കുത്തിവെപ്പിനെ ഭയക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്ത, ദക്ഷിണകൊറിയയില്‍ നിന്ന്. വേദന തീരെ കുറഞ്ഞ ഇഞ്ചക്ഷന് സഹായിക്കുന്ന ഒരു ലേസര്‍ ഉപകരണം ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നു.
കുത്തിവെപ്പിന് പരമ്പരാഗത ഇഞ്ചക്ഷന്‍ സൂചികള്‍ക്ക് പകരം പുതിയ ലേസര്‍ ഉപകരണം ഉപയോഗിക്കാം. വായുവിന്റെ ഒരു പകര്‍ച്ച വന്ന് ശരീരത്തിലിടിച്ചതുപോലയേ, ലേസര്‍ ഉപകരണം കൊണ്ട് കുത്തിവെപ്പെടുക്കുമ്പോള്‍ തോന്നൂ, വേദനയേ അനുഭവപ്പെടില്ല.
ദക്ഷിണകൊറിയയില്‍ സോള്‍ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ലേസര്‍ ഇഞ്ചക്ഷന്‍ വിദ്യയ്ക്ക് പിന്നില്‍.
'എര്‍ബിയം-ഡോപ്ഡ് യിട്രിയം അലുമിനിയം ഗാര്‍നെറ്റ്' (erbium-doped yttrium aluminium garnet - Er:YAG) ലേസര്‍ ആണ് കുത്തിവെപ്പിനുപയോഗിക്കുന്നത്. ഔഷധത്തെ ശരിയായ സമ്മര്‍ദമുപയോഗിച്ച് ശരീരത്തിലേക്ക് കടത്തിവിടാന്‍ ഈ ലേസര്‍ സഹായിക്കും.
സൗന്ദര്യവര്‍ധനയ്ക്കുള്ള ചര്‍മചികിത്സയില്‍ ഈ ലേസര്‍വിദ്യ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. മുഖത്തെ പാടുകളും അരിമ്പാറയും മറ്റും മാറ്റാന്‍ ഇതുപയോഗിച്ചു വരുന്നു.
ചെറിയൊരു അഡാപ്റ്ററിന്റെ സഹായത്തോടെ, ശരീരത്തിലേക്ക് മരുന്ന് കടത്തിവിടാന്‍ പാകത്തില്‍ ആ ലേസര്‍ ഉപകരണത്തെ പരിഷ്‌ക്കരിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. കുറഞ്ഞ ചിലവില്‍ അത് സാധാരണ ചികിത്സയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന്,
'ഓപ്ടിക്കല്‍ ലറ്റേഴ്‌സ്' ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ലേസറിനാല്‍ നിയന്ത്രിക്കപ്പെടുന്ന മൈക്രോജറ്റ് ഇന്‍ഞ്ചെക്ടര്‍ ഉപയോഗിച്ച് ശരീരത്തിലേക്ക് മരുന്ന് കടത്തിവിടുമ്പോള്‍, മരുന്നിന്റെ ഡോസും ചര്‍മത്തിലൂടെ എത്ര താഴ്ചയിലേക്ക് മരുന്ന് കടക്കണം എന്നതും കൃത്യമായി നിയന്ത്രിക്കാനാകും - ലേസര്‍ ഉപകരണം വികസിപ്പിക്കാന്‍ നേതൃത്വം നല്‍കിയ പ്രൊഫ.ജാക് യോ പറയുന്നു.
ഗിനിപ്പന്നികളില്‍ ആ ലേസര്‍ ഉപകരണം ഉപയോഗിച്ച് കുത്തിവെപ്പെടുത്തപ്പോള്‍, ശരീരകലകള്‍ക്ക് ഒരു നാശവും സംഭവിക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടു. ക്ലിനിക്കല്‍ പരീക്ഷണത്തിന് അടുത്തഘട്ടത്തില്‍ അത് ഉപയോഗിക്കാനാണ് നീക്കം (ഫോട്ടോ കടപ്പാട് : ജാക് യോ/ സോള്‍ നാഷണല്‍ സര്‍വകലാശാല)