ഐഫോണ്‍ : ലോകത്തെ മാറ്റിമറിച്ച അഞ്ചുവര്‍ഷങ്ങള്‍

Posted on: 29 Jun 2012




അഞ്ചുവര്‍ഷം മുമ്പ് ഐഫോണ്‍ രംഗത്തെത്തുമ്പോള്‍, മറ്റൊരു ആപ്പിള്‍ ഗാഡ്ജറ്റ് എന്നല്ലാതെ, മൊബൈല്‍ കമ്പ്യൂട്ടിങിന്റെയും ആശയവിനിമയത്തിന്റെയും പുതുയുഗപ്പിറവിയാണ് അതെന്ന് വിലയിരുത്തിയവര്‍ ചുരുക്കം. എന്നാല്‍, സംഭവിച്ചത് അതാണ്. എല്ലാ പ്രവചനങ്ങളെയും കടപുഴക്കിയെറിഞ്ഞുകൊണ്ട് ലോകം ഐഫോണ്‍ യുഗത്തിലേക്ക് പരിണമിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ എന്താണെന്നും അതുവഴി മനുഷ്യജീവിതം എങ്ങനെ സ്മാര്‍ട്ടാകുമെന്നും ലോകത്തിന് ബോധ്യമാക്കിത്തന്ന ഉപകരണമാണ് ഐഫോണ്‍.

മ്യൂസിക് പ്ലെയറായ ഐപോഡ്, വെബ്ബ്ബ്രൗസര്‍, മൊബൈല്‍ ഫോണ്‍ -ഇവ സമ്മേളിക്കുന്ന വിപ്ലവകരമായ മറ്റൊരു ഉപകരണം എന്ന നിലയ്ക്കാണ് 2007 ജനവരി 9 ന് സ്റ്റീവ് ജോബ്‌സ് ഐഫോണ്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് (ഇതൊടൊപ്പമുള്ള വീഡിയോ കാണുക). 2007 ജൂണ്‍ 29 ന് ആദ്യമായി അമേരിക്കന്‍ വിപണിയിലെത്തിയ ഐഫോണ്‍ ആ പ്രവചനത്തെയും കടത്തിവെട്ടിയെന്നത് ചരിത്രം. ഐഫോണിന്റെ അഞ്ചാംതലമുറയായ ഐഫോണ്‍ 4എസ് 2011 ഒക്ടോബറില്‍ രംഗത്തെത്തി.

അഞ്ചുവര്‍ഷം തികയുമ്പോള്‍ ഐഫോണ്‍ എന്നത് കേവലം സാങ്കേതികവിദ്യയുടെയോ ബിസിനസിന്റെയോ മാത്രം വിജയമായി വിലയിരുത്താനാകില്ല. സ്റ്റീവ് ജോബ്‌സിനെപ്പോലൊരു ക്രാന്തദര്‍ശി മുന്നോട്ടുവെച്ച ആശയങ്ങളുടെ മൂര്‍ത്തീഭാവമെന്ന നിലയ്ക്ക്, അതൊരു സാംസ്‌ക്കാരിക പ്രതീകം കൂടിയാണിന്ന്. ഓണ്‍ലൈന്‍ കച്ചവടത്തിന്റെ രീതിശാസ്ത്രവും ഐഫോണിലൂടെ ആപ്പിള്‍ തിരുത്തിയെഴുതി.

2007 ല്‍ ആപ്പിളിന്റെ വരുമാനത്തില്‍ ചെറിയൊരു പങ്ക് മാത്രമാണ് ഐഫോണ്‍ വില്‍പ്പന വഴി ലഭിച്ചതെങ്കില്‍, 2012 ല്‍ കഥ പാടെ മാറിയിരിക്കുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 58 ശതമാനവും ഇന്ന് ഐഫോണില്‍ നിന്നാണ് ലഭിക്കുന്നത്. 2012 മാര്‍ച്ചിലെ കണക്ക് പ്രകാരം 218 ദശലക്ഷം ഐഫോണുകള്‍ ആപ്പിള്‍ വിറ്റുകഴിഞ്ഞു! 2007 മുതല്‍ ആപ്പിളിന് ഐഫോണുമായി ബന്ധപ്പെട്ട കച്ചവടത്തില്‍ നിന്ന് ലഭിച്ച വരുമാനം 14000 കോടി യു.എസ്.ഡോളറാണ്. ഐഫോണിന് മുമ്പ് 12 വര്‍ഷം ആപ്പിളിന് ലഭിച്ച മൊത്തം വരുമാനത്തിലും കൂടുതലാണിത്!

ഐഫോണുമായി ബന്ധപ്പെട്ട സ്റ്റാറ്റിസ്റ്റിക്‌സാണ് ചുവടെയുള്ള ഗ്രാഫിക്‌സില്‍ (കടപ്പാട്: http://www.statista.com/)




2007 ല്‍ സ്റ്റീവ് ജോബ്‌സ് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍

TAGS:
iphone  |  apple  |  smartphone  |  mobile market 


Stories in this Section