
ഇരട്ട മോഡില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. CDMA, GSM സ്റ്റാന്‍ഡേര്‍ഡുകളെ പിന്തുണയ്ക്കുന്ന ആ ഫോണ്‍ ശരിക്കുമൊരു 'ആഗോളഫോണ്‍' ആയിരിക്കും. വൈകാതെ പുറത്തിറങ്ങാന്‍ പോകുന്ന ആപ്പിളിന്റെ ഐഫോണ്‍ 5 അത്തരം ഫോണായിരിക്കുമെന്ന്
ടെക്ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഒരു ആപ്ലിക്കേഷന്‍ ഡവലപ്പര്‍ നല്‍കിയ വിവരമനുസരിച്ചുള്ളതാണ് റിപ്പോര്‍ട്ട്. സംഭവം ശരിയാണെങ്കില്‍, ഐഫോണ്‍ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാര്‍ത്തയാണിത്. കാരണം ലോകത്തെവിടെയും ഇത്തരം ഐഫോണുമായി ധൈര്യമായി സഞ്ചരിക്കാം, വ്യത്യസ്ത നെറ്റ്‌വര്‍ക്കുകളിലേക്ക് അനായാസം ചുവടുമാറ്റുകയും ചെയ്യാം. ഒക്ടോബറില്‍ ഐഫോണിന്റെ അഞ്ചാംവകഭേദം പുറത്തിറക്കുമെന്നാണ് കരുതുന്നത്.
2007 ജൂണ്‍ 29 ന് പുറത്തു വന്ന ആദ്യ ഐഫോണ്‍ ഒരു ജിഎസ്എം ഫോണ്‍ ആയിരുന്നു. അമേരിക്കയില്‍ എടി ആന്‍ഡ് ടി നെറ്റ്‌വര്‍ക്കാണ് ആദ്യ ഐഫോണിനെ പിന്തുണച്ചത്. 2011 ഫിബ്രവരി പത്തിന് ഐഫോണ്‍ 4 ന്റെ ആദ്യ സിഡിഎംഎ വകഭേദം ആപ്പിള്‍ രംഗത്തെത്തിച്ചു. വെറൈസണ്‍ നെറ്റ്‌വര്‍ക്കാണ് അത് രംഗത്തെത്തിച്ചത്.
ഈ രണ്ട് കമ്പനികളുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന ടെസ്റ്റ് കോഡുകള്‍ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം 5 (iOS5) ഉപയോഗിക്കുന്ന ഒരുപകരണത്തിന്റെ രജിസ്‌ട്രേഷന്‍ ലോഗുകളില്‍ കണ്ടതാണ്, ഐഫോണ്‍ 5 ഇരട്ട മോഡിലായിരിക്കുമെന്ന അനുമാനത്തിന് അടിസ്ഥാനം.
'കോഡ് ഡിവിഷന്‍ മള്‍ട്ടപ്പിള്‍ ആക്‌സസ്' എന്നതിന്റെ ചുരുക്കപ്പേരാണ് സിഡിഎംഎ. അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ക്വാല്‍ക്കം (Qualcomm) വികസിപ്പിച്ച വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡാണിത്. വടക്കേഅമേരിക്കയില്‍ മൊബൈല്‍ രംഗത്ത് മേധാവിത്വം പുലര്‍ത്തുന്നത് ഈ സ്റ്റാന്‍ഡേര്‍ഡാണ്. അന്താരാഷ്ട്ര സംഘടനയായ ജിഎസ്എം അസോസിയേഷന്‍ 1987 ല്‍ കണ്ടെത്തിയ സ്റ്റാന്‍ഡേര്‍ഡാണ് 'ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ്' അഥവാ ജിഎസ്എം.
ഈ രണ്ട് മോഡുകളുമുള്ളതാണ് ഐഫോണ്‍ 5 എങ്കില്‍, അത് 4ജി ആകാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു. എന്നുവെച്ചാല്‍, അത്
എല്‍ടിഇ (LTE) ഫോണ്‍ ആകില്ലെന്ന് സാരം.