കണികാപരീക്ഷണത്തിന് ഊര്‍ജം പകരാന്‍ കുങ്ഫ്യൂവും!

Posted on: 17 Nov 2012




കണികാപരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് ഉണര്‍വുണ്ടാക്കാന്‍ കുങ്ഫ്യൂവുമെത്തുന്നു. അത് കണികാപരീക്ഷണത്തിനും ഊര്‍ജം പകരുമെന്ന് പ്രതീക്ഷിക്കാം!

ബുദ്ധമതവിഭാഗത്തില്‍പെട്ട ഒരു ഡസണ്‍ ഏഷ്യന്‍ കുങ്ഫ്യൂ സംന്യാസിനികളാണ്, ജനീവയില്‍ യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണില്‍ പ്രകടനത്തിനെത്തിയിരിക്കുന്നത്.

സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണം തുടരുകയാണ്. പ്രപഞ്ചരഹസ്യം തേടിയുള്ളതാണ് കണികാപരീക്ഷണമെങ്കില്‍, തങ്ങള്‍ വഹിക്കുന്നതും പ്രാപഞ്ചികോര്‍ജമാണെന്ന് സംന്യാസിനികളുടെ നേതാവ് വിശദീകരിക്കുന്നു.

ഹിമാലയന്‍ മേഖലയില്‍നിന്നുള്ള കുങ്ഫ്യൂ സംന്യാസിനികളുടെ സംഘമാണ് സേണില്‍ പ്രകടനത്തിനെത്തിയത്. ഗൈയാല്‍ ധ്രുക്പ എന്ന സംന്യാസി വര്യന്‍ സംഘത്തിന് നേതൃത്വം നല്‍കുന്നു.

'പുരുഷന്‍മാരും സ്ത്രീകളും വഹിക്കുന്നത് വ്യത്യസ്ത ഊര്‍ജമാണ്' -ധ്രുക്പ പറഞ്ഞു. ബുദ്ധമത വിശ്വാസികള്‍ക്കിടയില്‍ ദലായ് ലാമയ്ക്ക് തൊട്ടു താഴെ സ്ഥാനമുള്ള സംന്യാസി വര്യനാണ് 49-കാരനായ ധ്രുപ്ക. 'ലോകത്തെ മെച്ചപ്പെടുത്താന്‍ പുരുഷന്റെയും സ്ത്രീയുടെയും ഊര്‍ജം വേണം'-അദ്ദേഹം അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നായ സേണില്‍ മതാചാര്യന്‍മാരും മറ്റും എത്തുന്നത് ആദ്യമായല്ല. ശാസ്ത്രവും മതവും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും ഒരു സമ്മേളനം അടുത്തയിടെ അവിടെ നടക്കുകയുണ്ടായി. 'ദൈവകണം' എന്ന് വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടുപിടിത്തത്തെ തുടര്‍ന്നായിരുന്നു അത്.

സാക്ഷാല്‍ ദലായ് ലാമ തന്നെ സേണില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് - 1983 ല്‍. അതിന്റെ തലേവര്‍ഷം അന്നത്തെ കത്തോലിക്കാ സഭയുടെ തലവന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സേണ്‍ സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴത്തെ മാര്‍പാപ്പയായ ബെനഡിക്ട് പതിനാറാമനെ ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടുമുണ്ട്.
TAGS:


Stories in this Section