199 ഡോളറിന് ആമസോണ്‍ 'കിന്‍ഡ്ല്‍ ഫയര്‍'

Posted on: 29 Sep 2011


-സ്വന്തം ലേഖകന്‍




വെബ്ബ്, മൂവീസ്, ആപ്പ്‌സ് (ആപ്ലിക്കേഷന്‍സ്), ബുക്‌സ്, ഗെയിംസ്. ഇതെല്ലാം ആമസോണ്‍ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരികയാണ്, 'കിന്‍ഡ്ല്‍ ഫയര്‍' എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറിലൂടെ. ഒരുപക്ഷേ, ആപ്പളിന്റെ ഐപാഡിന് ശരിക്കുള്ള വെല്ലുവിളിയായേക്കാം ആമസോണ്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ടാബ്‌ലറ്റ് എന്ന് വിലയിരുത്തപ്പെടുന്നു.

പുറത്തുവരാന്‍ പോകുന്ന ആമസോണിന്റെ ടാബ്‌ലറ്റിനെ കുറിച്ച് ദിവസങ്ങളായി ടെക് ലോകത്ത് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അവയില്‍ മിക്കതും സത്യമാണെന്ന്, ആമസോണ്‍ മേധാവി ജെഫ് ബിസോസ് ന്യൂയോര്‍ക്കില്‍ പുതിയ ടാബ്‌ലറ്റ് അവതരിപ്പിച്ചപ്പോള്‍ വ്യക്തമായി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ ഏഴിഞ്ച് വലിപ്പമുള്ളതാണ് കിന്‍ഡ്ല്‍ ഫയര്‍ ടാബ്‌ലറ്റ്. 413 ഗ്രാം ഭാരം.

കാഴ്ചയില്‍ ബ്ലാക്ക്ബറിയുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) പുറത്തിറക്കിയ 'പ്ലേബുക്കി'നോട് (PlayBook) സാമ്യമുള്ളതാണ് കിന്‍ഡ്ല്‍ ഫയര്‍. പക്ഷേ, പ്ലേബുക്കിന്റെ വില 499 ഡോളറാണെങ്കില്‍, കിന്‍ഡ്ല്‍ ഫയറിന്റേത് വെറും 199 ഡോളര്‍ മാത്രം. പുതിയ ഐപാഡിനും വില 499 ഡോളറാണെന്നോര്‍ക്കുക.

നവംബര്‍ 15 ഓടെ അമേരിക്കയില്‍ കിന്‍ഡ്ല്‍ ഫയര്‍ വില്‍പ്പനയ്‌ക്കെത്തും. മുന്‍കൂര്‍ ബുക്കിങ് ബുധനാഴ്ച ആരംഭിച്ചു കഴിഞ്ഞു. കിന്‍ഡ്ല്‍ ഫയര്‍ അവതരിപ്പിച്ചയുടന്‍ ആമസോണിന്റെ ഓഹരി വില 4.9 ശതമാനം വര്‍ധിച്ചതായി 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

കിന്‍ഡ്ല്‍ ഫയറിലെ ഉള്ളടക്കം മുഴുവന്‍ ആമസോണിന്റെ സെര്‍വറുകളിലാകും ബാക്കപ്പ് ചെയ്യുകയെന്ന്, ടാബ്‌ലറ്റ് അവതരിപ്പിച്ചുകൊണ്ട് ജെഫ് ബിസോസ് സൂചിപ്പിച്ചു. ക്ലൗഡ് കമ്പ്യൂട്ടിങിന്റെ സാധ്യത ആമസോണും ഉപയോഗിക്കുമെന്ന് സാരം. കിന്‍ഡ്ല്‍ ഫയര്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ആപ് സ്റ്റോര്‍ ഉപയോഗിക്കാന്‍ കഴിയും.


പുതിയൊരു വെബ് ബ്രൗസറായിരിക്കും ഫയറില്‍ ഉണ്ടാവുക. 'ആമസോണ്‍ സില്‍ക്ക്' (Amazon Silk) എന്ന് പേരുള്ള ബ്രൗസര്‍ ഇതരെ ബ്രൗസറുകളെ അപേക്ഷിച്ച് വേഗമേറിയതായിരിക്കുമെന്ന് ആമസോണ്‍ അവകാശപ്പെടുന്നു. ആ സോഫ്ട്‌വേര്‍ ഭാഗികമായി പ്രവര്‍ത്തിക്കുക ആമസോണിന്റെ ഡേറ്റാകേന്ദ്രങ്ങളിലായിരിക്കും. അതാണ് വേഗം വര്‍ധിക്കാന്‍ കാരണമെന്ന് കമ്പനി പറയുന്നു.

ഫയറിന്റെ വൈഫൈ മോഡലാണ് ആമസോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെ അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് കിന്‍ഡ്ല്‍ ഫയറിലുള്ളത്. ആമസോണ്‍ ആന്‍ഡ്രോയിഡിനെ സ്വന്തം ഫീച്ചറുകള്‍ക്കനുസരിച്ച് കസ്റ്റമറൈസ് ചെയ്താണ് കിന്‍ഡ്ല്‍ ഫയറില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന്, കിന്‍ഡ്‌ലിന്റെ ചുമതല വഹിക്കുന്ന സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീവ് കെസ്സില്‍ അറിയിച്ചു.

ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബ്‌ലറ്റുകളിലും ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കുന്നത് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് (Android market) വഴിയാണെങ്കില്‍, കിന്‍ഡ്ല്‍ ഫയറില്‍ ആമസോണിന്റെ ആപ് സ്റ്റോറാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ആണ് അടിസ്ഥാനമെങ്കിലും, അതുപയോഗിച്ച് തികച്ചും വ്യത്യസ്തമായ പുതിയൊരു ഇന്റര്‍ഫേസാണ് തങ്ങള്‍ ഫയറിനായി രൂപപ്പെടുത്തിയതെന്ന് ആമസോണ്‍ അവകാശപ്പെടുന്നു. ഗൂഗിളുമായുള്ള കിന്‍ഡ്ല്‍ ഫയറിന്റെ ബന്ധം ഏത് തരത്തിലാണെന്ന കാര്യം വ്യക്തമല്ല.



സിനിമകള്‍, സംഗീതം, പുസ്തകങ്ങള്‍ എന്നിങ്ങനെ ഉള്ളടക്കം പ്രദാനം ചെയ്യുന്ന വിവിധ കമ്പനികളുമായി ആമസോണിനുള്ള ബന്ധം കിന്‍ഡ്ല്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും. ഒരു ലക്ഷത്തിലേറെ സിനിമകളും ടിവി ഷോകളും കിന്‍ഡ്ല്‍ ഫയറില്‍ ലഭ്യമാകും. 170 ലക്ഷം ഗാനങ്ങളും പത്തുലക്ഷം പുസ്തകങ്ങളും നൂറുകണക്കിന് പത്രങ്ങളും മാസികകളും ഉണ്ടാകും ഒപ്പം. വിലയില്‍ മാത്രമല്ല, ഉള്ളടക്കത്തിലെ ഈ സമ്പന്നതയും ഐപ്പിള്‍ ഐപാഡിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ കിന്‍ഡ്ല്‍ ഫയറിനെ പ്രാപ്തമാക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ, ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സിന്റെ OMAP 4 ഡ്യുവല്‍ കോര്‍, 1 GHz പ്രോസസറാണ് ഫയറില്‍ ഉപയോഗിക്കുന്നത്. 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് മാത്രമേ കിന്‍ഡ്ല്‍ ഫയറില്‍ ഉള്ളൂ. ക്ലൗഡ് സര്‍വീസിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഉള്ളടക്കം സൂക്ഷിക്കാമെന്നതിനാല്‍, ഇതില്‍ കൂടുതല്‍ ഇന്റേണല്‍ സ്‌റ്റോറേജിന്റെ ആവശ്യമുണ്ടാകില്ല എന്നാണ് ആമസോണിന്റെ നിലപാട്.

കിന്‍ഡ്ല്‍ ഫയറിനൊപ്പം, ആമസോണിന്റെ ഇ-റീഡറായ കിന്‍ഡ്‌ലിന്റെ ടച്ച്‌സ്‌ക്രീന്‍ വകഭേദമായ കിന്‍ഡ്ല്‍ ടച്ചും (Kindle Touch) ആമസോണ്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. മുമ്പത്തെ കിന്‍ഡ്ല്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ പ്രത്യേക കീബോര്‍ഡില്ല. 99 ഡോളറാണ് വൈഫൈ വേര്‍ഷന്റെ വില, ത്രീജി വേര്‍ഷന് 149 ഡോളറും. നവംബര്‍ 21 മുതല്‍ ഇതിന്റെ വില്‍പ്പന തുടരും.







TAGS:


Stories in this Section