വര്‍ഷം 2010. സ്ട്രീക്ക് എന്ന പേരിലൊരു സ്മാര്‍ട്‌ഫോണ്‍ അമേരിക്കന്‍ കമ്പനിയായ ഡെല്‍ പുറത്തിറക്കി. 800 X 480 പിക്‌സല്‍ റിസൊല്യൂഷനോടു കൂടിയ അഞ്ചിഞ്ച് സ്‌ക്രീനായിരുന്നു സ്ട്രീക്കിന്റെ സവിശേഷത. ഇത്രയൂം വലിപ്പമുള്ള സ്മാര്‍ട്‌ഫോണ്‍ ആദ്യമായിട്ടായിരുന്നു ആളുകള്‍ കാണുന്നത്. ഉള്ളംകൈയില്‍ ഒതുങ്ങാത്ത ആ ഭീമന്‍ ഫോണ്‍ ആരും വാങ്ങില്ലെന്ന് ടെക് റിവ്യൂ സൈറ്റുകള്‍ വിധിയെഴുതി. അതുപോലെ സംഭവിക്കുകയും ചെയ്തു. സ്ട്രീക്കിനെ ജനം നിര്‍ദാക്ഷിണ്യം കൈയൊഴിഞ്ഞു. പുത്തന്‍ മോഡലുകള്‍ ദിനംപ്രതിയിറങ്ങുന്ന സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സ്ട്രീക്ക് അതിവേഗം വിസ്മൃതിയിലായി.
വര്‍ഷം 2011. ആ ഒക്‌ടോബറില്‍ ഗാലക്‌സി നോട്ട് എന്നൊരു സ്മാര്‍ട്‌ഫോണ്‍ മോഡല്‍ സാംസങ് പുറത്തിറക്കി. സ്‌ക്രീന്‍ വലിപ്പം 5.3 ഇഞ്ച്, റിസൊല്യൂഷന്‍ 1280 X 800 പിക്‌സല്‍സ്. സ്ട്രീക്ക് പരാജയപ്പെട്ടിടത്ത് നോട്ട് വിജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷേ, ഗാലക്‌സി നോട്ട് ജനങ്ങള്‍ക്കിഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ടെന്നു മാത്രമല്ല നോട്ട് ഒരെണ്ണം സ്വന്തമാക്കാന്‍ ലോകമെങ്ങുമുള്ള ഗാഡ്ജറ്റ് പ്രേമികള്‍ മനസുകൊണ്ടാഗ്രഹിച്ചു. രണ്ടുമാസം കൊണ്ട് വിറ്റ ഹാന്‍ഡ്‌സെറ്റുകളുടെ എണ്ണം പത്തുലക്ഷം കടന്നു. 2012 ആഗസ്ത് ആകുമ്പോഴേക്കും ഗാലക്‌സി നോട്ടിന്റെ വില്‍പന ഒരു കോടി കവിഞ്ഞു.
സാംസങ് നോട്ടിന്റെ വഴിയെ മറ്റു കമ്പനികളും വലിയ സ്മാര്‍ട്‌ഫോണുകള്‍ ഇറക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്മാര്‍ട്‌ഫോണിന്റെ സൗകര്യങ്ങളും ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ സംവിധാനങ്ങളുമുള്ള ഈ സങ്കരഗാഡ്ജറ്റിന് 'ഫാബ്‌ലറ്റ്' എന്ന പേരും വീണു. എല്‍.ജി. ഒപ്ടിമസ് വു, എച്ച്.ടി.സി. ജെ ബട്ടര്‍ഫ്ലൈ, സോണി എക്‌സ്പീരിയ സെഡ്, ഹ്വാവേ അസെന്റ് മേറ്റ് എന്നിവയെല്ലാം ഇപ്പോള്‍ വിപണിയില്‍ കിട്ടാനുള്ള ഫാബ്‌ലെറ്റുകളാണ്. ഇവയില്‍ 6.1 ഇഞ്ച് സ്‌ക്രീന്‍വലിപ്പമുളള ഹ്വാവേ അസെന്റ് മേറ്റ് ആണ് ഏറ്റവും വലുത്. കഴിഞ്ഞവര്‍ഷത്തെ മൊത്തം ഫാബ്‌ലറ്റ് വില്‍പന 256 ലക്ഷം യൂണിറ്റുകളാണ്. ഈ വര്‍ഷം 604 ലക്ഷം ഫാബ്‌ലറ്റുകളെങ്കിലും വിറ്റഴിയുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യന്‍ കമ്പനികളും ഫാബ്‌ലറ്റ് വില്‍പനരംഗത്ത് സജീവമാണിപ്പോള്‍. കാര്‍ബണ്‍, ലാവ, ഇന്‍ടെക്‌സ്, മൈക്രോമാക്‌സ്, ഐ-ബോള്‍ എന്നീ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ വലിയ സ്‌ക്രീനുളള സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇവയില്‍ ഏറ്റവും പുതിയ അവതാരമാണ്
കാര്‍ബണ്‍ സ്മാര്‍ട്ട് എ 111 (Karbonn Smart A111). കമ്പനി ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ ഇ-ടെയിലിങ് സൈറ്റുകളില്‍ ഈ ഫോണ്‍ വില്‍പന തുടങ്ങിയിട്ടുണ്ട്. വില 11,300 രൂപ.
അഞ്ചിഞ്ച് വലിപ്പമുള്ള മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍ തന്നെയാണ് കാര്‍ബണ്‍ എ111 ന്റെ ആകര്‍ഷണം. സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ എത്രയാണെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.
ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എ 111 ല്‍ 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ ക്വാല്‍കോം സ്‌കോര്‍പിയണ്‍ പ്രൊസസറാണുള്ളത്. നാല് ജി.ബി. റോം, രണ്ട് ജി.ബി. ഇന്റേണല്‍ മെമ്മറി, 512 എം.ബി. റാം എന്നിവയാണിതിലെ മറ്റു ഹാര്‍ഡ്‌വെയര്‍ വിവരങ്ങള്‍.
ഡ്യൂവല്‍ സിം മോഡലായ ഈ ഫേണില്‍ കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നീ സംവിധാനങ്ങളുണ്ട്. എല്‍. ഇ.ഡി. ഫ്ലാഷോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ കോളിങിനായി വി.ജി.എ. ഫ്രണ്ട് ക്യാമറ, ലൈറ്റ് സെന്‍സര്‍, ജി-സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഈ ഫോണിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. 2100 എം.എ.എച്ച്. ബാറ്ററിയാണ് കാര്‍ബണ്‍ എ111 ല്‍ ഉപയോഗിച്ചിരിക്കുന്നത്.
അടുത്ത കാലത്ത് വിപണിയിലെത്തിയ 'മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ കാന്‍വാസ് 2 എ 110' എന്ന ഫോണിനോട് അദ്ഭുതകരമായ സാദൃശ്യം പുലര്‍ത്തുന്നുണ്ട് കാര്‍ബണിന്റെ എ 111. രണ്ടു മോഡലുകള്‍ക്കും ഒരേ വിലയാണ് താനും. സ്വാഭാവികമായും മൈക്രോമാക്‌സിന്റെ ആ ഫോണിനോടാകും കാര്‍ബണ്‍ എ111 ന് മത്സരിക്കേണ്ടിവരുക.
512 എം.ബി. റാം എന്നതാണ് കാര്‍ബണ്‍ എ111 ന്റെ വലിയ പോരായ്മ എന്നു പറയാതെ വയ്യ. ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് അല്പം കൂടി മികച്ച റാമുണ്ടായിരുന്നെങ്കില്‍ പെര്‍ഫോര്‍മന്‍സ് ഏറെ മെച്ചപ്പെടുമായിരുന്നു.