'ലോകത്തെ ഏറ്റവും ഊര്‍ജക്ഷമതയേറിയ' എല്‍ ഇ ഡി വിളക്കുമായി ഫിലിപ്പ്‌സ്‌

Posted on: 13 Apr 2013



നിലവിലെ 60 വാട്ട് ബള്‍ബുകളെ, ഭാവിയില്‍ വെറും അഞ്ച് വാട്ട് ബള്‍ബാക്കി മാറ്റാന്‍ ഫിലിപ്പ്‌സിന്റെ കണ്ടെത്തല്‍ വഴിയൊരുക്കും



നിലവിലുപയോഗിക്കുന്ന എല്‍.ഇ.ഡി.വിളക്കുകളുടെ പകുതി വൈദ്യുതി മതി പ്രവര്‍ത്തിക്കാന്‍. എന്നാല്‍ ലഭിക്കുന്നതോ, നിലവിലുള്ള വിളക്കുകളുടെ അത്രയും വെട്ടം. 'ലോകത്തെ ഏറ്റവും ഊര്‍ജക്ഷമതയേറിയ' എല്‍ ഇ ഡി വിളക്ക് രൂപപ്പെടുത്തിയിരിക്കുകയാണ് ഫിലിപ്പ്‌സ്.

നിലവിലുള്ള ഒരു എല്‍ ഇ ഡി വിളക്ക് തെളിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതികൊണ്ട്, ഫിലിപ്പ്‌സിന്റെ രണ്ട് വിളക്കുകള്‍ കത്തിക്കാം. ഊര്‍ജലാഭമേറെയുള്ള പുതിയ എല്‍.ഇ.ഡി.വിളക്കുകള്‍ ഊര്‍ജസംരക്ഷണരംഗത്ത് ചരിത്രം രചിക്കും. നിലവിലെ 60 വാട്ട് ബള്‍ബുകളെ, ഭാവിയില്‍ വെറും അഞ്ച് വാട്ട് ബള്‍ബാക്കി മാറ്റാന്‍ ഫിലിപ്പ്‌സിന്റെ കണ്ടെത്തല്‍ വഴിയൊരുക്കും.

ആഗോള വൈദ്യുതി ഉപഭോഗത്തില്‍ 19 ശതമാനവും വൈദ്യുതി വിളക്കുകള്‍ തെളിയിക്കാനാണ് ഉപയോഗിക്കുന്നതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ് ഫിലിപ്പിന്റേതെന്ന് നിസംശയം പറയാം.

'ലൈറ്റ് എമിറ്റിങ് ഡയോഡുകള്‍' ( Light-emitting diodes ) എന്നതിന്റെ ചുരുക്കമാണ് എല്‍ ഇ ഡി. ടെലിവിഷനുകളിലെ സ്റ്റാന്‍ഡ്‌ബൈ ലൈറ്റുകളും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലെ ഇന്‍ഡിക്കേറ്ററുകളും മറ്റുമായാണ് പരമ്പരാഗതമായി എല്‍ ഇ ഡികള്‍ ഉപയോഗിച്ചിരുന്നത്. അതിന് കാരണം, ചുവപ്പ് നിറത്തില്‍ മാത്രമാണ് എല്‍.ഇ.ഡി.ലഭ്യമായിരുന്നത് എന്നതാണ്.

എന്നാല്‍, സമീപകാലത്തുണ്ടായ മുന്നേറ്റങ്ങളുടെ ഫലമായി മറ്റ് നിറങ്ങളിലും എല്‍ ഇ ഡി കത്തുമെന്നായി. മാത്രമല്ല, കൂടുതല്‍ തീവ്രതയോടെ പ്രകാശിക്കാനും എല്‍ ഇ ഡികള്‍ക്ക് കഴിയുമെന്ന സ്ഥിതി വന്നു. വെള്ള നിറത്തില്‍ പ്രകാശം പുറപ്പെടുവിക്കുന്ന എല്‍ ഇ ഡികളാണ് വിളക്കുകളായി പൊതുവെ ഉപയോഗിക്കുന്നത്.

പരമ്പരാഗത വൈദ്യുത ബള്‍ബുകളുടെ ( incandescent light bulbs ) ആയുസ് ആയിരം മണിക്കൂര്‍ എന്നാണ് കണക്ക്; 'കോംപാക്ട് ഫ്ലാറസെന്റ് ലാമ്പുകള്‍'ക്ക് ( CFLs )15,000 മണിക്കൂറും. അതേസമയം, എല്‍.ഇ.ഡികളുടെ ആയുസ്സ് ഒരുലക്ഷം മണിക്കൂറാണ്.

മാത്രമല്ല, പരമ്പരാഗത വൈദ്യുത ബള്‍ബുകളെ അപേക്ഷിച്ച് 90 ശതമാനം കുറച്ച് വൈദ്യുതി മതി എല്‍ ഇ ഡി പ്രകാശിക്കാന്‍. കുറഞ്ഞ വൈദ്യുതിയും കൂടിയ ആയുസ്സും എല്‍ ഇ ഡി കളെ സാമ്പത്തികമായി വളരെ ആകര്‍ഷകമാക്കുന്നു.

എല്‍ ഇ ഡി വിളക്കുകളുടെ വരവ് തന്നെ വലിയ മുന്നേറ്റമായിരുന്നു. ആ മുന്നേറ്റത്തെ ഒന്നുകൂടി മുന്നോട്ടു നയിക്കുന്നതാണ് ഇപ്പോള്‍ ഫിലിപ്പ്‌സ് നടത്തിയിരിക്കുന്ന കണ്ടെത്തല്‍. ഫിലിപ്പ്‌സ് വികസിപ്പിച്ച ഊര്‍ജക്ഷമതയേറിയ എല്‍ ഇ ഡി വിളക്കുകള്‍ 2015 ഓടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
TAGS:
led lamp  |  philips  |  energy efficient light  |  energy  |  science 


Stories in this Section