ആവേശം, ഉന്‍മാദം, ഉത്സാഹം... ജോഷ് എന്ന ഹിന്ദിവാക്കിന് അര്‍ഥങ്ങളേറെയാണ്. അതുകൊണ്ടാകും ഈ വാക്കിനോട് സിനിമക്കാര്‍ക്കും പരസ്യക്കാര്‍ക്കുമൊക്കെ ഏറെ പ്രിയം. ഹിന്ദിയിലും തെലുങ്കിലും ബംഗാളിയിലും ഉര്‍ദുവിലും ഇതേപേരില്‍ സിനിമയിറങ്ങിയിട്ടുണ്ട്. ഫോര്‍ഡ് ഐക്കണ്‍ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ 'ദി ജോഷ് മെഷീന്‍' എന്നായിരുന്നു പരസ്യവാചകം. അതിനുശേഷം പലവിധ പരസ്യങ്ങളില്‍ ഈ വാക്ക് സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഇപ്പോഴിതാ 'ജോഷ്' എന്ന പേരില്‍ ഒരു മൊബൈല്‍ഫോണ്‍ കമ്പനിയും ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്്. 2010 ല്‍ ഡല്‍ഹി ആസ്ഥാനമായി ആരംഭിച്ച ജോഷ് മൊബൈല്‍സിന് രാജ്യത്തുടനീളമായി 175 വിതരണക്കാര്‍ ആയിക്കഴിഞ്ഞു. ഡ്യൂവല്‍സിം, ക്യൂവെര്‍ട്ടീ കീപാഡ് ഫോണുകളായിരുന്നു ജോഷ് ആദ്യം വിപണിയിലെത്തിച്ചത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെയായിരുന്നു ജോഷ് ഫോണുകളുടെ വില.
ഇപ്പോഴിതാ സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്കും ജോഷ് ആവേശപൂര്‍വം പ്രവേശിക്കുകയാണ്. 'തണ്ടര്‍' ( Josh Thunder ) എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്‌ഫോണ്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. 15,990 രൂപയാണ് തണ്ടറിന്റെ വില.
ഇത്രയും തുക മുടക്കുന്നതിന് മുമ്പേ ഇതിനുള്ളില്‍ എന്തൊക്കെയുണ്ടെന്ന് പരിശോധിക്കാം-
5.7 ഇഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേയോടുകുടിയ ഫോണാണിത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍ കരുത്തു പകരുന്നു ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ വെര്‍ഷന്‍ ഒ.എസാണുള്ളത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.3 ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഡേറ്റ് സാധ്യമാണോ എന്ന കാര്യം ജോഷ് വ്യക്തമാക്കിയിട്ടില്ല.
രണ്ട് ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ ഉപയോഗിക്കാം. ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ബാക്ക് ക്യാമറയും വീഡിയോകോളിങിനായി അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ജോഷ് തണ്ടറിലുണ്ട്. ത്രിജി നെറ്റ്‌വര്‍കക്ക് സംവിധാനത്തോടുകൂടിയ ഡ്യുവല്‍ സിം ഫോണാണ് തണ്ടര്‍.
2600 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്. അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 48 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്., ത്രിജി, മൈക്രോ-യു.എസ്.ബി. സംവിധാനങ്ങള്‍ ഇതിലുണ്ട്.
'വലിയ സ്‌ക്രീനും മികച്ച ഡിസ്‌പ്ലേയുമാണ് സ്മാര്‍ട്‌ഫോണുകളുടെ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ നിര്‍ണായകമാകുന്നത്. ഹൈ റിസൊല്യൂഷന്‍ ക്യാമറ, ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍, മികച്ച ബാറ്ററി ആയുസ്സ് എന്നിവയും തണ്ടറിന്റെ മൂല്യം വര്‍ധിപ്പിക്കുന്നുണ്ട്.''- ജോഷ് മൊബൈല്‍സ് ഡയറക്ടര്‍ ദീപക് ഗുപ്ത പറയുന്നു.
സ്‌പെസിഫിക്കേഷനുകളിലൊന്നും കുറ്റം പറയാനില്ലെങ്കിലും 15,990 രൂപ മുടക്കി പുതിയ കമ്പനിയുടെ ഫോണ്‍ വാങ്ങാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നാണറിയേണ്ടത്. ഇതേ വിലയ്ക്ക് സാംസങ് ഗാലക്‌സി എസ് അഡ്വാന്‍സ്, ഗാലക്‌സി ഗ്രാന്‍ഡ്, സോണി എക്‌സ്പീരിയ എല്‍, എച്ച്.ടി.സി. ഡിസയര്‍ യു എന്നീ ഫോണുകള്‍ കിട്ടാനുണ്ടെന്നോര്‍ക്കണം.
മൈക്രോമാക്‌സ് കാന്‍വാസ് എച്ച്.ഡി., കാര്‍ബണ്‍ എസ്5 ടൈറ്റാനിയം എന്നീ ഇന്ത്യന്‍ മോഡലുകള്‍ക്ക് വില ഇതിലും കുറവാണെന്നതും പരിഗണിക്കേണ്ടതുണ്ട്.