കാഴ്ചയില്‍ ഐഫോണ്‍ 4 പോലെ തന്നെയുണ്ടാകും. എന്നാല്‍, വേഗവും കരുത്തും കൂടും. സപ്തംബറില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐഫോണ്‍ 5 ന്റെ വിശേഷങ്ങള്‍ ഇതാണ്.
ഏത് പ്രോസസറായിരിക്കും ഐഫോണ്‍ 5 ല്‍ ആപ്പിള്‍ ഉപയോഗിക്കുകയെന്ന് വ്യക്തമല്ല. എന്നാല്‍, മിക്ക ടെക് വിദഗ്ധരുടെയും പ്രതീക്ഷ, ഐപാഡ് 2 ല്‍ ഉപയോഗിച്ച കരുത്തേറിയ ഡ്യുവല്‍-കോര്‍ എ5 ചിപ്പ് (dual-core A5 chip) ആയിരിക്കും ഐഫോണ്‍ 5 ലേത് എന്നാണ്.
2011 ജൂണിലോ ജൂലായിലോ ആയിരിക്കും ആപ്പിള്‍ അതിന്റെ പുതിയ ഐഫോണ്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സപ്തംബറില്‍ ഉത്പാദനം ആരംഭിക്കാനും വിപണിയിലെത്തിക്കാനും കഴിയും.
ആപ്പിള്‍ 2007 ലാണ് ഐഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. അതിന് ശേഷം ഓരോ വര്‍ഷവും ജൂണില്‍, ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഐഫോണിന്റെ പുതിയ വകഭേദം അവതരിപ്പിക്കുന്നതാണ് പതിവ്.
ഇത്തവണത്തെ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ (WWDC 2011) ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പായ ഐഒഎസ് 5, മാക് ഒഎസ് എക്‌സ് (Mac OS XþLion) എന്നിവ അവതരിപ്പിക്കാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നുണ്ട്.
ഐഒഎസ് 5 ന്റെ ഫീച്ചറുകളില്‍, ഓണ്‍ലൈന്‍ സ്‌റ്റോറേജ് പോലുള്ള ക്ലൗഡ് അടിസ്ഥാന സേവനങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഈമെയിലിനായി സൗജന്യ 'മൊബൈല്‍ മീ' (Mobile Me) സങ്കേതത്തിന്റെ ലഭ്യത, കലണ്ടര്‍, കോണ്‍ടാക്ടുകള്‍ സിങ്ക്രണൈസ് ചെയ്യാനുള്ള സൗകര്യം, ലൊക്കേഷന്‍ കേന്ദ്രത സോഷ്യല്‍ ഫീച്ചറുകള്‍ മുതലായവയും ക്ലൗഡ് സര്‍വീസിന്റെ ഭാഗമായി ഉണ്ടാകും.
ഐഫോണ്‍ 5 ല്‍ പുതിയ ഐഒഎസ് ഉപയോഗിക്കുമെന്നതിനാല്‍, ഈ സൗകര്യങ്ങളൊക്കെ അതിലുണ്ടാകും. മൊബൈല്‍ ഫോണിനെ ക്രെഡിറ്റ് കാര്‍ഡുപോലെ പണമിടപാടിന് ഉപയോഗിക്കാന്‍ സഹായിക്കുന്ന '
നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍' (NFC) ചിപ്പ്, ഐഫോണ്‍ 5 ല്‍ ഉണ്ടാകുമോ എന്നത് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയമാണ്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ സങ്കേതം ഏര്‍പ്പെടുത്തുന്ന കാര്യം 2010 അവസാനം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഈ സംവിധാനം വിന്‍ഡോസ് ഫോണ്‍ 7 ല്‍ ഏര്‍പ്പെടുത്താന്‍ പോകുന്നതായി മൈക്രോസോഫ്റ്റും വെളിപ്പെടുത്തിയിരുന്നു.
ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, ഐഫോണ്‍ 4 നെ അപേക്ഷിച്ച് ഐഫോണ്‍ 5 ലെ പരിഷ്‌ക്കാരങ്ങള്‍ കൂടുതലും ആന്തരികമായിരിക്കും. ബാഹ്യഘടനയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട. ഒരു പ്രധാന മാറ്റം ക്യാമറയുടെ കാര്യത്തിലാകും-അഞ്ചിന് പകരം എട്ടു മെഗാപിക്‌സല്‍.
ഐഫോണിനായി ക്യാമറ സെന്‍സര്‍ രൂപകല്‍പ്പന ചെയ്യുന്നത് സോണിയാണ്. അടുത്തയിടെ ജപ്പാനിലുണ്ടായ സുനാമി ദുരന്തം മൂലം ആപ്പിളിന് ക്യാമറ സെന്‍സര്‍ നിര്‍മിച്ച് നല്‍കുന്നത് വൈകുമെന്ന് സോണി മേധാവി ഹൊവാര്‍ഡ് സ്ട്രിങര്‍ പ്രസ്താവിച്ചിരുന്നു.