എ-10: ലാവയുടെ മികവേറും മോഡല്‍

Posted on: 11 Dec 2010


-പി.എസ്.രാകേഷ്‌



ഇന്ത്യന്‍ കമ്പനികളിറക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്കെല്ലാം പൊതുവായ ചില പ്രത്യേകതകളുണ്ട്. ഡ്യുവല്‍ സിം, ക്യാമറ, എം.പി. ത്രി പ്ലെയര്‍,എന്നീ സൗകര്യങ്ങള്‍ എല്ലാ ഫോണിലുമുണ്ടാകും. മൂവായിരം രുപയോ അതില്‍ താഴെയോ ആകും പൊതുവെ വില. സൗകര്യങ്ങളും സംവിധാനങ്ങളും എത്രകണ്ട് വര്‍ധിച്ചാലും വില മൂവായിരം എന്ന മാന്ത്രികസംഖ്യക്കപ്പുറത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് എന്തോ മടിയുണ്ടെന്ന് വ്യക്തം. മൂവായിരം രൂപയില്‍ കൂടുതല്‍ വിലയുള്ള മോഡലുകള്‍ ഇല്ലെന്നല്ല. പക്ഷേ അവയ്ക്ക് വില്പന തീരെകുറവാണെന്നുമാത്രം. ഇന്ത്യന്‍മൊബൈല്‍ഫോണ്‍ കമ്പനികളുടെ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി മൂവായിരം രൂപയുടെ ഫോണുകള്‍ക്ക് അവര്‍ നല്‍കുന്ന മുന്‍ഗണന വ്യക്തമാകും.

വില മൂവായിരത്തില്‍ പിടിച്ചുനിര്‍ത്താന്‍ വേണ്ടി സ്‌ക്രീന്‍ മികവിലാണ് കമ്പനികള്‍ മുഖ്യമായും വിട്ടുവീഴ്ച ചെയ്യാറ്. മിക്ക ഫോണുകളുടെയും സ്‌ക്രീന്‍ റെസൊല്യൂഷന്‍ കുറവാണെന്നു കാണാം. സ്‌ക്രീന്‍ മികവിലും ചിത്രങ്ങളുടെ ഗുണമേന്‍മയിലും മള്‍ട്ടിനാഷണല്‍ കമ്പനികളുടെ അടിസ്ഥാനമോഡലുകളോടു പോലും ഇന്ത്യന്‍ കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാനാവാതെ വരുന്നത് അതുകൊണ്ടാണ്.

ഇപ്പോഴിതാ മൂവായിരം എന്ന മതില്‍ക്കെട്ട് തകര്‍ക്കുന്ന പുതിയാരു മോഡലുമായി 'ലാവ' രംഗപ്രവേശം ചെയ്തിരിക്കുന്നു. ലാവയുടെ എ-10 എന്ന പുത്തന്‍ഫോണിന് 5,490 രൂപയാണ് വില. വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകളിലൂടെയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ ലാവ ജനശ്രദ്ധ നേടിയത്. ആദ്യതലമുറ ഇന്ത്യന്‍ മൊബൈല്‍കമ്പനികളില്‍ പെട്ട ലാവ വന്‍തോതില്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നൂറുകോടി രൂപ മുതല്‍മുടക്കി മൊബൈല്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാനുള്ള പരിപാടിയിലാണ് കമ്പനി ഇപ്പോള്‍.


5,490 രുപ വിലയുള്ള ലാവ എ-10 ന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സ്‌ക്രീന്‍ മികവ് തന്നെയാണ്. മൂന്ന് ഇഞ്ച് വിസ്തൃതിയുള്ള ഐ.പി.എസ്. ഡിസ്‌പ്ലെ (In-plane switching display) ആണ് ഫോണിലുള്ളത്. ആപ്പിളിന്റെ ഐഫോണിലും ഐപാഡിലുമുള്ളത് ഇതേ ഐ.പി.എസ്. ഡിസ്‌പ്ലെ തന്നെ. 1996 ല്‍ ഹിറ്റാച്ചി കമ്പനി അവതരിപ്പിച്ച ഐ.പി.എസ്. സ്‌ക്രീനുകളില്‍, 178 ഡിഗ്രി വൈഡ് ആംഗിളില്‍ നോക്കുമ്പോള്‍ പോലും കാഴ്ചയ്ക്ക് ഭേദമുണ്ടാകില്ല. പലഭാഗങ്ങളില്‍ നിന്ന് നോക്കിയാലും ഒരേ തന്നെ കാണാമെന്നര്‍ഥം. ഐ.പി.എസ്. ഡിസ്‌പ്ലെയുള്ള ഫോണുകളില്‍ വീഡിയോയും ചിത്രങ്ങളും കാണുന്നത് മികച്ച അനുഭവമായിരിക്കുമെന്നതില്‍ സംശയം വേണ്ട.

ഗണ്‍മെറ്റല്‍ ഫിനിഷിങിലാണ് എ-10 ന്റെ ബോഡി രൂപകല്പന ചെയ്തിരിക്കുന്നത്. മുഷിപ്പന്‍ നിറങ്ങളിലുള്ള പ്ലാസ്റ്റിക് ബോഡിയോടു കൂടിയ ഫോണുകള്‍ കണ്ടുമടുത്തവരെ ഗണ്‍മെറ്റല്‍ സൗന്ദര്യം ആകര്‍ഷിക്കുമെന്നുറപ്പ്. ടച്ച്‌സ്‌ക്രീന്‍, ഫ്ലഷോടു കൂടിയ 3.2 മെഗാപിക്‌സല്‍ ക്യാമറ, യമഹ പബഌക് അഡ്രസ് സിസ്റ്റം, ഹൈ-ഡെഫനിഷന്‍ വീഡിയോ റെക്കോഡിങ്, മള്‍ട്ടിമീഡിയ പ്ലെയര്‍, ജി-സെന്‍സര്‍ എന്നിവയാണ് ഫോണിലുള്ള മറ്റു സൗകര്യങ്ങള്‍. ഇന്‍ര്‍നെറ്റ് കണക്ടിവിറ്റിക്കായി എഡ്ജ് സംവിധാനമുള്ള എ-10 ല്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് ആക്‌സസുമുണ്ട്.

ഈ ഫോണിന്റെ പിക്ചര്‍ റിസൊല്യൂഷനെക്കുറിച്ചും ബാറ്ററി ആയുസിനെക്കുറിച്ചും ലാവ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. അക്കാര്യങ്ങള്‍ കൂടി തൃപ്തികരമാണെങ്കില്‍ കാഴ്ചയില്‍ സുന്ദരനായ എ-10 വാങ്ങുന്നത് മോശം തീരുമാനമാകില്ലെന്നാണ് വിദഗ്ധരുടെ വിധിയെഴുത്ത്.


Stories in this Section