ന്യൂയോര്‍ക്ക്: വിമാനയാത്രാവിവരങ്ങളടങ്ങിയ ലെഡ്ജറുകള്‍ക്ക് പകരം പൈലറ്റുമാര്‍ക്ക് ഐപാഡുകള്‍ നല്‍കാന്‍ യു.എസ്. വിമാനകമ്പനിയായ അമേരിക്കന്‍ എയര്‍ലൈന്‍സ് (എ.എ.) തീരുമാനിച്ചു. ആറു മാസത്തെ പരീക്ഷണത്തിനുശേഷമാണ് എ.എ. ഈ തീരുമാനമെടുത്തത്. യു.എസ്. വ്യോമയാന അതോറിറ്റിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ.) ഇതിന് അംഗീകാരം നല്‍കി.
വിമാനത്തിലെ മറ്റ് സംവിധാനങ്ങള്‍ക്കും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഹാനികരമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് എഫ്.എ.എ. ഐപാഡിന്റെ ഉപയോഗം അംഗീകരിച്ചത്. വിമാനത്തില്‍ കോക്പിറ്റിനടുത്താവും ഇതിന്റെ സ്ഥാനം.
ഓരോ വിമാനത്തിന്റെയും പറക്കല്‍ സംബന്ധിച്ച വിവരങ്ങളടങ്ങിയ 18 കിലോയോളം വരുന്ന വലിയ ബുക്കുകളാണ് ഇതുവരെ വിമാനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഇവയെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി ഐപാഡ് പോലുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതോടെ ഭാരം കുറയ്ക്കാനും അതുവഴി ഇന്ധനം സംരക്ഷിക്കാനും ആവും. കൂടാതെ, അവശ്യവിവരങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ വേഗം കണ്ടെത്താനും കഴിയും.
ഡിസംബര്‍ 16 മുതല്‍ എ.എ.യുടെ എല്ലാ വിമാനങ്ങളിലും ഐപാഡ് ഇടം നേടും. വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും ഐപാഡ് ഉപയോഗിക്കാന്‍ പൈലറ്റുമാരെ അനുവദിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഐപാഡുകള്‍ കോക്പിറ്റിന് സമീപം സൂക്ഷിക്കുമ്പോഴും യാത്രക്കാര്‍ വിമാനത്തില്‍ ഇത്തരം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എഫ്.എ.എ. നിയമം കൊണ്ടുവരും. വിമാനത്തിലെ സുരക്ഷ കണക്കിലെടുത്താണിത്. ഈ ഇരട്ടത്താപ്പിനെതിരെ യാത്രക്കാരില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പാത പിന്തുടര്‍ന്ന് മറ്റ് വിമാനക്കമ്പനികളായ അലാസ്‌ക, യുണൈറ്റഡ്, യു. പി.എസ്. എന്നിവയും പേപ്പറിന് പകരം ഐപാഡ് പോലുള്ള സംവിധാനത്തിലേക്ക് മാറുന്ന കാര്യം പരിശോധിച്ചുവരികയാണ്.