തിരഞ്ഞെടുക്കാന്‍ അഞ്ച് ടാബുകള്‍
Posted on: 05 Mar 2013
-പി.എസ്.രാകേഷ്
സ്ലേറ്റ് പലക പോലെ കൊണ്ടുനടക്കാവുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ പിന്നാലെയാണിപ്പോള്‍ എല്ലാവരും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'ആകാശ്' പദ്ധതിയാണ് രാജ്യത്ത് ടാബ്‌ലറ്റ് വിപ്ലവത്തിന് നിലമൊരുക്കിയത്. പല സര്‍ക്കാര്‍ പദ്ധതികളെയും പോലെ ആകാശും പ്രഖ്യാപനങ്ങളിലൊതുങ്ങിയെങ്കിലും അതില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഇന്ത്യന്‍ കമ്പനികള്‍ ടാബ് രംഗത്ത് സജീവമായി.
പത്തിരുപതുവര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ തരംഗമായി മാറിയ സ്‌റ്റെബിലൈസര്‍ കച്ചവടം പോലെയാണിപ്പോള്‍ ടാബ്‌ലറ്റ് വില്പനയുടെ കാര്യം. ഓരോ ദിവസവും പുതിയ കമ്പനികള്‍ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നു. രുപത്തിലും വിലയിലും അദ്ഭുതകരമായ സാദൃശ്യം പുലര്‍ത്തുന്നവയാണ് പല ബ്രാന്‍ഡുകളുടെയും ടാബ്‌ലറ്റ് മോഡലുകള്‍. എല്ലാം തായ്‌വാനില്‍ നിന്നോ ചൈനയില്‍ നിന്നോ ഇറക്കുമതി ചെയ്്ത് റീബ്രാന്‍ഡ് ചെയ്യുന്നതാണ് എന്നതു തന്നെ കാരണം.
ടാബ്‌ലറ്റുകളെ ലക്ഷ്യംവച്ചുകൊണ്ടുള്ള ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷന്‍ ഒ.എസ്. കൂടി രംഗത്തെത്തിയതോടെ ടാബ്ലറ്റ് വില്പന പതിന്‍മടങ്ങായി. 2012 ജൂലായ് മുതല്‍ സപ്തംബര്‍ വരെ 11 ലക്ഷം ടാബ്‌ലറ്റുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. 2013 ല്‍ 60 ലക്ഷം ടാബ്‌ലറ്റുകളെങ്കിലും വിറ്റഴിയുമെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച്സ്ഥാപനമായ സൈബര്‍മീഡിയ പ്രവചിക്കുന്നു.
വിപണിയിലെ മോഡല്‍ പ്രളയം കാരണം ഏത് തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ടാബ്‌ലറ്റ് മോഹികള്‍. അവര്‍ക്കായി 15,000 രൂപയില്‍ താഴെ വിലയുള്ള അഞ്ച് ജെല്ലിബീന്‍ ടാബുകള്‍ പരിചയപ്പെടുത്തുന്നു.
1. ലാവ ഇടാബ് എക്‌സ്‌ട്രോണ്‍ (Lava Etab X-tron)
വില: 6,499 രൂപ
ഏഴിഞ്ച് ഇന്‍പ്ലെയിന്‍ സ്വിച്ചിങ് ഡിസ്‌പ്ലേയോടെയാണ്
'ലാവ ഇടാബി'ന്റെ വരവ്. സ്‌ക്രീന്‍ റിസൊല്യൂഷന്‍ 1024 X 600 പിക്‌സല്‍സ്. 1.5 ഗിഗാഹെര്‍ട്‌സ് എ 9 ഡ്യുവല്‍കോര്‍ പ്രൊസസറും ഒരു ജി.ബി. റാമും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 4.1.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ടാബില്‍ എട്ട് ജി.ബി.യാണ് ഇന്റേണല്‍ മെമ്മറി. 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ ഇതില്‍ പ്രവര്‍ത്തിപ്പിക്കാം.
രണ്ട് മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ ടാബില്‍ 3,500 എം.എ.എച്ച്. ബാറ്ററിയാണുള്ളത്. മൂന്നരമണിക്കൂര്‍ തുടര്‍ച്ചയായ വീഡിയോകാണലാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. യു.എസ്.ബി. ഡോങ്കിള്‍ ഉപയോഗിച്ച് ത്രിജി സംവിധാനം ഉപയോഗിക്കാവുന്ന ടാബില്‍ വൈഫൈ, മൈക്രോ-യു.എസ്.ബി പോര്‍ട്ട് എന്നിവയുമുണ്ട്.
2. ഏസര്‍ ഐക്കോണിയ ബി1-എ71 (Acer Iconia B1-A71)
വില: 7,999 രൂപ
ഏഴിഞ്ച് 1024 X 600 മെഗാപിക്‌സല്‍ റിസൊല്യൂഷനുള്ള ഡിസ്‌പ്ലേയോടു കൂടിയ 'ഏസര്‍ ഐക്കോണി'യയില്‍ 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ മീഡിയാടെക്ക് പ്രൊസസറാണുള്ളത്. എന്നാല്‍ 512 എം.ബി. റാം മാത്രമേയുള്ളൂ എന്നത് നിരാശപ്പെടുത്തും. എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറിയുളള ടാബ്‌ലറ്റ് 32 ജി.ബി. കാര്‍ഡ് വരെ സപ്പോര്‍ട്ട് ചെയ്യും. കണക്ടിവിറ്റിക്കായി വൈഫൈ, ജി.പി.എസ്., ബ്ലൂടൂത്ത്, മൈക്രോ-യൂ.എസ്.ബി. എന്നീ സംവിധാനങ്ങളാണുള്ളത്. ത്രിജി ഇല്ലെന്നത് പോരായ്മ തന്നെ.
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.1.2 വെര്‍ഷനാണ് ഇതിലുള്ളത്. ജെല്ലിബീനിന്റെ അപ്‌ഡേറ്റഡ് വെര്‍ഷനാണിത്. ഫോട്ടോഗ്രാഫി പ്രേമികളെ പിണക്കിക്കൊണ്ട് 0.3 മെഗാപിക്‌സല്‍ ക്യാമറ മാത്രമേ ഇതിലുള്ളൂ, 2710 എം.എ.എച്ച്. ബാറ്ററിയും.
3. എസ്യൂസ് മെമോപാഡ് എം.ഇ. 172വി (Asus MeMO Pad ME172V)
വില: 9,999 രൂപ
തായ്‌വാന്‍ ഹാര്‍ഡ്‌വേര്‍ കമ്പനിയായ എസ്യൂസ് എറ്റവും പുതുതായി അവതരിപ്പിച്ച ടാബ്‌ലറ്റ് മോഡലാണ്
മെമോപാഡ് എം.ഇ. 172വി. 10 പോയന്റ് മള്‍ട്ടിടച്ച് സംവിധാനത്തോടു കൂടിയ ഏഴിഞ്ച് ഡിസ്‌പ്ലേയാണ് ഈ ടാബിലുള്ളത്. സ്‌ക്രീന്‍ റിസല്യൂഷന്‍ 1024 X 600 പിക്‌സല്‍സ്. ആന്‍ഡ്രോയ്ഡ് 4.1.1 ജെല്ലിബീന്‍ വെര്‍ഷനിലോടുന്ന ടാബില്‍ ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസറും ഒരു ജി.ബി. റാമുമാണുള്ളത്. എട്ട് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജുളള ടാബ്ലറ്റില്‍ 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെയിടാം.
അഞ്ച് ജി.ബി. ക്ലൗഡ് സ്‌റ്റോറേജ് സൗകര്യവും ഈ ടാബിന് എസ്യൂസ് വാഗ്ദാനം ചെയ്യുന്നു. ഒരു മെഗാപിക്‌സല്‍ ക്യാമറയാണ് ടാബിലുള്ളത്. സിംകാര്‍ട് സ്ലോട്ടില്ലാത്തതിനാല്‍ ത്രിജി സംവിധാനമൊന്നും മെമോ ടാബില്‍ ലഭിക്കില്ല. കണക്ടവിറ്റിക്കായി വൈഫൈയെ ആശ്രയിക്കേണ്ടി വരും. 4,720 എം.എ.എച്ച്. ബാറ്ററിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.
4. സ്‌പൈസ് സ്‌റ്റെല്ലാര്‍ പാഡ് എംഐ-1010 (Spice Stellar Pad Mi-1010)
വില: 12,990 രൂപ
ബജറ്റ് സ്മാര്‍ട്‌ഫോണുകളുടെ നിര്‍മാതാക്കളായ സ്‌പൈസ് ടെലികോം പുതുതായി അവതരിപ്പിച്ച ജെല്ലിബീന്‍ ടാബ്‌ലറ്റാണ് സ്‌റ്റെല്ലാര്‍ പാഡ് എംഐ-1010. സ്‌ക്രീന്‍ 10.1 ഇഞ്ച് വിസ്താരമുള്ളതാണ്. ഇതാണ് സ്‌റ്റെല്ലാര്‍ പാഡിന്റെ പ്രധാന ആകര്‍ഷണം. സ്‌ക്രീന്‍ റിസല്യൂഷന്‍ 1280 x 800 പിക്‌സല്‍സ്. 1.5 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം എന്നിവയുള്ള സ്‌റ്റെല്ലാര്‍ പാഡില്‍ ആന്‍ഡ്രോയ്ഡ് 4.1.1 വെര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്. 16 ജി.ബി. ഇന്റേണല്‍ മെമ്മറിയുളള ഈ ടാബ്‌ലറ്റില്‍ 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാനാകും.
മൂന്ന് മെഗാപിക്‌സല്‍ ക്യാമറയുള്ള സ്‌റ്റെല്ലാര്‍ പാഡില്‍ വീഡിയോ കോളിങിനായി വി.ജി.എ. ഫ്രണ്ട് ക്യാമറയുമുണ്ട്. തുടര്‍ച്ചയായ ആറു മണിക്കൂര്‍ വീഡിയോ കാണലും 15 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയും ഉറപ്പുനല്‍കുന്ന 7600 എം.എ.എച്ച് ലിത്തിയം അയണ്‍ പോളിമര്‍ ബാറ്ററിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ എന്നിവയുണ്ടെങ്കിലും ബ്ലൂടൂത്ത് സംവിധാനങ്ങളില്ലാത്തത് ചെറിയ പ്രശ്‌നം സൃഷ്ടിച്ചേക്കും.
5. സാംസങ് ഗാലക്‌സി ടാബ് 2 311 (Samsung Galaxy Tab 2 311)
വില: 12,899 രൂപ
സാംസങിന്റെ ടാബ്‌ലറ്റ് മോഡലായ
ഗാലക്‌സി ടാബ് 2 311 ല്‍, 1024 X 600 പിക്‌സല്‍ റിസൊല്യൂഷനുള്ള ഏഴിഞ്ച് ടി.എഫ്.ടി. എല്‍.സി.ഡി. സ്‌ക്രീനാണുള്ളത്. ആന്‍ഡ്രോയ്ഡ് 4.1.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബില്‍ ഒരു ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രൊസസറും ഒരു ജി.ബി. റാമും 16 ജി.ബി. ഇന്റേണല്‍ മെമ്മറിയുമുണ്ട്. 32 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് വരെ ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും.
മൂന്ന് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും വി.ജി.എ. ഫ്രണ്ട് ക്യാമറയുമുള്ള ഗാലക്‌സി ടാബ് 2 ല്‍ കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത് എന്നിവയുണ്ട്. ത്രിജി ഡോങ്കിളും ഇതില്‍ ഉപയോഗിക്കാം.