-പി.എസ്. രാകേഷ്
ആള്‍പ്പെരുപ്പം കൊണ്ട് ശ്വാസം മുട്ടുന്ന ഇന്ത്യന്‍മൊബൈല്‍ഫോണ്‍ വിപണിയിലേക്ക് പുതുതായി രംഗപ്രവേശം ചെയ്ത കമ്പനിയാണ് 'ലാവ മൊബൈല്‍'. ഇതോടെ നൂറ്റമ്പതിലേറെ ഇന്ത്യന്‍ കമ്പനികള്‍ മൊബൈല്‍ഫോണ്‍ നിര്‍മാണരംഗത്തുണ്ടെ്‌നാണ് കണക്കുകള്‍. ചൈനയിലോ ഹോങ്കോങിലോ നിര്‍മിക്കുന്ന ഫോണുകള്‍ ഇങ്ങോട്ട് ഔട്ട്‌സോഴ്‌സ് ചെയ്ത് സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ വില്‍ക്കുകയാണ് ഇവയില്‍ ഭൂരിഭാഗവും ചെയ്യുന്നതെന്നത് വേറെ കാര്യം. എന്തായാലും ആഴ്ച തോറും പുതിയ മോഡലുകളിറക്കി വിപണിയിലെ മത്സരം കൊഴുപ്പിക്കുവാന്‍ ഈ കമ്പനികളൊക്കെ ശ്രമിക്കുന്നുണ്ട്.
അക്കൂട്ടത്തിലേക്കുള്ള ലാവയുടെ രണ്ടു സംഭാവനകളാണ് ബി-ടുവും (B2) ബി-ഫൈവും (B5). ലോകത്തൊരു ഫോണിനുമില്ലാത്ത ഒരു പ്രത്യേക സൗകര്യവുമായാണ് ഈ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 'ആല്‍ഫ' കീപാഡുകളാണ് ഇവയിലെ പുതുമ. ആല്‍ഫയോ അതെന്തു സാധനമെന്ന് ചോദിക്കുന്നതിനുമുമ്പ് ഇപ്പോള്‍ പോക്കറ്റിലുള്ള മൊബൈലിന്റെ കീപാഡൊന്നു പരിശോധിക്കണം.
രണ്ടു തരത്തിലുള്ള കീപാഡുകളാണ് നിലവിലുള്ളത്. രണ്ട് മുതല്‍ ഒമ്പത് വരെയുള്ള അക്കങ്ങളില്‍ മൂന്ന് ഇംഗഌഷ് അക്ഷരം വീതമുള്ള ആല്‍ഫ ന്യൂമറിക് കീപാഡാണ് ആദ്യകാല ഫോണുകളിലുണ്ടാവുക. കമ്പ്യൂട്ടര്‍ കീബോര്‍ഡിലേതു പോലെ ക്യൂവെര്‍ട്ടി കീപാഡുകളുമായാണ് പുതിയ ഫോണുകള്‍ പുറത്തുവരുന്നത്.
ഇതു രണ്ടുമല്ലാത്ത പുത്തന്‍ ശൈലിയിലുള്ളതാണ് തങ്ങളുടെ അല്‍ഫ കീപാഡെന്ന് ലാവ പറയുന്നു. ഓരോ അക്ഷരത്തിനും ഓരോ കീ നല്‍കിക്കൊണ്ട് ഇംഗഌഷ് അക്ഷരമാലക്രമത്തിലാണ് ഇതിലെ കീപാഡ്. കീപാഡിന്റെ ഇടത്തേ അറ്റത്തുനിന്ന് എ എന്ന അക്ഷരത്തില്‍ തുടങ്ങി താഴെ വലത്തേ അറ്റത്തില്‍ സെഡ് എന്ന അക്ഷരത്തില്‍ തീരുന്ന രീതിയിലാണ് ഈ കീപാഡ് സജ്ജീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചുശീലമില്ലാത്തവര്‍ക്ക് എളുപ്പത്തില്‍ മെസേജ് അയക്കാനുള്ള സൗകര്യത്തിനാണ് ഇത്തരമൊരു കീപാഡ് നിര്‍മിച്ചിരിക്കുന്നതെന്ന് ലാവ പറയുന്നു.
ബി-ടു, ബി-ഫൈവ് എന്നീ രണ്ടുമോഡലുകളിലും ആല്‍ഫ കീപാഡാണുള്ളത്. രണ്ടു ഫോണുകളും ഡ്യുവല്‍ സിം മോഡലുകള്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ഒപേര മൊബൈല്‍ ബ്രൗസറും ഇന്‍സ്റ്റന്റ് മെസേജിങിനായി നിംബസ് അപ്ലിക്കേഷനും രണ്ടു ഫോണുകളിലുമുണ്ട്. 2.2 ഇഞ്ച് വിസ്താരമുള്ള സ്‌ക്രീനും 320 ഗുണം 240 പിക്‌സല്‍ റെസൊല്യൂഷനുമാണ് ബിഫൈവിന്റെ പ്രത്യേകത. ഈ ഫോണില്‍ രണ്ട് മെഗാപിക്‌സല്‍ ക്യാമറയും 3.5 എം.എം. ഹെഡ്‌ഫോണ്‍ ജാക്കും ഒപ്പമുണ്ട്. വില 4,399 രൂപ.
മറ്റെല്ലാ കാര്യങ്ങളിലും ബി-ഫൈവുമായി കിടപിടിക്കുന്ന ബി-ടുവില്‍ വി.ജി.എ. ക്യാമറയാണുള്ളത്. എന്നാല്‍ ബി-ഫൈവിലില്ലാത്ത ഒരു സൗകര്യം ഇതിലുണ്ട്. രണ്ട് മെമ്മറി കാര്‍ഡുകള്‍ ഒരേസമയം ഇതില്‍ ഉപയോഗിക്കാനാകും. 3,999 രൂപയാണ് വില.
ആല്‍ഫ കീബോര്‍ഡുകള്‍ തങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്ന ലാവയുടെ അവകാശവാദം ശരിയാണോ എന്നതില്‍ ഉറപ്പില്ല. പക്ഷേ ഇതുവരെ മറ്റൊരു കമ്പനിയും ഇങ്ങനെയൊരു വിദ്യ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടിട്ടില്ല. അല്‍ഫ കീബോര്‍ഡ് ലാവയെ രക്ഷിക്കുമോയെന്നതാണ് ചോദ്യം. അത് പറയാന്‍ സമയമായിട്ടില്ല.