മൊബൈല്‍ പരസ്യരംഗത്തേക്ക് ആപ്പിളും

Posted on: 10 Apr 2010


-എം.ബഷീര്‍





ഓണ്‍ലൈന്‍ പരസ്യരംഗത്ത് കുത്തക ഗൂഗിളിനാണെങ്കില്‍ മൊബൈല്‍ പരസ്യരംഗത്ത് ശക്തി തെളിയിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. 'എആഡ്' (iAd) എന്ന പേരിലുള്ള ഈ മൊബൈല്‍ പരസ്യ പ്ലാറ്റ്‌ഫോം ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം 4.0 നൊപ്പം പുറത്തിറക്കാനാണ് പരിപാടി.

ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ പരസ്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐഫോണ്‍ ഡവലപര്‍മാര്‍ക്കും വന്‍കമ്പനികള്‍ക്കും സാധ്യതയൊരുക്കുന്നതായിരിക്കും ഈ പ്ലാറ്റാഫോം. ഐആഡ് ഉപയോഗിച്ച് തയ്യാറാക്കിയ ഏതാനും പരസ്യങ്ങള്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു.

ഉപഭോക്താക്കള്‍ ഇത്തരം പരസ്യങ്ങള്‍ ഇഷ്ടപ്പടില്ലെങ്കില്‍കൂടി സൗജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കൊപ്പം ഇവ ഏകോപിപ്പിക്കുവാനാണ് ഡവലപര്‍മാര്‍ ശ്രമിക്കുന്നത്. ഉപഭോക്താക്കള്‍ക്കിടയില്‍ കാര്യക്ഷമമായി പരസ്യങ്ങള്‍ എത്തിക്കുന്നതിനുള്ള മറ്റു തന്ത്രങ്ങളും അ വര്‍ ആവിഷ്‌കരിക്കുന്നുണ്ട്.

ഐഫോണ്‍ ഉപയോഗിക്കുന്നവരിലേക്ക് എത്താന്‍ കമ്പനികള്‍ക്ക് ഏറ്റവും എളുപ്പം ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ തന്നെയാണെന്നാണ് ആപ്പിള്‍ ഉന്നതരുടെ വാദം. എന്നാല്‍ ഗൂഗിളും ആഡ്‌മൊബും ഈ അഭിപ്രായപ്രകടനത്തെ അത്ര കാര്യമാക്കുന്നില്ല. രണ്ടു കമ്പനികളും ഇപ്പോള്‍ മൊബൈല്‍ പരസ്യങ്ങള്‍ എത്തിക്കുന്നത് മൊബൈല്‍ വെബ് പേജുകളിലൂടെയാണ്.

അതേസമയം, ആഡ് ഏജന്‍സികളും സോഫ്ട്‌വേര്‍ ഡെവലപ്പര്‍മാരും ആപ്പിളിന്റെ നീക്കത്തെ സ്വാഗതം ചെയ്തു. ഐആഡുമായി ബന്ധപ്പെട്ട് പുതിയൊരു മാര്‍ക്കറ്റിംഗ് മേഖല ഒരുക്കാന്‍ ചില കമ്പനികള്‍ തയ്യാറായിക്കഴിഞ്ഞിട്ടുമുണ്ട്.

നിലവില്‍ ശുഷ്‌ക്കമാണെങ്കിലും, ആഗോളതലത്തില്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈല്‍ പരസ്യത്തിന്റേത്. ആ മേഖലയിലുണ്ടാകുന്ന വലിയൊരു മുന്നേറ്റമാണ് ആപ്പിളിന്റെ ഐആഡ് എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഐആഡിലൂടെ മാത്രം ആപ്പിളിന് പ്രതിവര്‍ഷം 250 കോടി ഡോളര്‍ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഒരു പ്രമുഖ മാര്‍ക്കറ്റിങ് വിദഗ്ധന്റെ കണക്കു കൂട്ടല്‍. അതുകൊണ്ടു തന്നെ ഇതൊരു വലിയ നാഴികക്കല്ലാണ്-ബ്രോഡ്‌പോയന്റ് ആംടെകിലെ ബ്രിയാന്‍ മാര്‍ഷല്‍ വിലയിരുത്തുന്നു.

-basheer74@gmail.com
TAGS:
ipad  |  iad  |  apple  |  mobile ads 


Stories in this Section