിര്‍ത്തുന്ന ടെന്റ് മോഡ്, സ്‌ക്രീന്‍ മുഴുവനായി പുറത്തേക്ക് തുറക്കുന്ന ടാബ്ലറ്റ് മോഡ് എന്നിവയാണവ.
സിനിമ കാണാനും വീഡിയോ ചാറ്റിനുമൊക്കെ സ്റ്റാന്‍ഡ് മോഡ് ഏറെ സഹായകമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. പക്ഷേ ഈ ടെന്റ് മോഡ് കൊണ്ട് കാര്യമായ ഉപയോഗമുണ്ടാകുമോ എന്നത് കണ്ടറിയണം. പാട്ടുകേള്‍ക്കാനും അടുക്കളയിലെ തിണ്ണയില്‍ സ്ഥാപിച്ച് പാചകക്കുറിപ്പുകള്‍ വായിച്ചുകൊണ്ട് ലൈവ് പാചകം നടത്താനുമൊക്കെ ടെന്റ് മോഡിലാക്കിയാല്‍ സാധിക്കുമെന്ന് കമ്പനി പറയുന്നുണ്ട്. മറ്റ് മോഡുകളിലും ഇതൊക്കെ നടക്കില്ലേ എന്നു ചോദിച്ചാല്‍ ലെനോവോയ്ക്ക് ഉത്തരമുണ്ടാകില്ല.
ടാബ്ലറ്റ് പോലെയാക്കുമ്പോള്‍ അടിവശത്ത് കീബോര്‍ഡാണുണ്ടാകുകയെന്നതും ചെറിയ പ്രശ്‌നമാണ്. മേശയിലോ മറ്റെവിടെയെങ്കിലുമോ വച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കീബോര്‍ഡില്‍ പൊടിയും അഴുക്കും പറ്റാന്‍ സാധ്യതയേറെയാണ്. ടാബ്ലറ്റ് മോഡിലേക്ക് മാറ്റുമ്പോള്‍ കീബോര്‍ഡ് തനിയെ ഡിസേബിള്‍ ആകും എന്നതുമാത്രമാണ് ആശ്വാസം.
ഇന്റല്‍ കോര്‍ i3 പ്രൊസസര്‍, 1600 X 900 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ 13.3 ഇഞ്ച് ഡിസ്‌പ്ലേ, എട്ട് ജി.ബി. മെമ്മറി. ഇന്റെല്‍ എച്ച്.ഡി. 4000 ഗ്രാഫിക്‌സ് കാര്‍ഡ്, ഒരു മെഗാപിക്‌സല്‍ എച്ച്.ഡി. ഇന്റഗ്രേറ്റഡ് വെബ്കാം എന്നിവയോടുകൂടിയാണ് ഐഡിയാപാഡ് യോഗ 13 ന്റെ വരവ്. ഭാരം 1.54 കിലോഗ്രാം.
ബാറ്ററി ആയുസ്സ് എട്ട് മണിക്കൂര്‍. 84,289 രൂപയ്ക്കാണ് ഐഡിയാപാഡ് യോഗ 13 ഇന്ത്യയില്‍ വില്‍ക്കുകയെന്ന് ലെനോവോ കമ്പനി അധികൃതര്‍ അറിയിച്ചു.