മുന്‍ യു.എസ്.പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ഔദ്യോഗിക ദിനങ്ങളിലെ വിവരങ്ങള്‍ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ വായിക്കാം. അദ്ദേഹത്തിന്റെ 1000 ദിവത്തെ പ്രസിഡന്റ് ജീവിതത്തിലെ വിവരങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്, ബോസ്റ്റണിലെ 'ജോണ്‍ എഫ് കെന്നഡി പ്രസിഡന്‍ഷ്യല്‍ ലൈബ്രറി'യാണ്.
വ്യാഴാഴ്ചയാണ്
@Kennedy 1961 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍, 50 വര്‍ഷം മുമ്പത്തെ ചരിത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രസിഡന്റ് എന്ന നിലയില്‍ 1000 ദിവസം കെന്നഡി കൈക്കൊണ്ട തീരുമാനങ്ങളും അദ്ദേഹം നടത്തിയ പ്രസ്താവനകളുമാണ് ട്വിറ്ററില്‍ നല്‍കുന്നത്.
കൂടാതെ, തങ്ങളുടെ ആര്‍ക്കൈവിലുള്ള വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയ്ക്കുള്ള ലിങ്കുകളും ട്വിറ്ററില്‍ ലൈബ്രറി നല്‍കുന്നുണ്ട്. കെന്നഡി പ്രസിഡന്റായി സ്ഥാനമേറ്റത് 1961 ജനവരി 20 നാണ്. അതിന്റെ അമ്പതാംവാര്‍ഷികമായിരുന്നു വ്യാഴാഴ്ച്ച.
എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്നറിയാനാണ് നിങ്ങള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത്. എന്നാല്‍, എന്തായിരുന്നു സംഭവിച്ചത് എന്നറിയിക്കാനാണ് ഈ ഉദ്യമത്തിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്-ജെകെഎഫ് ലൈബ്രറി ഫൗണ്ടേഷന്റെ മേധാവി റേച്ചല്‍ ഡേ പറഞ്ഞു.
അമേരിക്കയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു ജോണ്‍ എഫ് കെന്നഡി. ഔദ്യോഗിക പദവിയില്‍ 1000 ദിവസം പൂര്‍ത്തിയാക്കി അധികം വൈകാതെ അദ്ദേഹം ഡാലസില്‍ വെച്ച് വെടിയേറ്റ് മരിക്കുകയായിരുന്നു.