ലാവയുടെ ഐറിസ് 504 ക്യു - വിരല്‍ തൊടേണ്ട, വീശിയാല്‍ മതി

Posted on: 18 Jun 2013


-പി.എസ്.രാകേഷ്




സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ബഹുരാഷ്ട്രക്കമ്പനികളോട് മത്സരിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ കമ്പനികള്‍. ആപ്പിളും സാംസങും സോണിയുമൊക്കെ പുത്തന്‍ സ്മാര്‍ട്‌ഫോണുകളിറക്കുമ്പോള്‍ അതിന് കിടപിടിക്കുന്ന മോഡലുകളിറക്കാന്‍ ഇന്ത്യന്‍ കമ്പനികളും ഉത്സാഹം കാട്ടുന്നുണ്ട്. പണ്ട് ബേസിക് ഫോണുകളുടെ വിപണനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മൈക്രോമാക്‌സും കാര്‍ബണുമൊക്കെ ഇന്‍ടെക്‌സുമൊക്കെ ഇപ്പോള്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്തും സജീവമായിക്കഴിഞ്ഞു.

സ്മാര്‍ട്‌ഫോണ്‍ രംഗത്തെ ഇന്ത്യന്‍ കമ്പനികളുടെ ഏറ്റവും പുതിയ സംഭാവനയാണ് ഐറിസ് 504 ക്യൂ ( Lava Iris 504q ) എന്ന മോഡല്‍. ഉത്തര്‍പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ കമ്പനിയാണ് ഐറിസ് 504 ക്യുവിന്റെ നിര്‍മാതാക്കള്‍.

റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് തൊട്ട് നിര്‍മാണവും വിതരണവും വരെ സ്വന്തമായി ചെയ്യുന്ന ഏക ഇന്ത്യന്‍ മൊബൈല്‍ കമ്പനിയാണ് തങ്ങളെന്ന് ലാവ അവകാശപ്പെടുന്നുണ്ട്. മറ്റ് കമ്പനികള്‍ ചൈനയില്‍ നിന്നോ തയ്‌വാനില്‍ നിന്നോ ഇറക്കുമതി ചെയ്യുന്ന ഹാന്‍ഡ്‌സെറ്റുകള്‍ റീബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുമ്പോള്‍ ഇന്ത്യയില്‍ തന്നെയുളള ഫാക്ടറികളിലാണ് ലാവ ഹാന്‍ഡ്‌സെറ്റുകള്‍ പിറവിയെടുക്കുന്നതെന്ന് കമ്പനി പറയുന്നു. ഉത്തരേന്ത്യയിലെ ഒന്നാം നമ്പര്‍ മൊബൈല്‍ ബ്രാന്‍ഡായി മാറിക്കഴിഞ്ഞ ലാവയുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം വിറ്റുവരവ് 1000 കോടി രൂപയാണ്. ഈ വര്‍ഷം മെയ് വരെ മാത്രം 90,000 ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റുകഴിഞ്ഞുവെന്ന് ലാവ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ലാവ അവതരിപ്പിച്ച ഐറിസ് 504 ക്യു ഒട്ടേറെ പുതുമകള്‍ നിറഞ്ഞ സ്മാര്‍ട്‌ഫോണാണ്. സാംസങിന്റെ ഏറ്റവും പുതിയ സീരീസ് സ്മാര്‍ട്‌ഫോണുകളില്‍ മാത്രമുള്ള ജെസ്റ്റര്‍ കണ്‍ട്രോള്‍ മോഷന്‍ സംവിധാനമുള്ള മോഡലാണിത്. ഈ ഫോണില്‍ കാര്യങ്ങള്‍ ചെയ്യാന്‍ സ്‌ക്രീനില്‍ തൊടണമെന്നില്ല, വെറുതെ കൈവീശിയാല്‍ മാത്രം മതി. ഫോട്ടോയെടുക്കാനും മ്യൂസിക് പ്ലെയര്‍ തുറക്കാനും എഫ്.എം. സ്‌റ്റേഷനുകള്‍ തിരഞ്ഞെടുക്കാനുമൊക്കെ സ്‌ക്രീനിന് മുന്നിലൂടെ ഒന്ന് കൈ ഞൊടിച്ചാല്‍ മതിയെന്നര്‍ഥം.

ഫ്രണ്ട് ക്യാമറയില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ഉപയോഗിച്ച് മുന്നിലുള്ള ചലനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ് ജെസ്റ്റര്‍ കണ്‍ട്രോള്‍ മോഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കാര്യമായ ഉപയോഗമൊന്നുമില്ലെന്ന് തോന്നുമെങ്കിലും സ്മാര്‍ട്‌ഫോണ്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പുള്ള സംവിധാനമാണിത്. വരും നാളുകളില്‍ ജെസ്റ്റര്‍ മോഷന്‍ കണ്‍ട്രോള്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം ആപ്ലിക്കേഷനുകളും ഗെയിമുകളുമൊക്കെ പിറവിയെടുക്കുമെന്നുറപ്പാണ്.

ജെസ്റ്റര്‍ മോഷന്‍ കണ്‍ട്രോള്‍ സംവിധാനത്തില്‍ മാത്രമൊതുങ്ങുന്നില്ല ഐറിസ് ക്യൂ 504 ക്യുവിന്റെ സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 1.2 ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുണ്ട്. 1280 X 720 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് ഐ.പി.എസ്.ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.

എല്‍.ഇ.ഡി. ഫ്ലാഷും ബി.എസ്.ഐ. സെന്‍സറും ഓട്ടോഫോക്കസുമുള്ള എട്ട് മെഗാപിക്‌സല്‍ പ്രധാനക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ രണ്ടാം ക്യാമറയുമുണ്ടിതില്‍. 2000 എം.എ.എച്ചിന്റെ ലി പോളിമര്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പതിനഞ്ചര മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

കണക്ടിവിറ്റിക്കായി ജി.പി.ആര്‍.എസ്., എഡ്ജ്, ത്രിജി സംവിധാനങ്ങളുള്ള ഈ ഫോണില്‍ ഓണ്‍ ദി ഗോ (ഒ.ടി.ജി.) യു.എസ്.ബി. സൗകര്യവുമുണ്ട്. പൈണ്‍ഡ്രൈവും മൗസും കീബോര്‍ഡുമൊക്കെ മൊബൈല്‍ഫോണിലേക്ക് നേരിട്ട് കണക്ട് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് ഒ.ടി.ജി. യു.എസ്.ബി.

ജൂണ്‍ അവസാനം വില്പനയാരംഭിക്കുന്ന ലാവ ഐറിസ് 504 ക്യുവിന് 13,499 രൂപയാണ് വില.


Stories in this Section