അഗാധനീലിമ താണ്ടി ജെയിംസ് കാമറൂണ്‍

Posted on: 26 Mar 2012


-സ്വന്തം ലേഖകന്‍



മനുഷ്യന്‍ ചന്ദ്രനില്‍ ആറ് തവണ പോയിട്ടുണ്ട്. എന്നാല്‍, ഭൂമുഖത്ത് ഏറ്റവും ആഴമേറിയ സമുദ്രഭാഗത്ത് അടിത്തട്ടില്‍ മനുഷ്യന്‍ എത്തിയിട്ടുള്ളത് ഇതിനുമുമ്പ് ഒരുതവണ മാത്രം. 1960 -ലായിരുന്നു അത്. അരനൂറ്റാണ്ടിനു ശേഷം ഒരാള്‍ വീണ്ടും കടലിന്റെ കീഴറ്റം താണ്ടി ചരിത്രം കുറിച്ചിരിക്കുന്നു. ശാന്തസമുദ്രത്തിലെ മറീന ട്രെഞ്ചിന്റെ അടിത്തട്ടില്‍ പോയി ഇത്തവണ വിജയഗാഥ രചിച്ചത് വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍


പതിനൊന്ന് കിലോമീറ്റര്‍ താണ്ടാന്‍ ടൈറ്റാനിക്കിന്റെ സംവിധായകന്‍ എടുത്തത് രണ്ടു മണിക്കൂര്‍. പശ്ചിമ ശാന്തസമുദ്രത്തിലെ മറീന ട്രെഞ്ചിന്റെ ആഴമാണ് ആ സമയംകൊണ്ട് ജെയിംസ് കാമറൂണ്‍ താണ്ടിയത്. ഒരുപക്ഷേ, തന്റെ 'അവതാറി'ലെ മറ്റൊരു ലോകം പോലെ അവിടം കാമറൂണിന് തോന്നിയിരിക്കും. സമുദ്രത്തിന്റെ ആ കീഴറ്റത്ത് മൂന്നു മണിക്കൂറിലേറെ അദ്ദേഹം ചെലവിട്ടു. പിന്നീട് സമുദ്രോപരിതലത്തിലേക്ക് സുരക്ഷിതനായി മടങ്ങി.

ഭൂമുഖത്തെ ഏറ്റവും ആഴമേറിയ ആ സമുദ്രമേഖലയില്‍ അടിത്തട്ടിലെത്താന്‍ ഇതിനുമുമ്പ് ഒരിക്കലേ മനുഷ്യന് സാധിച്ചിട്ടുള്ളു എന്നറിയുമ്പോള്‍, കാമറൂണ്‍ രചിച്ച വിജയഗാഥയുടെ തിളക്കമെത്രയെന്ന് ബോധ്യമാകും. 'ഡീപ്‌സീ ചലഞ്ചര്‍' (Deepsea Challenger) എന്ന അത്യന്താധുനിക സബ്മറൈനിലാണ് അഗാധനീലിമ താണ്ടി കാമറൂണ്‍ തിരിച്ചെത്തിയത്.


1960 ലാണ് യു.എസ്.നാവിക ലഫ്ടണന്റ് ഡോണ്‍ വാല്‍ഷ്, സ്വിസ്സ് ഓഷ്യാനോഗ്രാഫര്‍ ജാക്വെസ് പിക്കാര്‍ഡ് എന്നിവര്‍ ആദ്യമായി മറീന ട്രെഞ്ചിന്റെ അടത്തിട്ടിലെത്തി റിക്കോര്‍ഡ് സ്ഥാപിച്ചത്. 20 മിനിറ്റ് നേരം ഇരുവരും അടിത്തട്ടില്‍ കഴിഞ്ഞു. അരനൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ വീണ്ടും മനുഷ്യന്‍ കയറിയ ഒരു വാഹനം മറീന ട്രെഞ്ചിന്റെ അടിത്തട്ടിലെത്തുന്നു.

'ഒരു സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരം' എന്നാണ് കടലിലേക്ക് മുങ്ങുന്നതിന് മുമ്പ് തന്റെ ദൗത്യത്തെക്കുറിച്ച് കാമറൂണ്‍ ബി.ബി.സി.യോട് പറഞ്ഞത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരുസംഘം എന്‍ജിയര്‍മാരുടെ സഹായത്തോടെ ഡീപ്‌സീ ചലഞ്ചര്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം.


11 ടണ്‍ ഭാരവും ഏഴ് മീറ്റര്‍ നീളവുമുള്ള ആ സബ്മറൈനുള്ളില്‍ കാമറൂണ്‍ ഇരിക്കുന്ന ഭാഗം കട്ടിയേറിയ സ്റ്റീല്‍ കൊണ്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്. സമുദ്രത്തില്‍ 11 കിലോമീറ്റര്‍ ആഴത്തില്‍ അനുഭവപ്പെടുക അന്തരീക്ഷമര്‍ദത്തിന്റെ ആയിരം മടങ്ങാണ്. അത്രയും മര്‍ദം താങ്ങാന്‍ പാകത്തിലാണ് ഡീപ്‌സീ ചലഞ്ചര്‍ രൂപകല്‍പ്പന ചെയ്തത്.

സബ്മറൈനില്‍ ഒട്ടേറെ ലൈറ്റുകളും ക്യാമറകളുമുണ്ട്. ശരിക്കുമൊരു അണ്ടര്‍വാട്ടര്‍ ടിവി സ്റ്റുഡിയോ പോലെയുള്ള ഒന്നാണത്. വാഹനത്തിനുള്ളിലിരുന്നുകൊണ്ട് ക്യാമറകളെ നിയന്ത്രിക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും കാമറൂണിന് സാധിക്കും. തന്റെ പര്യടനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറക്കാനാണ് കാമറൂണിന്റെ ഉദ്ദേശം.


കടലിന്റെ അടിത്തട്ടില്‍നിന്ന് കല്ലും മണ്ണുമൊക്കെ ശേഖരിക്കാന്‍ പാകത്തില്‍ യന്ത്രക്കരങ്ങളും സബ്മറൈനിലുണ്ടായിരുന്നു. ആ സാമ്പിളുകളെ ഒരുസംഘം ഗവേഷകര്‍ പുതിയ സൂക്ഷ്മജീവികള്‍ക്കായി പരിശോധിക്കും. തന്റെ ഉദ്യമത്തിന്റെ കാതല്‍ ശാസ്ത്രം തന്നെയാണെന്ന് കാമറൂണ്‍ പറയുന്നു.

ലക്ഷക്കണക്കിന് ഡോളര്‍ ചെലവുവന്ന പര്യവേഷണമാണ് കാമറൂണ്‍ നടത്തിയത്. കാമറൂണിനെ കൂടാതെ, റോളക്‌സ്, നാഷണല്‍ ജ്യോഗ്രഫിക് എന്നിവയും ദൗത്യത്തിന് ഫണ്ട് മുടക്കി.


1960 ന് ശേഷം ഇപ്പോഴാണ് മനുഷ്യന്‍ മറീന ട്രെഞ്ചിന്റെ അടിത്തട്ടിലെത്തുന്നതെങ്കിലും, ഇതിനിടെ രണ്ടുതവണ ആളില്ലാ വാഹനങ്ങള്‍ ആ സമുദ്രഭാഗത്തിന്റെ അടിത്തട്ടില്‍ പര്യവേഷണം നടത്തുകയുണ്ടായി-1995 ല്‍ ജപ്പാന്റെ 'കെയ്‌ക്കോ' (Kaiko), 2008 ല്‍ യു.എസ്.കേന്ദ്രമായുള്ള വുഡ്‌സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിട്ട്യൂഷന്റെ 'നെറിയുസ്' (Nereus) എന്നിവ. (കടപ്പാട്: നാഷണല്‍ ജ്യോഗ്രഫിക് )






Stories in this Section