ഐആര്‍സിറ്റിസി സൈറ്റ് ശക്തിപ്പെടുത്തുന്നു; മിനിറ്റില്‍ 7200 ഇ-ടിക്കറ്റുകള്‍ ലക്ഷ്യം

റെയില്‍വെ ഇ-ടിക്കറ്റ് ബുക്കിങ് സൈറ്റായ ഐആര്‍സിറ്റിസി ( IRCTC ) വഴി ഒരു മിനിറ്റില്‍ 7200 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം ഈ വര്‍ഷം ഒരുങ്ങും. ആവശ്യക്കാര്‍ക്കെല്ലാം തടസ്സമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇത് അവസരമൊരുക്കും.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സൈറ്റാണ്
ഐആര്‍സിറ്റിസിയുടേത്. 1.2 ലക്ഷം കണക്ഷനുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഐആര്‍സിടിസി സൈറ്റിന് ഇപ്പോഴുണ്ട്. ഒരു മിനിറ്റില്‍ 2000 ഇ-ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും നിലവില്‍ കഴിയും. അതാണ് മിനിറ്റില്‍ 7200 ആയി മാറ്റാന്‍ ലക്ഷ്യമിടുന്നത്.
കേന്ദ്ര റെയില്‍വെ മന്ത്രി സി.പി.ജോഷിയുടെ സാന്നിധ്യത്തില്‍ നടന്ന പുനരവലോകന യോഗത്തില്‍, ഐആര്‍സിടിസി മാനേജിങ് ഡയറക്ടര്‍ ആര്‍.കെ.ടണ്‍ഠന്‍ പുതിയ അപ്‌ഗ്രേഡിങ് പദ്ധതി വിശദീകരിച്ചു. ടിക്കറ്റ് ബുക്കിങ് സൈറ്റ് ശക്തിപ്പെടുത്താന്‍ റെയില്‍വെയ്ക്ക് 100 കോടി രൂപ മുടക്കേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു.
ടിക്കറ്റ് ബുക്കിങ് സൈറ്റിന്റെ ശക്തിപ്പെടുത്തല്‍ യഥാര്‍ഥത്തില്‍ ഒരു തുടര്‍പ്രക്രിയ ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിനംപ്രതിയുള്ള ടിക്കറ്റ് ബുക്കിങിന്റെ ശരാശരി എണ്ണം 2012 ല്‍ 3.67 ലക്ഷം ആയിരുന്നത്, നിലവില്‍ 4.15 ലക്ഷമാണ്.
ഇന്ത്യയിലാകെ പ്രതിവര്‍ഷം 31 കോടി റെയില്‍വെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യപ്പെടുന്നതില്‍, 55 ശതമാനം ഇപ്പോഴും നേരിട്ട് നല്‍കപ്പെടുന്നതാണ്. 37 ശതമാനമാണ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നത്. എട്ട് ശതമാനം ഏജന്‍സികള്‍ വഴി റിസര്‍വ് ചെയ്യുന്നു.
സോഫ്റ്റ്‌വേറും ഹാര്‍ഡ്‌വേറും അപ്‌ഗ്രേഡ് ചെയ്താല്‍ മാത്രമേ ഐആര്‍സിറ്റിസി സൈറ്റിലൂടെ കൂടുതല്‍ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ.
റെയില്‍വെ ടിക്കറ്റ് ബുക്കിങ് സൈറ്റ്, മിനിറ്റില്‍ 7200 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പാകത്തില്‍ നവീകരിക്കുമെന്ന്, മുന്‍ കേന്ദ്രറെയില്‍വെ മാന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പ്രഖ്യാപിച്ചത് 2013-14 ലെ റെയില്‍ ബജറ്റിലാണ്. അത് യാഥാര്‍ഥ്യമാക്കാനുള്ള നീക്കമാണ് ഐആര്‍സിറ്റിസി അധികൃതരുടേത്.