7000 രൂപയ്ക്ക് കാര്‍ബണിന്റെ ടാബ്‌

Posted on: 09 Jan 2013


-പി.എസ്.രാകേഷ്‌




വിലകുറഞ്ഞ ടാബ്‌ലറ്റുകളുടെ കടന്നുവരവ് ഉടനെയൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. ദിവസവും ഓരോ പേരുകളില്‍ വന്‍കിടക്കമ്പനികള്‍ ബജറ്റ് ടാബുകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്്. ഇന്ത്യന്‍ കമ്പനികളാണ് ബജറ്റ് ടാബിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ചൈനയിലും തായ്‌വാനിലുമുണ്ടാക്കുന്ന ടാബ്‌ലറ്റുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി സ്വന്തം പേരില്‍ റീ-ബ്രാന്‍ഡ് ചെയ്തിറക്കുകയാണ് ഈ കമ്പനികള്‍ എന്ന് വ്യാപകവിമര്‍ശനമുണ്ട്. വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് പറയാനോ അത് ശരിവെക്കാനോ ഈ കമ്പനികളൊന്നും മുതിര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഐപാഡും ഗാലക്‌സി ടാബും വാങ്ങാന്‍ കാശില്ലാത്തവര്‍ക്കും ടാബ്‌ലറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നത് ഇന്ത്യന്‍ കമ്പനികളാണെന്ന കാര്യം പറയാതെ വയ്യ.

സാധാരണക്കാരായ ഉപയോക്താക്കള്‍ ഇത്തരം ആരോപണങ്ങളൊന്നും ഗൗരവത്തിലെടുക്കുന്നില്ലെന്നതാണ് സത്യം. ഒരുവര്‍ഷം വാറന്റിയോടെ വരുന്ന ഇന്ത്യന്‍ ടാബുകള്‍ കണ്ണുമടച്ച് വാങ്ങാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല.

2012 ന്റെ അവസാനവാരം വിപണിയിലെത്തിയ ടാബ്‌ലറ്റ് മോഡലാണ് സ്മാര്‍ട് ടാബ് 8 വെലോക്‌സ് (Karbonn Smart Tab 8 Velox) പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ പുറത്തിറക്കിയ ഈ ടാബ്‌ലറ്റിന് 7000 രൂപയാണ് വില.

ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്റെ മികവ് മാറ്റുകൂട്ടുന്ന ടാബ്‌ലറ്റാണിത്. ഇതുവരെയിറങ്ങിയ ബജറ്റ് ടാബുകളെല്ലാം ഏഴിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ളതായിരുന്നു. ഈ ടാബില്‍ എട്ടിഞ്ച് സ്‌ക്രീനാണുള്ളത്. 1.5 ഗിഗാഹെര്‍ട്‌സിന്റെ ഡ്യുവല്‍കോര്‍ കോര്‍ടക്‌സ് എ9 പ്രൊസസറാണ് ടാബിന് കരുത്തു പകരുന്നത്. ഒപ്പം ഒരു ജി.ബി. റാമും ഒന്നര ജി.ബി. ഇന്റേണല്‍ മെമ്മറിയും.

32 ജി.ബി. എസ്. ഡി. കാര്‍ഡ് വരെ ഇതിലുപയോഗിക്കാം. 1024 X 768 പിക്‌സല്‍ റിസൊല്യൂഷനുള്ള കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ വെലോക്‌സ് ടാബിന്റെ മികവ് വര്‍ധിപ്പിക്കുന്നു. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.1 ജെല്ലിബീന്‍ വെര്‍ഷനിലോടുന്ന വെലോക്‌സ് ടാബില്‍ മൂന്ന് മെഗാപിക്‌സല്‍ ക്യാമറയും വി.ജി.എ. ഫ്രണ്ട് കാമറയുമുണ്ട്.

കണക്ടിവിറ്റിക്കായി വൈഫൈ, എക്‌സ്‌റ്റേണല്‍ ത്രിജി ഡോങ്കിള്‍ സപ്പോര്‍ട്ട് എന്നിവയുള്ള ടാബില്‍ ബ്ലൂടൂത്ത്, ജി.പി.എസ്. സംവിധാനങ്ങളില്ല. ടാറ്റയുടെയും റിലയന്‍സിന്റെയും ത്രിജി ഡോങ്കിള്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ എന്നതാണ് ഈ ടാബിന്റെ പോരായ്മ. 4500 എം.എ.എച്ച്്. ബാറ്ററിയാണ് വെലോക്‌സ് ടാബില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി ആയുസ്സിന്റെ വിശദാംശങ്ങളൊന്നും കാര്‍ബണ്‍ വ്യക്തമാക്കിയിട്ടില്ല.

യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ മാപ്‌സ്, ആംഗ്രിബേര്‍ഡ്‌സ് തുടങ്ങി ഒട്ടനവധി ആപ്ലിക്കേഷനുകള്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്താണ് വെലോക്‌സ് 8 ടാബിന്റെ വരവ്.


Stories in this Section