ഐപോഡ് ത്രീജി വരുന്നു?

Posted on: 11 Jul 2011


-സ്വന്തം ലേഖകന്‍




ഐഫോണുമായുള്ള അകലം കുറയ്ക്കുന്ന തരത്തില്‍ ഐപോഡ് ടച്ചിനെയും ത്രീജി ആക്കാനുള്ള പുറപ്പാടിലാണ് ആപ്പിള്‍ ഇന്‍കോര്‍പറേഷന്‍ എന്ന് അഭ്യൂഹം. ഐപോഡ് ടച്ചിന്റെ പുതിയ പതിപ്പ് ത്രീജി കണക്ടിവിറ്റിയോടെയായിരിക്കും പുറത്തിറങ്ങുകയെന്നാണ് 'ആപ്പിള്‍ സ്‌പോട്ട്' എന്ന വെബ്‌സൈറ്റ് പറയുന്നു. ഐപാഡ് പോലെ ഐപോഡും ഡാറ്റാ സര്‍വീസ് എന്ന സവിശേഷതയോടെ ഇക്കൊല്ലം അവസാനത്തോടെ പുറത്തിറങ്ങിയേക്കും.

സെല്‍ഫോണ്‍ പോലെ ഐപോഡില്‍ നിന്ന് ഫോണ്‍കോളുകള്‍ വിളിക്കാനാകില്ലെങ്കിലും, സ്‌കൈപ് പോലുള്ള സേവനങ്ങളുപയോഗിച്ച് വി ഒ ഐ പി വോയിസ് കോളുകളും വീഡിയോ കോളുകളും ചെയ്യാനായേക്കും. അതോടൊപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലേക്കുള്ള പ്രവേശനവും ഓണ്‍ലൈന്‍ ഗെയിമിങും ഇത് സാധ്യമാക്കും.

ഐപാഡിലേതുപോലെ ഇതിലും ത്രീജി സിം കാര്‍ഡ് തന്നെ ഉപയോഗിക്കാനാകുമെന്ന് ആപ്പിള്‍ സ്‌പോട്ട് പറയുന്നു. ത്രീജി ഐപോഡ് എന്നത് ഇപ്പോഴും ഊഹാപോഹം മാത്രമാണെങ്കിലും ആപ്പിളിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊന്ന് തീര്‍ച്ചയായും സാധ്യമാണെന്നുതന്നെയാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

നിലവിലുള്ള ഐപോഡ് ടച്ച് വൈഫൈ മാത്രമേ സാധ്യമാക്കുന്നുള്ളൂവെന്നതിനാല്‍, നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിലും ഓണ്‍ലൈന്‍ ഗെയിമിങ് നടത്തുന്നതിലും വളരെയധികം പരിമിതികളുണ്ട്. ഒരു വൈഫൈ ഹോട്ട് സ്‌പോട്ടില്‍ മാത്രമേ ഐപോഡ് ടച്ചിന്റെ എല്ലാ സവിശേഷതകളും ഇപ്പോള്‍ ഉപയോഗിക്കാനാകൂ. ഈ പരിമിതികളെ മറികടക്കാന്‍ ത്രീജി ഐപോഡ് ടച്ചിനാകും.
TAGS:
ipod touch 3g  |  apple  |  rumor 


Stories in this Section