|
|
ജെയിംസ് കാമറൂണ്‍ ഡീപ്‌സീ ചലഞ്ചര്‍ സബ്മറൈനില്‍ |
ഭൂമുഖത്തെ ഏറ്റവും ആഴമേറിയ സമുദ്രഭാഗത്തെത്തി വീഡിയോ പിടിക്കാന്‍ ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിനെ സഹായിച്ച 'ഡീപ്‌സീ ചലഞ്ചര്‍' സബ്മറൈന്‍ ഇനി ശാസ്ത്രലോകത്തിന് സ്വന്തം.
പത്ത് കിലോമീറ്റര്‍ പിന്നിട്ട് ശാന്തസമുദ്രത്തിലെ
മറിയാന ട്രെഞ്ചിന്റെ അടിത്തട്ടിലെത്തിയിട്ട് ഒരു വര്‍ഷം തികയുന്ന വേളയിലാണ്, സബ്മറൈന്‍ അമേരിക്കയിലെ 'വുഡ്‌സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റിയൂഷ'ന് നല്‍കുന്ന കാര്യം 'അവതാര്‍' സംവിധായകന്‍ അറിയിച്ചത്.
മറിയാന ട്രെഞ്ചിന്റെ അടിത്തട്ടില്‍ ആദ്യം മനുഷ്യനെത്തിയത് 1960 ലായിരുന്നു. യു.എസ്.നാവിക ലഫ്ടണന്റ് ഡോണ്‍ വാല്‍ഷ്, സ്വിസ്സ് ഓഷ്യാനോഗ്രാഫര്‍ ജാക്വെസ് പിക്കാര്‍ഡ് എന്നിവരാണ് ആദ്യമായി മറീന ട്രെഞ്ചിന്റെ അടത്തിട്ടിലെത്തി റിക്കോര്‍ഡ് സ്ഥാപിച്ചത്. 20 മിനിറ്റ് നേരം ഇരുവരും അടിത്തട്ടില്‍ കഴിഞ്ഞു.
അതിന് ശേഷം ഭൂമുഖത്തെ ഏറ്റവും ആഴമേറിയ സ്ഥാനത്ത് മനുഷ്യനെത്തുന്നത് 2012 മാര്‍ച്ചിലാണ്. ഡീപ്‌സീ ചലഞ്ചറില്‍ ഒറ്റയ്ക്ക് 10.9 കിലോമീറ്റര്‍ താഴെയെത്തിയ കാമറൂണ്‍ അവിടെ മൂന്നു മണിക്കൂറിലേറെ ചിലവിട്ട് നിരീക്ഷണങ്ങള്‍ നടത്തുകയും വീഡിയോ പിടിക്കുകയും ചെയ്തു. അതിന് ശേഷം സുരക്ഷിതനായി മടങ്ങി.
|
|
ഡീപ്‌സീ ചലഞ്ചര്‍ സബ്മറൈന്‍ |
'ടോന്‍ഗ ട്രെഞ്ച്, കെര്‍മാഡെക് ട്രെഞ്ച്, മറിയാന ട്രെഞ്ചിന് സമീപമുള്ള 10.7 കിലോമീറ്റര്‍ ആഴത്തിലുള്ള സിരെന ഡീപ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഡീപ്‌സീ ചലഞ്ചര്‍ പര്യവേക്ഷണം നടത്താന്‍ ഞാനഗ്രഹിക്കുന്നു' കാമറൂണ്‍ പറഞ്ഞു.
11 ടണ്‍ ഭാരവും ഏഴ് മീറ്റര്‍ നീളവുമുള്ള ഡീപ്‌സീ ചലഞ്ചര്‍ സബ്മറൈനില്‍ ഒട്ടേറെ ലൈറ്റുകളും ക്യാമറകളുമുണ്ട്. ശരിക്കുമൊരു അണ്ടര്‍വാട്ടര്‍ ടിവി സ്റ്റുഡിയോ പോലെയുള്ള ഒന്നാണത്. വാഹനത്തിനുള്ളിലിരുന്നുകൊണ്ട് ക്യാമറകളെ നിയന്ത്രിക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും സാധിക്കും.
മറിയാന ട്രെഞ്ചില്‍ നിന്ന് ത്രീഡി ക്യമാറയില്‍ 'നാഷണല്‍ ജ്യോഗ്രഫികി'ന് വേണ്ടി കാമറൂണ്‍ പകര്‍ത്തിയ വീഡിയോദൃശ്യങ്ങള്‍, ഒരു ഡോക്യുമെന്ററിയുടെ രൂപത്തില്‍ ഈ വര്‍ഷമവസാനം റിലീസ് ചെയ്യും.
ഇനിയും ശരിക്കും പര്യവേക്ഷണം നടക്കാത്ത മേഖലയാണ് സമുദ്രാന്തര്‍ഭാഗമെന്ന് കാമറൂണ്‍ പറഞ്ഞു. തീര്‍ച്ചയായും ഡീപ്‌സീ ചലഞ്ചര്‍ ഗവേഷണലോകത്തിന്റെ പക്കല്‍ വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന് കരുതാം.