ഗ്രന്ഥശാലകളെ ഇ വിജ്ഞാന കേന്ദ്രങ്ങളാക്കുന്നു

Posted on: 22 Apr 2013



തിരുവനന്തപുരം: ഗ്രാമീണ ഗ്രന്ഥശാലകളെ സമ്പൂര്‍ണ ഇ വിജ്ഞാന കേന്ദ്രങ്ങളാക്കുന്നു. ഇതിനായി ഗ്രാമീണ ഗ്രന്ഥശാലകളില്‍ സൗജന്യ ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

ഇതിനായി നടപ്പുവര്‍ഷത്തെ ബജറ്റില്‍ അമ്പത് ലക്ഷം രൂപ വകയിരുത്തി. ഗ്രാമീണ ഗ്രന്ഥശാലകളുടെ കമ്പ്യൂട്ടര്‍വത്കരണമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി 200 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ കമ്പ്യൂട്ടറുകളും സ്ഥലസൗകര്യവുമുള്ള ഗ്രന്ഥശാലകളെയാണ് ഇതിനായി പരിഗണിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിവിഹിതത്തില്‍ നൂറ് ഗ്രന്ഥശാലകള്‍ക്ക് കമ്പ്യൂട്ടറുകളും ഇന്‍റര്‍നെറ്റ് സൗകര്യവും നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഗ്രാമീണ ഗ്രന്ഥശാലകളിലെ പുസ്തക വിതരണം കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി കാറ്റലോഗിങ് നടത്തിയ സൗജന്യ സോഫ്റ്റ്‌വേര്‍ നല്‍കും. ഇതിനായി ലൈബ്രേറിയന്‍മാര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചു.

എല്ലാ ഗ്രന്ഥശാലകളെയും ഉള്‍ക്കൊള്ളിച്ച് വെബ് പോര്‍ട്ടലിന് രൂപം നല്‍കും. ഗ്രന്ഥശാലകള്‍ക്കും മറ്റും അപേക്ഷകളും വിവരങ്ങളും ഇതുവഴി സമര്‍പ്പിക്കാനും സൗകര്യം ഒരുക്കും.

ഗ്രന്ഥശാലകളിലെയും ജില്ലാ താലൂക്ക് ലൈബ്രറികളിലെയും താലൂക്ക് റഫറന്‍സ് ലൈബ്രറികളിലെയും വാര്‍ഷിക അലവന്‍സ് ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്.

ലൈബ്രറികളുടെ ലോവര്‍ ടൈപ്പ് കെട്ടിടങ്ങള്‍ക്കുള്ള കെട്ടിട ഗ്രാന്‍റ് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തും. സാമൂഹിക, സാംസ്‌കാരിക, സാഹിത്യ വിഷയങ്ങളില്‍ മേഖലാടിസ്ഥാനത്തില്‍ മൂന്ന് സെമിനാറുകള്‍ നടത്താനും തീരുമാനിച്ചു. വനിതാ പുസ്തക വിതരണ പദ്ധതിയുടെ സേവനം ഈ വര്‍ഷം മുതല്‍ വയോജനങ്ങള്‍ക്കും ലഭ്യമാക്കും. ഗ്രന്ഥശാലകളില്‍ എത്തി പുസ്തകമെടുക്കാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടില്‍ പുസ്തകം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനുമായി ചേര്‍ന്ന് മൂന്ന് കോടിയുടെ വികസന പദ്ധതികള്‍ ലൈബ്രറികളില്‍ നടപ്പാക്കും.

40,15,22,200 രൂപ അടങ്കല്‍ വരുന്ന ബജറ്റിനാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. സംസ്ഥാന പ്രസിഡന്‍റ് പി. കെ. ഹരികുമാര്‍ അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്‍റ് പി. ഗംഗാധരന്‍ പിള്ള ബജറ്റ് അവതരിപ്പിച്ചു. സെക്രട്ടറി എ. കെ. ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.



Stories in this Section