സ്മാര്‍ട്‌ഫോണ്‍ വാങ്ങണമെങ്കില്‍ പതിനായിരം രൂപയെങ്കിലും മുടക്കണമെന്നതായിരുന്നു പണ്ടത്തെ അവസ്ഥ. 'കാലം മാറി, കാലീത്തീറ്റയും' എന്നു പറഞ്ഞതുപോലെ കാലത്തിനൊത്ത് സ്മാര്‍ട്‌ഫോണും മാറി. ഇന്നിപ്പോള്‍ അയ്യായിരത്തിനും ആറായിരത്തിനുമൊക്കെ നല്ല സ്മാര്‍ട്‌ഫോണുകള്‍ കിട്ടാനുണ്ട്. മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ തുടങ്ങിവച്ച വിലക്കുറവിന്റെ വിപ്ലവം പിന്നീട് വന്ന കമ്പനികളും പിന്തുടര്‍ന്നു.
ഏറ്റവും പറ്റിയ ഉദാഹരണമാണ് ലാവ അവതരിപ്പിച്ച പുതിയ സ്മാര്‍ട്ട്‌ഫോണ്‍. ഉത്തര്‍പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലായ ഐറിസ് 349 പ്ലസിന് ( Lava Iris 349+ ) 3500 രൂപയാണ് വില.
മറ്റ് കമ്പനികള്‍ ചൈനയില്‍ നിന്നോ തായ്‌വാനില്‍ നിന്നോ ഇറക്കുമതി ചെയ്യുന്ന ഹാന്‍ഡ്‌സെറ്റുകള്‍ റീബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുമ്പോള്‍ ഇന്ത്യയില്‍ തെന്നയുളള ഫാക്ടറികളിലാണ് ലാവ ഹാന്‍ഡ്‌സെറ്റുകള്‍ പിറവിയെടുക്കുന്നതെന്ന് കമ്പനി പറയുന്നു.
ലാവയുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം വിറ്റുവരവ് 1000 കോടി രൂപയാണ്. ഈ വര്‍ഷം മെയ് വരെ മാത്രം 90,000 ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റുകഴിഞ്ഞുവെന്ന് ലാവ അവകാശപ്പെടുന്നു.
3.5 ഇഞ്ച് എച്ച്.വി.ജി.എ. ടി.എഫ്.ടി. ഡിസ്‌പ്ലേയോടു കൂടിയ ഐറിസ് 349 ന്റെ സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ 320 X 480 പിക്‌സല്‍സാണ്. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസറോടുകൂടിയ ഫോണില്‍ 256 എം.ബി. റാമുമുണ്ട്.
ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈയോടു കൂടിയ ഡ്യുവല്‍ സിം ഫോണാണിത്. എട്ട് എക്‌സ് സൂം സപ്പോര്‍ട്ട് ചെയ്യുന്ന രണ്ട് മെഗാപിക്‌സല്‍ ഫിക്‌സഡ് ഫോക്കസ് ക്യാമറയും ഈ ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡിന്റെ അല്പം പഴഞ്ചന്‍ വെര്‍ഷനായ 2.3. ജിഞ്ചര്‍ബ്രെഡാണ് ഇതിലെ ഓപ്പറേറ്റിങ് സിസ്റ്റം. എഫ്.എം. റേഡിയോ, ബ്ലൂടൂത്ത്, വൈഫൈ, ജി.പി.ആര്‍.എസ്., എഡ്ജ് എന്നീ സംവിധാനങ്ങളുള്ള ഫോണില്‍ ത്രിജി ഇല്ല എന്നതാണ് പോരായ്മ.
അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 250 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും വാഗ്ദാനം ചെയ്യുന്ന 1400 എം.എ.എച്ച്. ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഐറിസ് 349 പ്ലസിന്റെ വരവോടെ ലാവയുടെ സ്മാര്‍ട്‌ഫോണ്‍ മോഡലുകളുടെ എണ്ണം പന്ത്രണ്ടായി. ജൂണില്‍ കമ്പനി പുറത്തിറക്കിയ 504 ക്യൂ എന്ന മോഡലിന് വിപണിയില്‍ നല്ല പ്രതികരണമാണ് ലഭിച്ചുവരുന്നത്. അഞ്ചിഞ്ച് സ്‌ക്രീനും 1.2 ക്വാഡ്‌കോര്‍ പ്രൊസസറും അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുമുള്ള 504 ക്യുവിന് 13,499 രൂപയാണ് വില.