കുട്ടികളിലെ വിരശല്യമറിയാന്‍ ഐഫോണ്‍ മൈക്രോസ്‌കോപ്പ്

Posted on: 14 Mar 2013




ആപ്പിളിന്റെ ഐഫോണ്‍ 4 എസിനെ കുട്ടികളിലെ വിരശല്യമറിയാനുള്ള ചെറു മൈക്രോസ്‌കോപ്പായി പരിവര്‍ത്തനം ചെയ്യാമെന്ന് ഗവേഷകര്‍ തെളിയിച്ചു. ടാന്‍സാനിയയിലെ ഗ്രാമീണ മേഖലയില്‍ സ്‌കൂള്‍കുട്ടികളിലെ വിരശല്യം പരിശോധിക്കാനാണ് ചെലിവു കുറഞ്ഞ ഈ മാര്‍ഗം അവര്‍ വിജയകരമായി ഉപയോഗിച്ചത്.

ദരിദ്രരാജ്യങ്ങളിലെ ലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന കൊക്കോപുഴു ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യം, കുറഞ്ഞ ചെലവിലും എളുപ്പത്തിലും പരിശോധിക്കാന്‍ ഇത്തരം സ്മാര്‍ട്ട്‌ഫോണ്‍ മൈക്രോസ്‌കോപ്പുകള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

വെറും എട്ടു ഡോളര്‍ (425 രൂപ) വിലയുള്ള ബാള്‍ ലെന്‍സ്, ക്യാമറ ലെന്‍സില്‍ ഘടിപ്പിച്ചാണ് ഐഫോണ്‍ 4 എസിനെ ചെറു മൈക്രോസ്‌കോപ്പാക്കുന്നത്. ഒപ്പം ഇരുവശമുള്ള ടേപ്പും വിലകുറഞ്ഞ ടോര്‍ച്ചും ഉപയോഗിച്ചു. ലാബ് സ്ലൈഡുകളില്‍ മലത്തിന്റെ സാമ്പിള്‍ വെച്ചിട്ട് അതിന്റെ ചിത്രം ഐഫോണ്‍ മൈക്രോസ്‌കോപ്പുപയോഗിച്ച് പകര്‍ത്തിയാണ് പരിശോധന.

സാമ്പിളില്‍ വിരകളുടെ മുട്ടയുണ്ടോ എന്നറിയുകയാണ് പരിശോധനയുടെ ലക്ഷ്യം. മുട്ടയുണ്ടെങ്കില്‍ കുട്ടിയുടെ ആമാശയത്തില്‍ വിരയുടെ സാന്നിധ്യം ഉറപ്പിക്കാം.

ഒരേ സമ്പിളുകള്‍ തന്നെ സാധാരണ ലാബ് മൈക്രോസ്‌കോപ്പും, ഐഫോണ്‍ മൈക്രോസ്‌കോപ്പും ഉപയോഗിച്ച് പരിശോധിച്ചു. അപ്പോള്‍, ഐഫോണ്‍ മൈക്രോസ്‌കോപ്പിന് 70 ശതമാനം വിരബാധ കണ്ടെത്താന്‍ കഴിഞ്ഞു. അതില്‍ 90 ശതമാനവും രൂക്ഷമായ വിരബാധയായിരുന്നു.

ടൊറന്റോ ജനറല്‍ ഹോസ്പിറ്റലിലെ വിദഗ്ധന്‍ ഡോ.ഐസക് ബൊഗോച്ചിന്റെ നേതൃത്വത്തലാണ് പഠനം നടന്നത്. മസാച്യൂസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റല്‍, സ്വിസ്സ് ട്രോപ്പിക്കല്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്റ്റിട്ട്യൂട്ട് എന്നിവയില്‍ നിന്നുള്ള ഗവേഷകരും പഠനത്തില്‍ പങ്കുചേര്‍ന്നു. 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്‍ഡ് ഹൈജീനി'ലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പഠനത്തിന് എന്തുകൊണ്ട് ഐഫോണ്‍ 4 എസ് ഉപയോഗിച്ചു എന്ന് സംശയം തോന്നാം. അത് തന്റെ സ്വന്തം ഹാന്‍ഡ്‌സെറ്റ് ആയതുകൊണ്ടാണെന്ന് ഡോ.ബൊഗോച്ച് പറഞ്ഞു. 'ദൃശ്യങ്ങള്‍ വലുതാക്കാന്‍ ബാള്‍ ലെന്‍സ് കൂടിയേ തീരൂ. അതൊഴിവാക്കിയാല്‍, സൂം ചെയ്യാവുന്ന നല്ലൊരു ക്യാമറയുള്ള ഏത് മൊബൈല്‍ ഫോണും ഇതിന് പറ്റിയതാണ്-അദ്ദേഹം അറിയിക്കുന്നു.

കുടലിലെ വിരബാധ മൂലം ദുരിതമനുഭവിക്കുന്ന 200 കോടി ആളുകള്‍ ലോകത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ മഹാഭൂരിപക്ഷവും ടാന്‍സാനിയ പോലുള്ള ദരിദ്രരാജ്യങ്ങളിലാണ്. ഇത്തരം വിരബാധമൂലം പോഷകാഹാര കുറവും, വളര്‍ച്ചാ മുരടിപ്പും, മസ്തിഷ്‌ക്ക വളര്‍ച്ച തടസ്സപ്പെടലും സംഭവിക്കാം-ഡോ.ബൊഗോച്ച് പറഞ്ഞു.

ഇത് ലോകം നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ആ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തില്‍ വലിയ മുതല്‍ക്കൂട്ടായേക്കും സ്മാര്‍ട്ട്‌ഫോണ്‍ മൈക്രോസ്‌കോപ്പുകള്‍.
TAGS:


Stories in this Section